ചൈനയിലെ ഇലക്ട്രോണിക് ഭീമന്മാരായ  ഷവോമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വൈ ടെക്‌നോളജി (YI) പുതിയ ആക്ഷൻ ക്യാമറയുമായി രംഗത്ത്. ലോകത്തെ ആദ്യ 4  കെ/ 60 എഫ്.പി.എസ് ആക്ഷൻ ക്യാമറ എന്ന പ്രത്യേകതയോടെ എത്തിയിരിക്കുന്ന ഈ ക്യാമറ മറ്റു പ്രമുഖ ബ്രാൻഡുകളുടെ ആക്ഷൻ ക്യാമറകൾക്ക്  വെല്ലുവിളിയാകും. റോ (RAW) ഫോര്‍മാറ്റില്‍ ഫോട്ടോകള്‍ പകര്‍ത്താനും കഴിയുന്ന   '4  കെ പ്ലസ്' എന്ന ആക്ഷൻ ക്യാമറയാണ് 'വൈ' വിപണിയിലെത്തിച്ചിരിക്കുന്നത്.

നിരവധി അംഗീകാരങ്ങൾ നേടിയ  'വൈ 4  കെ' ആക്ഷൻ ക്യാമറയുടെ പിൻഗാമിയായാണ് പുതിയ ക്യാമറ എത്തിയിരിക്കുന്നത്. പഴയ ക്യാമറയുടെ ഇരട്ടി എഫ്.പി.എസ് സാധ്യമാകുന്ന 'പ്ലസ്'  വേർഷനിൽ 60 എഫ്.പി.എസിൽ റിക്കോർഡ് ചെയ്യുന്ന ആക്ഷൻ ദൃശ്യങ്ങൾ വേറിട്ട അ‌നുഭവമാകും സമ്മാനിക്കുക. ഈ പ്രത്യേകതയാണ് 4  കെ പ്ലസിനെ ലോകത്തെ മികച്ച ആക്ഷൻ ക്യാമറ എന്ന് വിളിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പ്രേരിപ്പിക്കുന്നത്.

വൈ 4 കെ യുമായി താരതമ്യം ചെയ്യുമ്പോൾ  

'വൈ 4  കെ' ആക്ഷൻ ക്യാമറയുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി മാറ്റങ്ങളോടെയാണ്  '4  കെ പ്ലസ്'  എത്തിയിരിക്കുന്നത്. 4  കെ/ 60 എഫ്.പി.എസ്, 4  കെ/ 30 എഫ്.പി.എസ് എന്നീ രണ്ടു വ്യത്യസ്ത ക്യാപ്ചറിങ് ഓപ്‌ഷനോടെയെത്തുന്ന ക്യാമറയ്ക്ക് 4  കെ/ 30 എഫ്.പി.എസ് മോഡിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈപ്പ്- സി യു.എസ്.ബി 3.0 ഇന്റർഫേസോടെ എത്തുന്ന ഈ ആക്ഷൻ ക്യാമറയ്ക്ക് കരുത്തേകുന്നത് ക്വാഡ് കോർ, 64 ബിറ്റ് എ.ആർ.എം കോർടെക്സ് പ്രൊസസറുമായെത്തുന്ന അംബാറില്ല എച്ച് 2 ചിപ്പ് സെറ്റാണ്. വോയ്‌സ് കമാൻഡിൽ  പ്രവർത്തിപ്പിക്കാവുന്ന പുതിയ ക്യാമറയുടെ റാം 2 ജിബിയാണ്.

സെൻസർ, ഡിസ്‌പ്ലേ

2.19 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമായി അവതരിപ്പിച്ചിരിക്കുന്ന ആക്ഷൻ ക്യാമറയുടെ സെൻസർ സോണി നിർമിതമാണ്. 12 മെഗാപിക്സല്‍ പരമാവധി റിസൊലൂഷന്‍ നല്‍കുന്ന ' IMX377- എക്സ്‌മോർ ആർ'  സെന്‍സര്‍ 7പാളികളുള്ള ഗ്ലാസ് ലെന്‍സ്‌ പിടിപ്പിച്ചാണ് എത്തിയിരിക്കുന്നത്. ഈ ലെന്സ് അസ്സംബ്ലി  155 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ( FOV)  വാഗ്‌ദാനം ചെയ്യുന്നു. 2 .8 എന്ന  മികച്ച അപ്പർച്ചർ മൂല്യം  കൂടുതൽ മിഴിവാർന്ന ചിത്രങ്ങൾ പകർത്താൻ 4  കെ പ്ലസിനെ  സഹായിക്കുന്നു.  300 പിപിഐ,  640 X 360 റെസലൂഷൻ സവിശേഷതകളോടെയെത്തുന്ന ഡിസ്‌പ്ലേ 16:9 ആസ്പെക്ട് റേഷ്യോയിൽ 160 ഡിഗ്രീ  ഫീൽഡ് ഓഫ് വ്യൂവിൽ  ഫോട്ടോ/വീഡിയോകള്‍  വിലയിരുത്താൻ അവസരം നൽകുന്നു.

Yi 4K Action Camera

വീഡിയോ മോഡുകൾ 

എച്ച് 264, എംപി4 ഫോർമാറ്റുകളിൽ വീഡിയോ ക്യാപ്ചറിങ് സാധ്യമാകുന്ന ക്യാമറയിൽ ഫുൾ എച്ച്ഡിയിൽ 120, 100, 60, 50, 30, 25 എന്നീ എഫ്.പി.എസ് മൂല്യങ്ങൾ സാധ്യമാകുമ്പോൾ 60, 50, 30, 25 എഫ് പി എസ് വേഗതയിൽ  4 കെ റിക്കോർഡിങ്ങും സാധ്യമാണ്. അൾട്രാ വൈഡ് ഫീൽഡ് ഓഫ് വ്യൂ നൽകുന്ന '4 കെ അൾട്രാ' ഷൂട്ടിങ് മോഡ് ഈ ക്യാമറയിൽ ലഭ്യമാണ്. 2.7കെ  (16:9), 2.7കെ  അൾട്രാ 2.7കെ (4:3),1440 പി, 1080 പി അൾട്രാ, 960 പി, 720 പി, 720  പി അൾട്രാ, 480 പി എന്നീ മോഡുകളിൽ ഈ ആക്ഷൻ ക്യാമറയിൽ വീഡിയോ ക്യാപ്ചറിങ് സാധ്യമാണ്.

0.5, 1, 2, 5, 10, 30, 60 സെക്കന്റ് ഇടവേളകളിൽ 'ടൈം ലാപ്സ്', 720പി റിസൊലൂഷനിൽ 60\120\240  എഫ് പി എസുകളിൽ 'സ്ലോ മോഷൻ',  ഒരു പ്രത്യേക ലൂപ്പ് വീഡിയോകൾ ഓവർ റൈറ്റ് ചെയ്യാനുള്ള സൗകര്യം. വീഡിയോയ്‌ക്കൊപ്പം ടൈംലാപ്സ് ചിത്രങ്ങൾ പകർത്താനുള്ള സൗകര്യം എന്നിവ 4  കെ പ്ലസിനെ മികച്ച ആക്ഷൻ ക്യാമറയാക്കി മാറ്റുന്നു.

ഫോട്ടോ  മോഡുകൾ

12 മെഗാ പിക്സൽ വൈഡ് ഫീൽഡ് ഓഫ് വ്യൂ  ചിത്രങ്ങൾക്കൊപ്പം, 8 മെഗാ പിക്സൽ, 7  മെഗാപിക്സൽ, 5  മെഗാപിക്സൽ എന്നീ ഫോട്ടോ റിസൊലൂഷൻ മോഡുകൾ 4  കെ പ്ലസിൽ ലഭ്യമാണ്.  റോ (RAW) ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ പകർത്തുന്നതിനൊപ്പം  3, 5, 10, 15 സെക്കൻഡ്  ഇടവേളകളിൽ 'കൗണ്ട് ഡൗൺ ടൈമർ ഫോട്ടോക്യാപ്ചറിങ്', 3 ഫോട്ടോ/സെക്കൻഡ് , 5 ഫോട്ടോ/സെക്കൻഡ്, 10, 10 ഫോട്ടോ/2 സെക്കൻഡ്, 10 ഫോട്ടോ/3 സെക്കൻഡ്, 30 ഫോട്ടോ/സെക്കൻഡ്, 30 ഫോട്ടോ/2 സെക്കൻഡ്, 30 ഫോട്ടോ/3 സെക്കൻഡ്, 30 ഫോട്ടോ/6 സെക്കൻഡ് എന്നീ വേഗതയിൽ 'ബസ്റ്റ് മോഡ്'. 0.5, 1, 2, 5, 10, 30, 60 സെക്കൻഡ് , 2 മിനിറ്റ് , 5 മിനിറ്റ്, 30 മിനിറ്റ്, 60 മിനിറ്റ് ഇടവേളകളില് 'ടൈംലാപ്സ്'  എന്നീ മോഡുകളിൽ ചിത്രം പകർത്താൻ  4  കെ പ്ലസിൽ സൗകര്യമുണ്ട്. 

Yi 4K Action Camera

ഗോപ്രോയ്ക്ക് വെല്ലുവിളി?

ലൈവ് സ്ട്രീമിങ് സൗകര്യം, വെർച്വൽ റിയാലിറ്റി പിന്തുണ എന്നീ സവിശേഷതകളോടെയെത്തുന്ന 4 കെ പ്ലസ്, ആക്ഷൻ ക്യാമറ രംഗത്തെ പ്രമുഖ ബ്രാൻഡായ ഗോപ്രോയ്ക്ക് വെല്ലുവിളിയുമായാണ് എത്തിയിരിക്കുന്നത്.  4  കെ/ 30 എഫ്.പി.എസ് സൗകര്യമാണ്  ഗോപ്രോയെക്കാൾ മികച്ചത് എന്ന് വിലയിരുത്തപ്പെടാനുള്ള പ്രധാന കാരണം, 6400 വരെ ഉയർന്ന ഐ.എസ്.ഒ,  വൈറ്റ് ബാലൻസ് ക്രമീകരണം, ബ്ലൂടൂത്ത് 4.0 (ലോ എനർജി),  വൈഫൈ കണക്റ്റിവിറ്റി എന്നിവ   4  കെ പ്ലസ് വാഗ്ദാനം ചെയ്യുന്നു. 40mbps വരെ ഉയര്‍ന്ന വേഗതയില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ നടത്താനാകും എന്നത് ഗോപ്രോയുടെ  ഹീറോ 5 (15mbps) ആക്ഷന്‍ ക്യാമറയെ 4  കെ പ്ലസിന് ഏറെ പിന്നിലാക്കുന്ന ഒരു ഘടകമാണ്.

4 കെ യിൽ തുടർച്ചയായി 95  മിനിട്ടു വരെ  കാപ്ചറിങ് സാധ്യമാകുന്ന 1400 എം.എ.എച്ച് ബാറ്ററി, ബിൽറ്റ് ഇൻ  1/4 ”ട്രൈപോഡ് മൗണ്ട്, സ്റ്റീരിയോ മൈക്-ബിൽറ്റ് ഇൻ സ്പീക്കറുകൾ, ട്രൈ കളർ പവർ ഇൻഡിക്കേറ്റർ, 6  ആക്സിസ് ജി- സെൻസർ, പ്രത്യേക കെയ്‌സ്  ഘടിപ്പിക്കുമ്പോൾ ജലനിരപ്പിൽ നിന്ന്   40 മീറ്റർ താഴെ വരെ വാട്ടർപ്രൂഫ് സൗകര്യം എന്നിവ വൈ 4 കെ പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 18,000 രൂപയ്ക്കടുത്താകും ക്യാമറയുടെ വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.