സിഇഒ ഇവാന്‍ സ്പീഗലിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യക്കാരുടെ സൈബര്‍ ആക്രമണത്തിന് വിധേയമായ മള്‍ട്ടി മീഡിയ ആപ്ലിക്കേഷന്‍ സ്‌നാപ്ചാറ്റ് വിശദീകരണവുമായി രംഗത്ത്. സിഇഒ ഇന്ത്യക്കാര്‍ക്ക് എതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിലെ സ്‌നാപ്ചാറ്റ് ഉപയോക്താക്കളോട് നന്ദിയാണ് ഉള്ളതെന്നും കമ്പനി വക്താവ് പറഞ്ഞു.

സ്‌നാപ്ചാറ്റ് ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നാണ് സിഇഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞത്. എന്നാല്‍, തങ്ങളുടെ മുന്‍ ജോലിക്കാരനായ അന്തോണി പോംപ്ലിയാനോ വ്യാജപ്രചാരണം നടത്തുകയാണെന്നാണ് സ്‌നാപ്ചാറ്റ് പറയുന്നത്.

'സ്‌നാപ്ചാറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്! ലോകത്തെവിടെയും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം' സ്‌നാപ്ചാറ്റ് വക്താവ് പറഞ്ഞു.

സ്‌നാപ്ചാറ്റ് സിഇഒയുടെ പരാമര്‍ശം വന്നതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ വ്യാപകമായി സ്‌നാപ്ചാറ്റ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ആപ്ലിക്കേഷന്റെ പ്ലേസ്‌റ്റോര്‍ പേജ് ഇന്ത്യക്കാര്‍ സിഇഒയ്ക്ക് എതിരായ കമന്റുകൊണ്ട് നിറച്ചു. ഒപ്പം സിംഗിള്‍ സ്റ്റാര്‍ റേറ്റിങും നല്‍കിയാണ് ഇന്ത്യക്കാര്‍ പ്രതികരിച്ചത്.