മികവിനുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗെയിം ആണ് 2015ല്‍ റിലീസ് ആയ 'വിച്ചര്‍ 3: വൈല്‍ഡ് ഹണ്ട്' ( The Witcher 3: Wild Hunt ). ഇതിന് മുന്‍പ് ഇറങ്ങിയ വിച്ചര്‍ ഗെയിമുകളും ഹിറ്റ് ആയിരുന്നു. ആദ്യ രണ്ടുഗെയിമിന്റേയും തുടര്‍ക്കഥ തന്നെയാണ് വിച്ചര്‍ 3. പോളണ്ടില്‍ നിന്നുള്ള 'സിഡി പ്രോജക്റ്റ്' എന്ന കമ്പനിയാണ് വിച്ചര്‍ സീരിസ് ഡെവലപ്പ് ചെയ്തിരിക്കുന്നത്.

പഴയ കാലഘട്ടത്തില്‍ നടക്കുന്ന കഥ ആയത് കൊണ്ട് തോക്കും കാറും പോലെയുള്ള ആധുനിക ഉപകരണങ്ങളൊന്നും ഈ ഗെയിമിലില്ല. കുതിരപ്പുറത്താണ് നമ്മള്‍ സഞ്ചരിക്കുന്നത്, അതേ പോലെ വാളാണ് നമ്മുടെ ആയുധം. ഈ ഗെയിമിന്റെ കേന്ദ്രകഥാപാത്രങ്ങള്‍ രണ്ടുപേരാണ്-ഒരു വിച്ചറായ ഗെറാള്‍ഡും, അദ്ദേഹത്തിന്റെ വളര്‍ത്തു മകളായ സിറിയും. ഗെറാള്‍ഡിനെ ആണ് നമുക്ക് നിയന്ത്രിക്കാന്‍ കഴിയുക, സിറിയെ ഇടക്ക് നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും അത് കഥയുടെ  കുറച്ചു ഭാഗത്തു  മാത്രമേ ഉള്ളൂ.

ഭൂമിയിലെ ഭീകരജീവികളെ കൊല്ലാന്‍ വേണ്ടി പ്രത്യേക പരിശീലനം നല്‍കുന്ന സ്‌കൂള്‍ ആണ് 'വിച്ചര്‍ സ്‌കൂള്‍'. അവിടെ പഠിച്ചിറങ്ങുന്നവരെ വിളിക്കുന്ന പേരാണ് 'വിച്ചേഴ്‌സ്'. അപകടകരമായ പരീക്ഷകളും കടമ്പകളും കടന്നു വേണം ഈ പഠനം പൂര്‍ത്തിയാക്കാന്‍. അപകടങ്ങളുടെ അളവ് കൂടുതല്‍ ആയത് കൊണ്ട് തന്നെ അവിടെ പഠിക്കുന്നവരില്‍ പത്തില്‍ മൂന്നു പേര് മാത്രമേ ജീവനോടെ പഠനം പൂര്‍ത്തിയാക്കൂ. ബാക്കിയുള്ളവര്‍ മരിക്കാറാണ് പതിവ്. 

The Witcher 3 : Wild Hunt

ഇപ്പൊള്‍ പക്ഷേ പണ്ടത്തെ പ്രതാപമൊന്നും വിച്ചര്‍ സ്‌കൂളിനില്ല, ഗെറാള്‍ഡിനേപ്പോലെ വിരളില്‍ എണ്ണാവുന്നത്ര വിച്ചറുകള്‍ മാത്രമേ ഭൂമിയിലുള്ളു. വിച്ചറുകളുടെ ജോലി ഭീകരജീവികളെ കൊല്ലുന്നത് ആണെങ്കിലും മനുഷ്യരെ കൊല്ലേണ്ടി വരുന്ന  ഒരുപാട് അവസരങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ട് എല്ലാ വിച്ചര്‍മാരും രണ്ടുവാളാണ് കൊണ്ടുനടക്കുന്നത്-ഭീകര ജീവികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ വാളും, മനുഷ്യര്‍ക്കെതിരെ ഉപയോഗിക്കുന്ന സ്റ്റീല്‍ വാളും.

The Witcher 3 : Wild Hunt

വളരെ മനോഹരമായ ലോകമാണ് വിച്ചറില്‍ ഒരുക്കിയിരിക്കുന്നത്. പല നാട്ടിലേക്കും നമുക്ക് യാത്ര ചെയ്യാന്‍ സാധിക്കും. അവിടെയൊക്കെയുളള കാലാവസ്ഥയും രാഷ്ട്രീയവും ഭീകരജീവികളും ജനങ്ങളുമൊക്കെ വ്യത്യസ്തം ആയിരിക്കും.   പണ്ട് കാണാതായ മകളെ കണ്ടെത്താനായാണ് ഗെറാള്‍ഡിന്റെ യാത്ര മുഴുവനും. എങ്കിലും എത്തിചേരുന്ന നാട്ടില്‍ എന്തെങ്കിലും ഭീകരജീവി ശല്യം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും നമുക്ക് കഴിയും. 

അങ്ങിനത്തെ ഒരുപാട് ജോലികള്‍ ഓരോ നാട്ടിലും ഉണ്ടാവും. അത് ചെയ്യണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. അങ്ങനെ ഭീകരജീവിയെ കൊല്ലാനുള്ള ജോലിയെ കോണ്‍ഡ്രാക്റ്റ് എന്നാണ് പറയുക. 

ഏതെങ്കിലും ഒരു ഭീകരജീവിയെ കൊല്ലുന്നതായിരിക്കും ഓരോ കോണ്‍ഡ്രാക്റ്റിന്റേയും അവസാനം. പക്ഷെ ഒരിക്കലും നമുക്ക് അത് ബോറിംഗ് ആയി തോന്നില്ല. കാരണം ഓരോ കോണ്‍ഡ്രാക്റ്റിനും അതിന്റേതായ പ്രത്യേക കഥയും കഥാപാത്രങ്ങളും ഒക്കെയുണ്ടാവും. മിക്കതിലും ഭീകരജീവി ഏതാണെന്നു മനസിലാക്കാന്‍ അന്വേഷണം നടത്തേണ്ടി വരും. 

ഭീകരജീവി ആക്രമണം ഉണ്ടായ സ്ഥലത്തു പോയി ഭീകരജീവിയുടെ കാല്‍പ്പാടും മറ്റു തെളിവുകളും ഒക്കെ ശേഖരിച്ച ശേഷം ആണ് എങ്ങിനെയാണ് മുന്നോട്ടു പോവേണ്ടത് എന്ന് നമ്മള്‍ തീരുമാനിക്കേണ്ടത്. ഓരോ ഭീകരജീവിയെ കൊല്ലുന്നതും  പല രീതിയിലാണ്. ചിലതിനെ കൂട്ടില്‍ ചെന്ന് കൊല്ലും, ചിലതിനെ ഇര വെച്ച് ആകര്‍ഷിച്ചു വരുത്തി കെണിയിലാക്കി കൊല്ലും, മറ്റു  ചിലതിനെ പ്രത്യേക എണ്ണ പുരട്ടിയ വാള് വെച്ച് കൊല്ലും....അങ്ങിനെ ഒരുപാട് വഴികളുണ്ട്. 

The Witcher 3 : Wild Hunt

ഇപ്പോഴത്തെ മിക്ക ഗെയിമുകളിലും കഥ എങ്ങിനെ പോകണം എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയുമെങ്കിലും കഥയുടെ ഓരോ ചെറിയ ഭാഗങ്ങളിലും നമുക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന അപൂര്‍വം ഗെയിമുകളില്‍ ഒന്നാണ് വിച്ചര്‍ ത്രീ. ഒരു മിഷന്‍ എങ്ങിനെ ചെയ്യണം എന്നത് മുതല്‍ എങ്ങിനെ തീര്‍ക്കണം എന്നത് വരെ നമുക്ക് തീരുമാനിക്കാന്‍ സാധിക്കും. മാത്രമല്ല വിച്ചറിലെ തീരുമാനങ്ങള്‍ 'നല്ലത്', 'ചീത്ത' എന്ന രീതിയില്‍ ഉള്ളവയല്ല, എല്ലാ തീരുമാനങ്ങള്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകും. കളിക്കുന്ന വ്യക്തിയുടെ ചിന്താഗതി അനുസരിച്ചു ഏതാണോ കൂടുതല്‍ യോജിക്കുന്നതായി തോന്നുന്നത് എന്ന് വെച്ചാല്‍ അത് തിരഞ്ഞെടുക്കാം. ഏതു തീരുമാനം എടുത്താലും അതിന്റെയെല്ലാം അനന്തര ഫലവും പിന്നീട് ഉണ്ടാവും. 

The Witcher 3 : Wild Hunt

വളരെ വിശാലമായ ലോകമാണ് വിച്ചറിലേത്. ഓരോ തവണ കളിക്കുമ്പോഴും ഇതുവരെ കാണാത്ത പുതിയ പുതിയ കാര്യങ്ങള്‍ ഉണ്ടാവും. ബോറടിക്കാതെ മാസങ്ങള്‍ കളിക്കുവാനുള്ള വക ഈ ഗെയിമിലുണ്ട്. ഇനി ഇറങ്ങാന്‍ പോവുന്ന ഗെയിമുകള്‍ക്ക് വിച്ചര്‍ ത്രീ ആയിരിക്കും അളവുകോല്‍.

പിസിയിലും, എക്‌സ്‌ബോക്‌സ് വണ്ണിലും, പ്ലേസ്റ്റേഷന്‍ ഫോറിലും ഈ ഗെയിം ലഭ്യമാണ്. ഇറങ്ങിയ സമയത്ത് 3500 രൂപയായിരുന്നു വിലയെങ്കിലും, ഇപ്പോള്‍ ഏകദേശം 1500 രൂപക്ക് വിച്ചര്‍ 3 കിട്ടും. ജി.ഓ.ജി പോലെയുള്ള സൈറ്റുകളില്‍ നിന്നോ സ്റ്റീം ക്ലയന്റില്‍ നിന്നോ വിച്ചര്‍ 3 വാങ്ങി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ ആമസോണ്‍ പോലെയുള്ള സൈറ്റുകളില്‍ നിന്ന് സിഡി വാങ്ങിയും കളിക്കാം.