എച്ച്ടിസിയുടെ ഏറ്റവും പുതിയ യു 11 പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18:6 അനുപാതത്തില്‍ ആറ് ഇഞ്ച് വലിപ്പമുള്ള ഫോണിന് വലിയ ബാറ്ററി ശേഷിയാണുള്ളത്. 

56,990 രൂപയാണ് ഫോണിന് വില. വെള്ളി നിറത്തിലുള്ള ഫോണ്‍ ഫെബ്രുവരി ഏഴ് മുതല്‍ ഫ്‌ലിപ്പ് കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും. താമസിയാതെ ഫോണിന്റെ സെറാമിക് ബ്ലാക്ക് നിറത്തിലുള്ള പതിപ്പും വിപണിയിലെത്തുമെന്ന് എച്ച്ടിസി അറിയിച്ചു.

യു 11 ഫോണില്‍ നിന്നും ചെറിയമാറ്റങ്ങള്‍ മാത്രമാണ് യു 11 പ്ലസ് സ്മാര്‍ട്‌ഫോണ്‍. ആറ് ഇഞ്ച് സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ പുതുമകളിലൊന്ന്. എല്‍ജി, സാംസങ്, വണ്‍പ്ലസ് കമ്പനികളുടെ ഏറ്റവും പുതിയ ഫോണുകളുകളുടെ ഡിസ്‌പ്ലേയ്ക്ക് സമാനമാണ് യു 11 പ്ലസിന്റെ ഡിസ്‌പ്ലേ. ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ പിന്നിലേക്ക് മാറ്റി, 3930 mAh ബാറ്ററിയാണ് യു 11 പ്ലസിന്റെ മറ്റൊരു പ്രത്യേകത.  

വിലയേറിയ ഫോണ്‍ ആയതുകൊണ്ടുതന്നെ സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിനുള്ളത്. ആറ് ജിബി റാമും 128 ജിബി സ്‌റ്റോറേജും യു 11 പ്ലസിനുണ്ട്. രണ്ട് ടെറാ ബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും ഫോണില്‍  സാധിക്കും. 

അതേസമയം ക്യാമറയുടെ കാര്യത്തില്‍ യു 11 പ്ലസ് പിന്നിലാണ്. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറയുമാണിതിന്.