ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവാവേയുടെ സഹ സ്ഥാപനമായ ഹോണര്‍ പുതിയൊരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. 'ഹോളി 4' എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 11,999 രൂപയാണ് വില. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഇതിനുള്ളത്.

മെറ്റാലിക് ഡിസൈനില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. അതിവേഗ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ ഇതിന്റെ പ്രധാന സവിശേഷതയാണ്. 

3,020 എംഎഎച്ചിന്റെ ബാറ്ററിയാണ് ഹോളി 4 നുള്ളത്. ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 430 ഒക്ടാകോര്‍ 64 ബിറ്റ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ടാവും. 128 ജിബി വരെ ഇത് വര്‍ധിപ്പിക്കുകയും ചെയ്യാം. 

ടൈംലാപ്‌സ്, സ്ലോ മോഷന്‍, പ്രൊ വീഡിയോ പ്രൊ പിക്ചര്‍ തുടങ്ങിയ മോഡുകള്‍ ഹോളി 4 സ്മാര്‍ട്‌ഫോണിന്റെ ക്യാമറയില്‍ ലഭ്യമാണ്.