സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ രാജാക്കന്‍മാരായ സാംസങ്ങിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകളായ ഗ്യാലക്‌സി എസ് 8 (Galaxy S8), എസ് 8 പ്ലസ് (Galaxy S8 Plus) ഫോണുകള്‍ പുറത്തിറങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗ്യാലക്‌സി സീരീസിലെ പുതിയ മോഡലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

5.8 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഗ്യാലക്‌സി എസ്8 വിപണിയില്‍ എത്തുന്നത്. സമാനമായ 6.2 ഇഞ്ചാണ് എസ്8 പ്ലസിന്റേത്. ഫോണിന്റെ മുന്‍ഭാഗം പരമാവധി ഉപയോഗപ്പെടുത്തുന്ന രൂപകല്‍പനയില്‍ എത്തുന്ന ഡിസ്‌പ്ലേയ്ക്ക് 'ഇന്‍ഫിനിറ്റ് ഡിസ്‌പ്ലേ' എന്നാണ് സാംസങ് പേരുനല്‍കിയിരിക്കുന്നത്. കോര്‍ണിങ് ഗറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവും രണ്ടു ഫോണുകള്‍ക്കും നല്‍കിയിട്ടുണ്ട്.

12 മെഗാപിക്‌സല്‍ 'ഡ്യുവല്‍ പിക്‌സല്‍' ആണ് ഇരു ഫോണുകളുടെയും റിയര്‍ ക്യാമറകള്‍. മുന്‍ ക്യാമറ 8 മെഗാപിക്‌സലും. ക്വല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 എസ്ഒസിയാണ് ഇരുഫോണുകള്‍ക്കും കരുത്തേകുക. 1.9 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ ആണ് പ്രൊസസര്‍. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 256 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 

Samsung Galaxy S8

ആന്‍ഡ്രോയ്ഡ് 7 ന്യുഗട്ടിലാകും പുതിയ മോഡലുകള്‍ പ്രവര്‍ത്തിക്കുക. എസ്8ല്‍ 3000 എംഎഎച്ച് ബാറ്ററിയും എസ്8 പ്ലസില്‍ 3500 എംഎഎച്ച് ബാറ്ററിയുമാണ് സാംസങ് നല്‍കിയിരിക്കുന്നത്. ഫെയ്‌സ് ഡിറ്റക്ഷന്‍, ഐറിസ് സ്‌കാനര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ അണ്‍ലോക്കിങ് സവിശേഷതകളും ഇവയിലുണ്ട്.

ഏപ്രില്‍ 21 മുതല്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഫോണുകളുടെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും എസ്8ന് 750 ഡോളറും (ഏകദേശം 48,700 രൂപ) എ്‌സ്8 പ്ലസിന് 850 ഡോളറും (ഏകദേശം 55,200 രൂപ) ആയിരിക്കും വിലയെന്നാണ് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിക്‌സ്ബി വിര്‍ച്വല്‍ അസിസ്റ്റന്റ്

പുതിയ ഫ്‌ളാഗ്ഷിപ്പുകള്‍ക്കൊപ്പം ബിക്‌സിബി (Bixby) വോയ്‌സ് അസിസ്റ്റന്റും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. എസ്8ലും പ്ലസിലും ബിക്‌സ്ബി പ്രീ ഇന്‍സ്റ്റാള്‍ഡ് ആയി ഉണ്ടാകും. ആപ്പിള്‍ സിരി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടുകൂടിയ വോയ്‌സ് ബേസ്ഡ് വിര്‍ച്വല്‍ അസിസ്റ്റന്റാണ് ബിക്‌സ്ബി.

സ്‌ക്രീനില്‍ എന്ത് സംഭവിക്കുന്നു എന്ന മനസ്സിലാക്കുന്നു എന്നതാണ് ബിക്‌സ്ബിയുടെ പ്രത്യേകതയെന്ന് ലോഞ്ചിങ് ചടങ്ങില്‍ സാംസങ് സീനിയര്‍ ഡയറക്ടര്‍ ശ്രീറാം തോഡ്‌ല പറഞ്ഞു. വോയ്‌സ്, ടച്ച്, ഇമേജ് തുടങ്ങിയ വഴി ഇന്‍പുട്ട് നല്‍കുന്നതോടൊപ്പം ഉപയോക്താവിന്റെ ശീലങ്ങള്‍ക്കും ലൊക്കേഷനും അനുസരിച്ച് മികച്ച റിസല്‍ട്ട് നല്‍കാനും ബിക്‌സ്ബിയ്ക്കാകുമെന്ന് കമ്പനി പറയുന്നു.

ഉദാഹരണത്തിന് രാവിലെ സ്ഥിരമായി വാര്‍ത്ത വായിക്കുന്നയാള്‍ക്ക് വാര്‍ത്ത ഏറ്റവും മുകളില്‍ നല്‍കുകയും ഉബര്‍ സ്ഥിരമായി വിളിക്കുന്നയാള്‍ക്ക് അതിനുള്ള റിസല്‍ട്ടുകള്‍ വേണ്ടസമയത്ത് നല്‍കുകയും ചെയ്യും. വീട്ടിലോ ഓഫീസിലോ എത്തുമ്പോള്‍ ഓര്‍മിക്കേണ്ട കാര്യങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ ഇവിടെയെത്തുന്ന സമയത്ത് ലൊക്കേഷന്‍ മനസ്സിലാക്കി റിമൈന്‍ഡര്‍ നല്‍കാനും ബിക്‌സ്ബിയ്ക്ക് സാധിക്കും.

ഡെക്‌സ് ഡോക്ക്

ഡെക്‌സ് ഡോക്ക് (DeX dock) ആണ് സാംസങ് പുതുതായി അവതരിപ്പിച്ച മറ്റൊരു സംവിധാനം. പുതിയ മോഡലുകളെ ഡെസ്‌ക്‌ടോപ് രീതിയിലേക്കി മാറ്റി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണിത്. 

DeX Dock

ഡെക്‌സ് ഡോക്ക് ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിലേക്ക് കണക്ടാവുന്ന ഫോണിന്റെ സ്‌ക്രീന്‍ മോണിറ്ററില്‍ തെളിയുന്നു. ഉപയോക്താവിന് അനായാസം മൗസ്, കീബോര്‍ഡ് ഉപയോഗിച്ച് ഫയലുകള്‍ മാനേജ് ചെയ്യാനോ സ്ലൈഡുകള്‍ നിര്‍മിക്കാനോ ഈ സംവിധാനത്തില്‍ സാധിക്കും.