ചൈനയിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം ഷവോമിയുടെ റെഡ്മി 4എ (Xiaomi Redmi 4A) ഇന്ത്യന്‍ വിപണിയില്‍ എത്തി. 5,999 രൂപ വിലയുള്ള ഫോണ്‍ ഈ ശ്രേണിയിലുള്ള മറ്റു ഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സവിശേഷതകളുമായാണ് എത്തുന്നത്.

5 ഇഞ്ച് സ്‌ക്രീനുള്ള ഫോണിന്റെ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ശ്രദ്ധേയമായ സവിശേഷത. പ്ലാസ്റ്റിക് (പോളികാര്‍ബണേറ്റ്) ബോഡിയാണ് ഫോണിന്റേത്. ഡ്യുവല്‍ സിം സവിശേഷതയുള്ള റെഡ്മി 4എയില്‍ 4ജി വോള്‍ട്ടി (4G VoLTE) പിന്തുണയും ലഭിക്കും. ഡ്യുവല്‍ സിം സ്ലോട്ടുള്ള ഹൈബ്രിഡ് ട്രേയില്‍ രണ്ട് സിമ്മുകളോ ഒരു സിമ്മിനൊപ്പം മെമ്മറി കാര്‍ഡോ ഉപയോഗിക്കാം.

ഈ മാസം 23 അര്‍ധരാത്രി മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യ (Amazon India) വെബ്‌സൈറ്റിലും ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായി മി.കോമിലും (Mi.com) ലഭ്യമാകും. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് നിറങ്ങളിലുള്ള ഫോണുകളാവും വ്യാഴാഴ്ച എത്തുക. റോസ് ഗോള്‍ഡ് നിറത്തിലുള്ള 4എ ഫോണുകള്‍ ഏപ്രില്‍ ആറു മുതല്‍ മി.കോമില്‍ ലഭ്യമാകും. ഫോണിന് ഓഫ്‌ലൈന്‍ വിപണനം ഇല്ല.

Xiaomi Redmi 4A

ഫോണും ചാര്‍ജിങ് അഡാപ്റ്ററും യുഎസ്ബി കേബിളും ഉള്‍പ്പെടുന്നതാണ് റെഡ്മി 4എയുടെ പായ്ക്കിങ്. ഇയര്‍ഫോണ്‍ ഫോണിനൊപ്പം ലഭിക്കില്ല. പായ്ക്കില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ടാഗോടെയാണ് ചൈനീസ് കമ്പനി റെഡ്മി 4എ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

റെഡ്മിയുടെ പ്രധാന സവിശേഷതകള്‍

  • 5 ഇഞ്ച് ഡിസ്‌പ്ലേ (720x1280 പിക്‌സല്‍)
  • ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോ ഓപ്പറേറ്റിങ് സിസ്റ്റം
  • 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍
  • 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
  • 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ്
  • എല്‍ഇഡി ഫ്‌ളാഷ് ഉള്ള 13 മെഗാപിക്‌സല്‍ മുഖ്യ ക്യാമറ
  • 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ
  • 4ജി വോള്‍ട്ടി പിന്തുണ
  • വൈഫൈ, ജിപിഎസ് കണക്ടിവിറ്റി
  • 3120 എംഎഎച്ച് ബാറ്ററി