Galaxy Note 8 Sketch
നോട്ട് 8 സ്‌കെച്ച്. കടപ്പാട്: സ്ലാഷ് ലീക്ക്‌സ്.

 

ഈ വര്‍ഷം പുറത്തുവരാനിക്കുന്ന ഗ്യാലക്‌സി നോട്ട് സീരിസിലെ പുതിയ ഫോണിന്റെ ഡിസൈന്‍ സ്‌കെച്ചും സവിശേഷതകളും ചോര്‍ന്നു. സ്ലാഷ് ലീക്‌സ് സൈറ്റ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 29ന് ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകള്‍ പുറത്തുവരാനിരിക്കെയാണ് നോട്ട് 8നെ (Samsung Galaxy Note 8) സംബന്ധിച്ച വിവരങ്ങള്‍ സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തേ ചോര്‍ന്ന ഗ്യാലക്‌സി എസ്8ന്റെ ഡിസൈന് സമാനമായ രൂപകല്‍പനയാണ് നോട്ട് 8നും എന്നാണ് പുറത്തുവന്നിരിക്കുന്ന സ്‌കെച്ച് വ്യക്തമാക്കുന്നത്. മുകളിലും താഴെയുമുള്ള ബോഡി പാനലിന്റെ വീതി പരമാവധി കുറച്ച് ഡിസ്‌പ്ലേയ്ക്ക് കൂടുതല്‍ ഇടംനല്‍കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്.

സ്ലാഷ് ലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്ന സ്‌കെച്ചില്‍ ഹോം ബട്ടണ്‍ ഇല്ല. ഫോണിന്റെ കീഴ്ഭാഗത്ത് എസ് പെന്‍ സ്ലോട്ടും യുഎസ്ബി പോര്‍ട്ടും ഓഡിയോ ജാക്കും നല്‍കിയിരിക്കുന്നു. ഫോണിന്റെ മുകള്‍ഭാഗത്താണ് സിം ഇടുന്നതിനുള്ള സ്ലോട്ട് നല്‍കിയിരിക്കുന്നത്. മുകളിലും താഴെയും സ്പീക്കറുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സ്‌കെച്ചില്‍ നിന്ന് വ്യക്തമാകുന്നത്.

നോട്ട് 8ന്റെ ഏതാനും സവിശേഷതകളും സ്‌കെച്ചിനൊപ്പം പുറത്തുവന്നിട്ടുണ്ട്. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് 4കെ ഡിസ്‌പ്ലേ ആയിരിക്കും ഫോണിന്. യുഎസ് മാര്‍ക്കറ്റില്‍ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റും പ്രതീക്ഷിക്കാം.

6 ജിബി റാം, 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന സ്‌റ്റോറേജ് തുടങ്ങിയ വമ്പന്‍ സവിശേഷതകളും ചോര്‍ന്ന വിവരങ്ങളിലുണ്ട്. എന്നാല്‍ പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് സാംസങ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.