ഫ്ലിപ്കാർട്ട് സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഡ്യുവല്‍ ലെന്‍സ് ക്യാമറയോടുകൂടിയ ബില്ല്യണ്‍ കാപ്ച്ചര്‍ പ്ലസ് സ്മാര്‍ട്‌ഫോണ്‍ ആണ് നവംബര്‍ 15ന് ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തിറക്കാനൊരുങ്ങുന്നത്. ഫോണിന്റെ 3 ജിബി റാം പതിപ്പിന് 10,000 രൂപയും 4ജിബി റാം പതിപ്പിന് 12,999 രൂപയുമായിരിക്കും വില.

'ബില്ല്യണ്‍' എന്ന ഫ്ലിപ്കാർട്ടിന്റെ സ്വകാര്യ ലേബലില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്ന് കമ്പനി പറയുന്നു. 2.5 ഡി ഡ്രാഗണ്‍ട്രെയ്ല്‍ ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 

ക്യുവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസറില്‍ 3ജിബി/4ജിബി പതിപ്പുകളിലായാണ് ഫോണ്‍ പുറത്തിറങ്ങുക. ഇവയുടെ സ്റ്റോറേജ് യഥാക്രമം 32 ജിബി, 64 ജിബി എന്നിങ്ങനെ ആയിരിക്കും. 128 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കുകയും ചെയ്യാം.

മികച്ച ക്യാമറാ ഫീച്ചറുകളായിരിക്കും ഫോണിലുണ്ടാവുകയെന്ന് തീര്‍ച്ചയാണ്. 13 മെഗാപിക്‌സലിന്റെ രണ്ട ക്യാമറയാണ് ഫോണിന് പിന്നിലുള്ളത്. സൂപ്പര്‍ നൈറ്റ് മോഡ്, ബോകെ ഇഫക്റ്റ് എന്നിവയെല്ലാം ക്യാമറയിലുണ്ടാവുമെന്ന് ഫ്‌ലിപ്കാര്‍ട്ട് പറയുന്നു. ആര്‍ജിബി, മോണോക്രോം സെന്‍സറുകള്‍ ഉപയോഗിച്ചാണ് ബില്യണ്‍ ക്യാപ്ച്ചര്‍ പ്ലസ് സ്മാര്‍ട്‌ഫോണില്‍ ബോകെ ഇഫക്റ്റ് കൊണ്ടുവരുന്നത്. 8 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 

ഫോണില്‍ 3,500 mAh ന്റെ ബാറ്ററിയാണുണ്ടാവുക. ഇതില്‍ രണ്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നും  125 നഗരങ്ങളിലായി 130 സര്‍വ്വീസ് സെന്ററുകള്‍ തങ്ങള്‍ക്കുണ്ടാവുമെന്നും കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റും ലഭിക്കും.