Evan Speigal
സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗല്‍.

 

ന്യൂഡല്‍ഹി: ഇന്ത്യക്ക് എതിരായ സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ആപ്ലിക്കേഷന്റെ പേജില്‍ ഇന്ത്യക്കാരുടെ പൊങ്കാല. പ്ലേ സ്‌റ്റോറിലെ സ്‌നാപ്ചാറ്റിന്റെ പേജില്‍ ഇന്ത്യക്കാര്‍ കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ്. സിഇഒയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കമന്റുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

സ്‌നാപ്ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യയും സ്‌പെയിനും പോലുള്ള ദരിദ്ര രാജ്യങ്ങളിലെ സേവനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ്‌ ഇവാന്‍ പറഞ്ഞത്. സ്‌നാപ്ചാറ്റ് സിഇഒയുടെ പരാമര്‍ശം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ട്വിറ്ററില്‍ സ്‌നാപ്ചാറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് #BoycottSnapchat എന്ന ഹാഷ്ടാഗും വ്യാപക പ്രചാരം നേടി.

ഇതിനു പിന്നാലെയാണ് പ്ലേസ്‌റ്റോര്‍ പേജിലും പ്രതിഷേധം അരങ്ങേറുന്നത്. ആപ്പിന് ഒരു സ്റ്റാര്‍ റേറ്റിങ് മാത്രം നല്‍കിയ ശേഷമാണ് കമന്റുകള്‍ ഇടുന്നത്. ഇതോടെ സ്‌നാപ്ചാറ്റിന്റെ മൊത്തത്തിലുള്ള റേറ്റിങ്ങും താഴേക്ക് പതിക്കുകയാണ്.

Snapchat
സ്‌നാപ്ചാറ്റ് പ്ലേസ്‌റ്റോര്‍ പേജിലെ കമന്റുകള്‍.

 

പ്രതിഷേധം ശക്തമായതോടെ സിഇഒ ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നത്തിയിട്ടില്ലെന്ന വിശദീകരണവുമായി സ്‌നാപ്ചാറ്റ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഒരു മുന്‍ ജീവനക്കാരന്‍ സിഇഒ സ്പീഗലുമായി നടത്തിയ സംഭാഷണം തെറ്റായ രീതിയില്‍ പുറത്തുവിടുകയായിരുന്നെന്നാണ് സ്‌നാപ്ചാറ്റ് പറയുന്നത്. പോംപ്‌ലിയാനോ എന്നയാളാണ് വിവരം പുറത്തുവിട്ടതെന്നും ഇയാള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് ജോലി ചെയ്യുന്നതെന്നും സ്‌നാപ്ചാറ്റ് വിശദീകരണത്തില്‍ പറയുന്നു.