Saturday,
July 26,
2014

ഫയര്‍ഫോക്‌സ് ഫോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ഈബേ വഴി

    |    Aug 13, 2013

ഫയര്‍ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ബ്രിട്ടനിലും അമേരിക്കയിലും വില്‍പ്പനയ്‌ക്കെത്തുന്ന 'സെഡ്.ടി.ഇ. ഓപ്പണ്‍ ' ( ZTE Open ) എന്ന ഫയര്‍ഫോക്‌സ് ഫോണ്‍ ഈകൊമേഴ്‌സ് സൈറ്റായ ഈബേ വഴി മാത്രമാണ് ഇരുരാജ്യങ്ങളിലും വില്‍ക്കുന്നത്. വില 79.99 ഡോളര്‍ (ഏതാണ്ട് 4900 രൂപ).

സ്‌പെയിന്‍, കോളംബിയ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെലിഫോണിക്ക ഇതിനകം സെഡ്.ടി.ഇ.ഓപ്പണ്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. സ്‌പെയിനില്‍ ജൂലായ് ആദ്യവാരമാണ് ഫോണിന്റെ വില്‍പ്പന തുടങ്ങിയത്.

പൂര്‍ണമായും എച്ച്ടിഎംഎല്‍ 5 അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോഗിക്കുന്നു എന്ന സവിശേഷതയും ഫയര്‍ഫോക്‌സ് ഫോണിനുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ വഴി 'പുതുമയുടെ പുതിയൊരു തരംഗം' സൃഷ്ടിക്കപ്പെടുമെന്ന് ഫയര്‍ഫോക്‌സ് വെബ്ബ് ബ്രൗസറിന്റെ ചുമതലയുള്ള മോസില്ല അറിയിച്ചു.

ആദ്യമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്നവരെയാണ് പുതിയ ഫോണ്‍ ഉന്നംവെയ്ക്കുന്നതെന്ന്, ചൈനീസ് ഹാന്‍ഡ്‌സെറ്റ് നര്‍മാതാക്കളായ സെഡ്.ടി.ഇ. പറഞ്ഞു.

3.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള സെഡ്.ടി.ഇ.ഓപ്പണ്‍ ഫോണില്‍ 3.2 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്; 1 GHz പ്രൊസസറും.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമും അരങ്ങുവാഴുന്ന വേദിയിലേക്കാണ് ഫയര്‍ഫോക്‌സ് ഒഎസ് എത്തുന്നത്.
TAGS:
zte  |  mozilla  |  firefox os  |  ebay  |  zte open  |  html5