'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ' (ജിറ്റിഎ) സീരിസിലെ ഒരു ഗെയിമെങ്കിലും കളിച്ചിട്ടില്ലാത്തവര്‍ അപൂര്‍വ്വമായിരിക്കും. ആ പരമ്പരയിലെ പുതിയ ഓരോ ഗെയിം റിലീസ് ആവുമ്പോഴും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറാറാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല, എല്ലാ രീതിയിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഈ സീരിസിലെ അഞ്ചാമത്തെ ഗെയിം ആയ 'ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ ഫൈവും' ( Grand Theft Auto V ) രൂപപ്പെടുത്തിയിരിക്കുന്നത്. 

ഈ പരമ്പരയില്‍ മുമ്പിറങ്ങിയവയില്‍ നിന്ന് പല കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഗെയിമാണ് ജിറ്റിഎ ഫൈവ്.  ഉദാഹരണത്തിന് ഇതില്‍ മൂന്ന് നായകന്മാരുണ്ട്- മൈക്കിള്‍, ഫ്രാങ്കളിന്‍, ട്രീവര്‍. അവരെ  മാറി മാറി നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വവും പ്രത്യേക കഴിവുകളുമൊക്കെയുണ്ട്. 

ക്രിമിനല്‍ ജീവിതത്തില്‍ നിന്നും വിരമിച്ചു കുടുംബത്തോടൊപ്പം കഴിയുന്ന  മധ്യവയസ്‌ക്കനായ വ്യക്തിയാണ് മൈക്കിള്‍. അദ്ദേഹത്തിന്റെ കുടുംബപ്രശ്‌നങ്ങളും ജീവിതപ്രശ്‌നങ്ങളും ആണ് ഗെയിമിലെ വലിയ ഒരു ഭാഗം. ഒരു ഷാര്‍പ്പ് ഷൂട്ടര്‍ കൂടിയാണ് മൈക്കിള്‍.

Grand Theft Auto V, Video Game

രണ്ടാമത്തെ വ്യക്തിയായ ഫ്രാങ്കളിന്‍ ഒരു ഗാങ്സ്റ്റര്‍ ആണ്. പക്ഷെ ആ ജീവിതം മടുപ്പായതുകൊണ്ട് ഇനിയും ഉയരങ്ങളിലേക്ക്  എത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയിലാണ് മൈക്കിളിനെ ഫ്രാങ്കളിന്‍ പരിചയപ്പെടുന്നത്. അധികം വൈകാതെ അദ്ദേഹം മൈക്കിളിന്റെ വലംകയ്യായി മാറും. ഫ്രാങ്കളിന്‍ ഒരു നല്ല ഡ്രൈവറാണ്. സ്ലോ മോഷനില്‍ വണ്ടി ഓടിക്കാനൊക്കെ അദ്ദേഹത്തിന് കഴിവുണ്ട്. 

മൂന്നാമനായ ട്രീവര്‍ മൈക്കിളിന്റെ പഴയ കൂട്ടുകാരനും പങ്കാളിയുമായിരുന്നു, വളരെ സങ്കീര്‍ണ്ണമായ ബന്ധമാണ് ട്രീവറും മൈക്കിളും തമ്മിലുള്ളത്. കഥയുടെ ആധാരവും ഇത് തന്നെ. എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച ട്രീവര്‍ ഒരു നല്ല പൈലറ്റാണ്. 

Grand Theft Auto V, Video Game

ജിറ്റിഎ പരമ്പരയിലെ എല്ലാ ഗെയിമിന്റെയും പ്രധാന സവിശേഷത, യഥാര്‍ത്ഥ ജീവിതത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഇതിലും നമുക്ക് സാധിക്കും എന്നതാണ്. ജിറ്റിഎ ഫൈവിലും അങ്ങിനെ തന്നെ. ടെന്നീസ്, യോഗ, നീന്തല്‍, റേസിംഗ്, വേട്ടയാടല്‍, വിമാനം പറത്തല്‍ തുടങ്ങി ഒട്ടനവധി ആക്റ്റിവിറ്റികളും ഇതിലുണ്ട്. 

അതുപോലെ തന്നെ, ഈ ഗെയിമിലെ സാധാരണക്കാര്‍ പോലും യഥാര്‍ത്ഥ ജീവിതത്തിലേതു പോലെയാണ് പെരുമാറുന്നത്. ഉദാഹരണത്തിന് ചില മലയുടെ മുകളില്‍ നമ്മള്‍ ചെന്നാല്‍ അവിടെ ട്രെക്കിങിന് വന്നവരെ കാണാം, പട്ടിയേം കൊണ്ട് നടക്കാനിറങ്ങിയവരെ കാണാം, സിനിമാ തീയേറ്ററിന്റെ മുന്നില്‍ നിന്ന് ആളുകള്‍ തര്‍ക്കിക്കുന്നത് കാണാം..... ഇങ്ങിനെയുള്ള കൊച്ചു കൊച്ചു വിശദാംശങ്ങളാണ് ഗെയിമിന് ജീവന്‍ നല്‍കുന്നത്. 

Grand Theft Auto V, Video Game

വളരെ മനോഹരമായ നാടാണ് ഇതിന്റെ ഡിസൈനേഴ്‌സ് ഉണ്ടാക്കിയിരിക്കുന്നത്. പലപ്പോഴും മിഷന്റെ ഇടക്ക് വണ്ടി നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിച്ചു പോവും. അങ്ങിനെയുള്ള ഇഷ്ട്ടപ്പെട്ട ഓര്‍മകള്‍ സൂക്ഷിച്ചുവെക്കാന്‍ വേണ്ടി സെല്‍ഫി എടുക്കാനും ഇതില്‍ ഓപ്ഷന്‍ ഉണ്ട്.

ജിറ്റിഎ ഫൈവില്‍ നമുക്ക് എന്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. കഥയും നമ്മുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് മുന്നോട്ട് പോവുന്നത്. ബാങ്ക് കൊള്ളയടിക്കാന്‍ പോകുമ്പോള്‍ ഏതു രീതിയില്‍ ചെയ്യണമെന്നും ആരൊക്കെ നമ്മുടെ സഹായത്തിന് വരണമെന്നുമെല്ലാം നമുക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. 

Grand Theft Auto V, Video Game

മുമ്പുള്ള ജിറ്റിഎ ഗെയിമുകളില്‍ ഒരാളെ കൊല്ലുകയോ അല്ലെങ്കില്‍ എന്തെങ്കിലും മോഷ്ടിച്ചുകൊണ്ട് വരുകയോ ഒക്കെ ആരുന്നു ഏകദേശം എല്ലാ മിഷന്റെയും അടിസ്ഥാനം. പക്ഷെ പുതിയ ഗെയിമില്‍ ഒരുപാട് വ്യത്യസ്തത  കൊണ്ടുവന്നിട്ടുണ്ട്. ഒരു മിഷനും എങ്ങിനെ ആയിരിക്കും തീരുന്നതെന്നു നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ ഗെയിം ഓണ്‍ലൈനിലും കളിക്കാന്‍ കഴിയും. കൂട്ടുകാരുടെ കൂടെ ബാങ്ക് കൊള്ള നടത്തല്‍ പോലുള്ള ആക്റ്റിവിറ്റികള്‍ ചെയ്യാംനാകും.

അമിത വയലന്‍സ് മാത്രമാണ് കുറ്റമായി പറയാന്‍ പറ്റുന്നത്. പ്രധാനമായും ട്രീവര്‍ എന്ന കഥാപാത്രത്തിനെ വെച്ച് ഒരുപാട് വയലന്റ് സീനുകള്‍ ഉണ്ട്. നിരൂപകരുടെ വലിയ വിമര്‍ശനം ഏറ്റു വാങ്ങിയ ഒരു കാര്യമായിരുന്നു അത്. അത് കൊണ്ട് തന്നെ പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ ഈ ഗെയിം കളിക്കരുത്.

Grand Theft Auto V, Video Game

പി സി യിലും ( PC ) പ്ലേസ്റ്റേഷനിലും ( PS3 and PS4 ) എക്‌സ്‌ബോക്‌സിലും ( Xbox one and Xbox 360 ) ഈ ഗെയിം ലഭ്യമാണ്. ആമസോണ്‍ ( Amazon ) പോലെയുള്ള ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സിഡി ആയി വാങ്ങാം, അല്ലെങ്കില്‍ സ്റ്റീം ( Steam ) പോലെയുള്ള ക്ലയന്റില്‍ നിന്ന് വാങ്ങി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 

ധാരാളംപ്രശസ്തമായ ഗെയിമുകള്‍ ഡിസൈന്‍ ചെയ്ത റോക്സ്റ്റാര്‍ ( Rockstar ) എന്ന കമ്പനിയാണ് ഈ ഗെയിമും നിര്‍മിച്ചിരിക്കുന്നത്. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില. 

Grand Theft Auto V, Video Game

ഓപ്പണ്‍ വേള്‍ഡ് ഗെയിമുകളുടെ ചരിത്രത്തില്‍ തീര്‍ച്ചയായും വലിയൊരു സ്ഥാനം 2013ല്‍ റിലീസ് ആയ ജിറ്റിഎ ഫൈവിനുണ്ട്. ഒരു ബിഗ് ബജറ്റ്  ഹോളിവുഡ് സിനിമക്ക് വേണ്ടത്ര പണം ചിലവാക്കിയാണ് ഈ ഗെയിം ഇറക്കിയത്. അതില്‍ കൂടുതല്‍ പണം തിരിച്ചു പിടിക്കാനും ഇതിന് കഴിഞ്ഞു. എല്ലാ രീതിയിലും ഈ ഗെയിം ഒരു മാസ്റ്റര്‍പീസ് തന്നെയാണ്.