മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണുകളുടെ വിപണനത്തിനായി ചൈനീസ് കമ്പനിയായ വാവെ ( Huaewei ) ആരംഭിച്ച ഉപബ്രാന്‍ഡാണ് ഹോണര്‍. ഓണ്‍ലൈന്‍ വഴി മാത്രമേ ഹോണര്‍ ഫോണുകള്‍ ആദ്യകാലത്ത് വാങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ ചില മൊബൈല്‍ റീട്ടെയ്ല്‍ കടകളിലും ഹോണര്‍ ഫോണുകള്‍ കിട്ടാനുണ്ട്. 

ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡലാണ് ഹോണര്‍ 6എക്‌സ്. ജനുവരി ആദ്യവാരം ലാസ്‌വെഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ ( CES 2017 ) യില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഈ ഫോണ്‍, അടുത്തയാഴ്ച ഇന്ത്യയിലും വില്പന ആരംഭിക്കും. ജനുവരി 24 മുതല്‍ ആമസോണ്‍ വഴിയായിരിക്കും 6എക്‌സിന്റെ കച്ചവടം.    

1080X1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി സ്‌ക്രീനാണ് ഹോണര്‍ 6എക്‌സിലുണ്ടാവുക. മൂന്ന് ജിബിറാം, 32 ജിബി സ്റ്റോറേജ്/ നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ഈ ഫോണിനുണ്ട്. ഒക്ടാകോര്‍ പ്രൊസസര്‍ ഫോണിന് വേഗം പകരുന്നു. 

Honor 6X

ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ അധിഷ്ഠിതമായ ഇഎംയുഐ 4.1 യൂസര്‍ ഇന്റര്‍ഫേസിലാണ് ഹോണര്‍ 6എക്‌സ് പ്രവര്‍ത്തിക്കുന്നത്. ഫോണിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയ്ഡ് നൂഗട്ട് പതിപ്പിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് വാവെ ഉറപ്പുപറയുന്നു.  

12 മെഗാപിക്‌സലിന്റെയും രണ്ട് മെഗാപിക്‌സലിന്‍െയും സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറയാണ് ഫോണിന്റെ പിന്‍വശത്തുള്ളത്. ഫേസ് ഡിറ്റക്ഷന്‍, എച്ച്ഡിആര്‍, പനോരമ, ടച്ച്-ഫോക്കസ്, ജിയോ-ടാഗിങ് എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങള്‍ സമ്മാനിക്കുന്നു ഈ ഇരട്ട ക്യാമറ. എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. 

ഊരിയെടുക്കാനാവാത്ത തരത്തിലുള്ള 3340 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 249.99 ഡോളറിനാണ് (17,020 രൂപ) ഹോണര്‍ 6എക്‌സ് അമേരിക്കയില്‍ വില്‍ക്കുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ വില അല്‍പ്പം കുറയാനിടയുണ്ട്.