വാഷിംങ്ടണ്‍:  ബഹിരാകാശ യാത്രികര്‍ക്കുള്ള പുതിയ സ്പേസ് സ്യൂട്ട് മോഡല്‍ പുറത്തുവിട്ട് സ്പേസ് എക്സ് മേധാവി എലന്‍ മസ്‌ക്. പുതിയ മോഡലിന്റെ ഡിസൈന്‍ രണ്ടാം തവണയാണ് പുറത്തു വരുന്നതെങ്കിലും ഫുള്‍ ലുക്കിലുള്ള ഡിസൈന്‍ ഇതാദ്യമായാണ്. മസ്‌ക് ഓഗസ്റ്റ് ആദ്യം പുറത്തു വിട്ട ചിത്രത്തില്‍ സ്യൂട്ടിന്റെ മേല്‍ഭാഗം മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂവെങ്കില്‍ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രത്തില്‍ ഹെല്‍മെറ്റ് അടക്കമുള്ള ഫുള്‍ ലുക്ക് മോഡല്‍ കാണാം.

elon musk

നാസ ഡിസൈന്‍ ചെയ്ത എക്സ്ട്രാ വെഹിക്കുലാര്‍ മൊബിലിറ്റി യൂണിറ്റ്‌സ് (ഇഎംയു) മോഡലാണ് ഇപ്പോള്‍ നാസയുടെ ബഹിരാകാശ യാത്രികര്‍ ഉപയോഗിക്കുന്നത്. 15 വര്‍ഷത്തെ ഡിസൈന്‍ ലൈഫാണ് ഇഎംയു നല്‍കുന്നതെങ്കിലും മോഡല്‍ വികസിപ്പിച്ച് 40 വര്‍ഷം പിന്നിടുമ്പോഴും ചില പരിഷ്‌കാരങ്ങളൊഴികെ ഇഎംയു മോഡലില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗ്ലൗവ്സ് ചൂടാക്കാനുള്ള സംവിധാനം, ഹെല്‍മെറ്റ് ക്യാമറ, ലൈറ്റ് തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ സ്യൂട്ടില്‍ കൂട്ടിച്ചേര്‍ത്തിരുന്നുവെങ്കിലും ഹെല്‍മെറ്റില്‍ വെള്ളം ചോരുന്നതടക്കം നിരവധി പോരായ്മകളും ഇഎംയുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ബഹിരാകാശ യാത്രികര്‍ക്കായി പുതിയ മോഡല്‍ സ്പേസ് സ്യൂട്ട് രൂപകല്‍പ്പന ചെയ്തതായി നേരത്തെ നാസ വെളിപ്പെടുത്തിയിരുന്നു. സ്യൂട്ടിന്റെ എല്ലാ ഘടകങ്ങള്‍ക്കുമൊപ്പം 20 പൗണ്ട് ഭാരമാണ് പുതിയ മോഡലിനുള്ളതെന്നും സ്പേസ് ഷട്ടില്‍ യാത്രികര്‍ ഉപയോഗിക്കുന്ന സ്യൂട്ടിനേക്കാളും 10 പൗണ്ട് ഭാരം പുതിയ മോഡലിന് കുറവാണെന്നും നാസ വ്യക്തമാക്കിയിരുന്നു.

മസ്‌കിന്റെ സ്പേസ് എക്സ് ഡിസൈന്‍ ചെയ്ത ഹെല്‍മെറ്റ് അടക്കം ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ഡിസൈനാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുതിയ ഡിസൈന്‍ സ്യൂട്ട് ധരിച്ച് 2018ല്‍ നാസ ബഹിരാകാശ യാത്രികരെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബഹിരാകാശ യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമാവും വിധത്തിലാണ് ഭാരക്കുറവുള്ള പുതിയ സ്യൂട്ട് മോഡലിന്റെ ഡിസൈന്‍. ഏറെ സമ്മര്‍ദ്ദമുള്ള മേഖലയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ സഞ്ചാരികളെ സഹായിക്കുന്ന വിധത്തിലാണ് സ്യൂട്ടിന്റെ രൂപകല്‍പ്പന. സ്പേസ്എക്സിലെ മാര്‍വല്‍, ജോസ് ഫെര്‍ണാണ്ടസ്, മസ്‌ക് എന്നിവര്‍ ചേര്‍ന്നാണ് പുതിയ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.