Thursday,
October 02,
2014

മൊബൈലില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് സാംസങ് ഇടംനല്‍കുന്നു

    |    Sep 17, 2013

മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കവും ആപ്ലിക്കേഷനുകളും നല്‍കാന്‍ സാംസങ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി മുതല്‍ പ്രാദേശികാഭാഷകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് സാംസങ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഒപ്പം 15000 രൂപയില്‍ താഴെ വിലയുള്ള രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന മേഖലയാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടേത്. ആ മത്സരത്തിന് ആക്കംകൂട്ടാന്‍ സാംസങിന്റെ നീക്കം പ്രേരകമായേക്കും.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 49 ശതമാനം വിഹിതം കൈയടക്കിവെച്ചിരിക്കുന്നത് സാംസങാണ്. ഹിന്ദി, മറാഠി, ഗുജറാത്തി, മലയാളം, ബംഗ്ലാളി, കന്നഡ, തെലുങ്ക്, തമിഴ്, പഞ്ചാബി എന്നീ ഭാഷകളില്‍ക്കൂടി ഉള്ളടക്കവും ആപ്ലിക്കേഷനുകളും നല്‍കുന്നത്, ഇന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് സാസങ്.

മിഡ് സെഗ്മെന്റ് വിപണിയെ ലക്ഷ്യമാക്കി രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയത്, സാംസങ് ഇന്ത്യ (മൊബൈല്‍ ബിസിനസ്) മേധാവി വിനീറ്റ് തനേജയാണ്. എന്നാല്‍ , പുതിയ ഫോണുകളുടെ വില കൃത്യമായി എത്രയാകുമെന്ന് വെളിപ്പെടുത്തിയില്ല.

5000 നും 15,000 രൂപയ്ക്കും മധ്യേയായിരിക്കും പുതിയ ഫോണുകളുടെ വിലയെന്ന് സാംസങ് സൂചിപ്പിച്ചു. നോക്കിയ ലൂമിയ 520, ലൂമിയ 620 ഫോണുകളും, ബ്ലാക്ക്ബറി കര്‍വ് ശ്രേണിയിലെ ഫോണുകളും മൈക്രോമാക്‌സ് ക്യാന്‍വാസ്, ക്‌സോലോ സ്മാര്‍ട്ട്‌ഫോണ്‍ ശ്രണികളുമെല്ലാം ഈ വില പരിധിയില്‍ വരുന്നവയാണ്.

ഗാലക്‌സി നോട്ട് 3 ഫാബ്‌ലറ്റ് സാംസങ് അവതരിപ്പിച്ചത് ചൊവ്വാഴ്ചയാണ്. ഇപ്പോള്‍ 5000 രൂപയ്ക്കും (സാംസങ് സ്റ്റാര്‍) 39,000 രൂപയ്ക്കും (ഗാലക്‌സി എസ്4) ഇടയ്ക്ക് വിലയുള്ള 17 സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങിന്റേതായി ഇന്ത്യന്‍ വിപണിയിലുണ്ട്.


x