ജനപ്രിയ വീഡിയോ ഗെയിം സൂപ്പര്‍ മാരിയോ റണ്‍ (Super Mario Run) മാര്‍ച്ച് 23ന് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലും എത്തും. മാതൃകമ്പനിയായ നിന്റന്‍ഡോ (Nintendo) അമേരിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗെയിമിനായുള്ള പ്രീ രജിസ്‌ട്രേഷനും പ്ലേസ്‌റ്റോറില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയ ഗെയിം പൈറസി സംബന്ധിച്ച കാരണങ്ങളാലാണ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമാക്കാന്‍ വൈകിയത്. കെട്ടിലും മട്ടിലും സ്മാര്‍ട്ട്‌ഫോണിന് ഉതകുന്ന മാറ്റങ്ങളോടെയാണ് മാരിയോ എത്തുന്നത്.

ഡൗലോഡിങ്ങും ഗെയിമിന്റെ ആദ്യ ഘട്ടങ്ങളും സൗജന്യമായാണ് നിന്റന്‍ഡോ നല്‍കുന്നത്. എന്നാല്‍ ആദ്യത്തെ ഏതാനും സ്‌റ്റേജുകള്‍ക്ക് ശേഷം ഉപയോക്താക്കള്‍ പേ ചെയ്യേണ്ടിവരും. വേള്‍ഡ് ടൂര്‍, റ്റോഡ് റാലി, കിങ്ഡം ബില്‍ഡര്‍ എന്നീ മോഡുകളാണ് ലഭിക്കുക. ഓണ്‍ലൈന്‍ ഗെയിമായാണ് മാരിയോ എത്തുന്നത്.