Monday,
December 22,
2014

പുതിയ ഐഫോണ്‍ സപ്തംബര്‍ പത്തിനെന്ന് റിപ്പോര്‍ട്ട്

    |    Aug 12, 2013
ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ അതിന്റെ പുതിയ ഐഫോണ്‍ മോഡല്‍ സപ്തംബര്‍ പത്തിന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ഐഫോണാകും ആപ്പിള്‍ അവതരിപ്പിക്കുകയെന്ന് ടെക്‌നോളജി ബ്ലോഗായ 'ഓള്‍ തിങ്‌സ് ഡി' ( AllThingsD ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മത്സരം മുറുകുന്ന സമയത്താണ് ആപ്പിള്‍ പുതിയ ഐഫോണ്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണെന്നാല്‍ ഐഫോണ്‍ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത് മാറിയിരിക്കുന്നു. വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകളും സാംസങ് പോലുള്ള കമ്പനികളും ആപ്പിളിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ഐഫോണിനേ കഴിയൂ എന്ന സാഹചര്യവും മാറിയിരിക്കുന്നു. പുതുമകളുമായെത്തുന്ന ഒട്ടേറെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉപയോക്താക്കള്‍ക്ക് ഏറ്റുവാങ്ങിയത് അതിന്റെ സൂചനയാണ്.

ഈ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ആവനാഴിയിലെ ഏത് ആയുധമാകും പുതിയ ഐഫോണിനെ ആകര്‍ഷണീയമാക്കുക എന്ന ആകാംക്ഷയിലാണ് ആപ്പിള്‍ ആരാധകര്‍.

സ്‌ക്രീന്‍ വലിപ്പം കൂടിയ ഐഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത ആപ്പിള്‍ തേടുന്നതായി ജൂണില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, വിലകുറഞ്ഞ, വ്യത്യസ്ത നിറങ്ങളുള്ള ഐഫോണ്‍ മാതൃകകള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
TAGS:
apple  |  iphone  |  smartphone 


x