ഫ്രൈഡ് ചിക്കന്‍ വില്‍പനയില്‍ ആഗോള ബ്രാന്‍ഡായ കെന്റക്കി ഫ്രൈഡ് ചിക്കന്‍ അഥവാ കെഎഫ്‌സി, യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പരീക്ഷണവുമായി രംഗത്ത്.  സ്‌പെഷ്യല്‍ മീല്‍ ബോക്‌സിനൊപ്പം ഒരു ഗെയിംപാഡ്  സൗജന്യമായി നല്‍കിയാണ് കെഎഫ്‌സിയുടെ പരീക്ഷണം. കെഎഫ്‌സി ഇന്ത്യയും ശീതളപാനീയ ബ്രാന്റായ മൗണ്ടന്‍ഡ്യൂവും ചേര്‍ന്നാണ് ഗെയിമേഴ്‌സ് ബോക്‌സ് 2.0 ( Gamer's Box 2.0) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം രംഗത്തിറക്കിയിരിക്കുന്നത്.

ഗെയിം പാഡുകള്‍ ഉപയോഗിച്ച് ഗെയിം കളിക്കുന്നതിന്റെ സുഖം സ്മാര്‍ട് ഫോണുകളിലെ ടച്ച് സ്‌ക്രീന്‍ കണ്‍ട്രോളര്‍ വഴി സാധിക്കില്ലെന്നത് ഗെയിം പ്രിയരായ ആളുകള്‍ക്ക് അറിയുന്ന കാര്യമാണ്. അങ്ങനെ ഒരു സാധ്യതയാണ് കെഎഫ്‌സിയും പരീക്ഷിച്ച് നോക്കിയത്.

കെഎഫ്‌സി നല്‍കുന്ന പുതിയ മീല്‍ ബോക്‌സിന് മുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ ഘടിപ്പിക്കാനുള്ള പ്രത്യേകം സ്ലോട്ട് ഉണ്ട്. ഒപ്പം ബോക്‌സിന് ഇരു വശത്തുമായി ഗെയിം പാഡ് ബട്ടനുകളും. സ്മാര്‍ട്‌ഫോണ്‍ ആ സ്ലോട്ടില്‍ ഘടിപ്പിച്ചതിന് ശേഷം ഗെയിം പാഡ് ബട്ടനുകള്‍ ഉപയോഗിച്ച് ഫോണിലെ ഗെയിമുകള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാം. 

ബ്ലടൂത്ത് വഴിയാണ് സ്മാര്‍ട്‌ഫോണിനെ ഗെയിം പാഡുമായി ബന്ധിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ്,ഐഓഎസ് സ്മാര്‍ട് ഫോണുകളുമായി ഗെയിം പാഡ് നിങ്ങള്‍ ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. സാധാരണ സ്മാര്‍ട് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് തന്നെ ഗെയിംപാഡ് നിങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാം. പാക്-മാന്‍(Pac-Man), ടെമ്പിള്‍ റണ്‍, റെട്രോ റേസിങ്, വാര്‍ബ്ലേഡ് എച്ച്ഡി, റഷ് സിറ്റി തുടങ്ങിയ ഗെയിമുകളും ഗെയിമേഴ്‌സ് ബോക്‌സ് 2.0 വഴി കളിക്കാം. 

ഒരു കാര്യം കൂടി, ലിമിറ്റഡ് എഡിഷന്‍ ഉല്‍പന്നമായ ഗെയിമേഴ്‌സ് ബോക്‌സ് ആകെ പത്തെണ്ണം മാത്രമാണ് രംഗത്തിറക്കിയിട്ടുള്ളത്.

ഗെയിമേഴ്‌സ് ബോക്‌സില്‍ ഗെയി കളിക്കുന്നത് കാണാം