Friday,
August 28,
2015

നോക്കിയയുടെ മൂന്ന് ലൂമിയ ഫോണുകള്‍ കൂടി ഇന്ത്യയിലേക്ക്

  
അമേയ എസ്. രാജ്‌
    |    Aug 13, 2013
ലൂമിയ 925


നോക്കിയയുടെ ലൂമിയ പരമ്പരയില്‍പെട്ട മൂന്ന് ഫോണുകള്‍കൂടി ഇന്ത്യന്‍ വിപണിയിലേക്ക്. ലൂമിയ 625, ലൂമിയ 925 എന്നിവ ആഗസ്ത് അവസാനവാരത്തിനുള്ളിലും ലൂമിയ 1020 ഒക്ടോബറിന് മുമ്പും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ലൂമിയ 925 ന്റെ മുന്‍കൂര്‍ ബുക്കിങ് ഓണ്‍ലൈന്‍ വിപണന സൈറ്റ് ആയ ഫ്ലിപ്കാര്‍ക്കിലും (Flipkart.com) ആരംഭിച്ചിട്ടുണ്ട്. 33,999 രൂപയാണ് വില. മറ്റ് രണ്ട് മോഡലുകളുടെ വിലസംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

1280 X 768 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 4.5 ഇഞ്ച് അമോലെഡ് ഡ്യൂഫര്‍ സെന്‍സിറ്റീവ് ടച്ച് സ്‌ക്രീനാണ് ലൂമിയ 925 ന്റേത്.

1.5 ജിഗാ ഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, വണ്‍ ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ഏഴ് ജി.ബി. സൗജന്യ ക്ലൗഡ് സ്റ്റോറേജ്, 8.7 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 1.2 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മുന്‍ക്യാമറ, ഡ്യുവല്‍ എല്‍.ഇ.ഡി. പ്ലാഷ്, 2000 എം.എ.എച്ച്. ബാറ്ററി, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ലൂമിയ 625


800 X 480 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. സ്‌ക്രീനാണ് ലൂമിയ 625 ന്റേത്. വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ 1.2 ജിഗാ ഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ്. 512 എം.ബി.യാണ് റാം. ഇന്റേണല്‍ മെമ്മറി എട്ട് ജി.ബി.യും. മെട്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജി.ബി. വരെ വര്‍ധിപ്പിക്കാം. ഒപ്പം ഏഴ് ജി.ബി. സൗജന്യ ക്ലൗഡ് സ്റ്റോറേജുമുണ്ട്. എല്‍.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാ പിക്‌സലിന്റേതാണ് പിന്‍ക്യാമറ. വീഡിയോ കോളിങ്ങിനായി മുന്‍കാമറയുമുണ്ട്.

2000 എം.എ.എച്ച്. ബാറ്ററി ടുജിയില്‍ 23.9 മണിക്കൂറും ത്രീജിയില്‍ 15.2 മണിക്കൂറും തുടര്‍ച്ചയായ സംസാരസമയം വാഗ്ദാനം ചെയ്യുന്നു. 220 യൂറോ അതായത് പതിനെട്ടായിരത്തോളം രൂപയാണ് വിദേശവിപണിയില്‍ ഫോണിന്റെ വില. നികുതികള്‍ ഉള്‍പ്പെടെ ഇത് ഓരോ രാജ്യത്തും അല്പം വ്യത്യാസപ്പെടും.

ക്യാമറയുടെ കരുത്തുകൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയ ഫോണാണ് ലൂമിയ 1020. 41 മെഗാ പിക്‌സലാണ് ഇതിന്റെ പ്രധാന ക്യാമറ. നോക്കിയയുടെതന്നെ പ്രോക്യാമറ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ കാപ്ചറിങ് സംവിധാനം ഉപയോഗിച്ച് ഒരേസമയം രണ്ട് റെസല്യൂഷനുകളിലുള്ള ചിത്രം പകര്‍ത്താം. 38 മെഗാ പിക്‌സല്‍, അഞ്ച് മെഗാ പിക്‌സല്‍ എന്നിങ്ങനെയാണിവ. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും ഉപയോഗിക്കാനാണ് കുറഞ്ഞ പിക്‌സലിലുള്ള ഫോട്ടോ.

ലൂമിയ 1020


1280 X 768 പിക്‌സല്‍ റെസല്യൂഷനിലുള്ള 4.5 ഇഞ്ച് അമോലെഡ് ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 1.5 ജിഗാ ഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഡ്യൂവല്‍ കോര്‍പ്രോസസ്സര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, ഏഴ് ജി.ബി. സൗജന്യ ക്ലഡ്‌സ്റ്റോറേജ്, 1.2 മെഗാ പിക്‌സല്‍ വൈഡ് ആംഗിള്‍ മുന്‍ക്യാമറ, 2000 എം.എ. എച്ച്. ബാറ്ററി, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

സര്‍വീസ് ദാതാക്കളുമായുള്ള രണ്ടുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് അമേരിക്കയില്‍ ഫോണ്‍ വില്‍ക്കുന്നത്. ഇതുപ്രകാരം 300 ഡോളറാണ് (18000 രൂപ) അവിടുത്തെ വില. ഇന്ത്യയില്‍ നേരിട്ട് വില്പന നടത്തുമ്പോള്‍ ഇത് നാല്പതിനായിരത്തിനടുത്ത് ആയിരിക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ കുത്തക നഷ്ടമായെങ്കിലും നോക്കിയയെ ഗൃഹാതുരതയോടെ കാണുന്നവര്‍ക്ക് കൈയില്‍ അല്പമധികം കാശുണ്ടെങ്കില്‍ ഇവ വൈകാതെ സ്വന്തമാക്കാം.
ameyasraj@gmail.com
TAGS:
nokia  |  lumia 1020  |  lumia 625  |  lumia 925  |  windows phone 8  |  lumia  |  indian mobile market