സ്‌നാപ് ചാറ്റ് സി.ഇ.ഓയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പണികിട്ടി ഇന്ത്യന്‍ ഇ കോമേഴ്‌സ് ആപ്ലിക്കേഷനായ സ്‌നാപ് ഡീല്‍. സ്‌നാപ് ചാറ്റുമായി പേരിലുള്ള സാമ്യതയാണ് സ്‌നാപ് ഡീലിന് വിനയായത്. ഈ വിഷയത്തില്‍ യാതൊരു തെറ്റും ചെയ്യാത്ത സ്‌നാപ് ഡീലിനെതിരെ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

സ്‌നാപ് ചാറ്റിന് ലഭിക്കേണ്ട ചീത്തവിളിയില്‍ വലിയൊരു ഭാഗം വന്നു പതിക്കുന്നത് ഇപ്പോള്‍ സ്‌നാപ് ഡീലിന്റെ ഫീഡ് ബാക്ക് ബോക്‌സിലാണ്. ഈ വിവാദത്തിന്റെ പേരില്‍ നിരവധി 1 സ്റ്റാര്‍ റേറ്റിങ്ങുകളാണ് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും ഐഓഎസ് ആപ്പ് സ്റ്റോറിവലും സ്‌നാപ് ഡീലിന് ഇപ്പോള്‍ ലഭിക്കുന്നത്. 

സ്‌നാപ് ചാറ്റ് സമ്പന്നര്‍ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യ സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങളെ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നുമായിരുന്നു സ്‌നാപ് ചാറ്റ് സി.ഇ.ഒ  ഇവാന്‍ സ്പീഗലിന്റെ പരാമര്‍ശം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് മാതൃകയില്‍ ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ കോമേഴ്‌സ് സ്ഥാപനമാണ് സ്‌നാപ് ഡീല്‍.