നിക്കോണിന്റെ മധ്യനിര ശ്രേണിയിലെ പുതിയ ഡി.എസ്‌.എൽ.ആർ രാജ്യത്തെ ക്യാമറ  വിപണിയിലെത്തി. മിറർലെസ്സ് കാമറയുടെ വലിപ്പവും ഡി.എസ്‌.എൽ.ആറിന്റെ വഴക്കവും സമന്വയിപ്പിച്ചു കൊണ്ട് ഫോട്ടോഗ്രാഫി പ്രേമികളുടെ കൈകളിലെത്തുന്ന പുതിയ നിക്കോൺ ക്യാമറ ഏവരുടെയും  മനം കവരും.  മധ്യനിര ഡി.എസ്‌.എൽ.ആർ വിപണിയിൽ കരുത്തുറ്റ സാന്നിധ്യമാകാൻ നിക്കോണിന്റെ പുതിയ ഡി 5600 യ്ക്ക് കഴിയും എന്നതിൽ സംശയമില്ല. ഒപ്റ്റിക്കൽ ലോ പാസ് ഫിൽറ്റർ (OLPF) ഇല്ലാതെ വിപണിയിലെത്തിയ ക്യാമറ മികച്ച  ഷാർപ്പ്  സ്റ്റിൽ ഫോട്ടോകളാണ്  സമ്മാനിക്കുന്നത്. 

24 .2 മെഗാപിക്സൽ പരമാവധി റെസലൂഷൻ നൽകുന്ന 23.5 എം എം  × 15.6 എംഎം ക്രോപ്പ്  സിമോസ് സെൻസർ പിടിപ്പിച്ചെത്തുന്ന ക്യാമറ എക്സ്പീഡ് 4 ഇമേജ് പ്രോസസറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അതിവേഗ ഓട്ടോഫോക്കസിംഗ് സാധ്യമാക്കുന്ന പി-സീരീസ് കിറ്റ് ലെൻസുകൾക്കൊപ്പം എത്തുന്ന ഡി 5600 വ്യത്യസ്തമായ ഡി.എസ്‌.എൽ.ആർ ഫോട്ടോഗ്രാഫി അനുഭവമാണ് സമ്മാനിക്കുന്നത്. തുടർച്ചയായ ഷൂട്ടിങ്ങിൽ 5 എഫ്.പി.എസ് വേഗതയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയിൽ  39 എ.എഫ് പോയിന്റുകൾ  ഉൾപ്പെടുത്തിട്ടുണ്ട്.  25600 വരെ ഐ എസ് ഒ മൂല്യം സാധ്യമാകുന്ന ക്യാമറയിൽ  60പി എഫ്.പി.എസിൽ വരെയുള്ള ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരണം സാധ്യമാണ്.

രൂപകൽപ്പന 

ഒതുക്കവും ഭംഗിയും ഒരുപോലെ സമ്മേളിക്കുന്ന ഡി 5600 യിൽ  ലൈവ് വ്യൂ സ്വിച്ച് മോഡ് ഡയലിനു താഴെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് വലിപ്പം കുറയ്ക്കാനുള്ള ഒരു പൊടിക്കൈയായി കാണാം. വീഡിയോ പകർത്താൻ ഡി.എസ്‌ എൽ .ആറുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ മാറ്റം പ്രശംസനീയമാണ്. സോണി, ലുമിക്സ് മിറർ ലെസ്സ് ക്യാമറകളിലെ  കമാൻഡ് ഡയലിനു സമാനമായ മികച്ച ഫിനിഷിങ്ങോടും ഗ്രിപ്പോടും കൂടിയ കമാൻഡ് ഡയൽ ക്യാമറയ്ക്കു ഭംഗി നൽകുന്നു. ലെൻസ് മൗണ്ടിന്റെ സമീപത്തുള്ള ഫങ്ഷൻ ബട്ടൺ ഉൾപ്പടെയുള്ള ബട്ടണുകൾ  ക്യാമറയ്ക്കു കൂടുതൽ വഴക്കം സമ്മാനിക്കുന്നു.

Image

പ്രത്യേകതകൾ 

തൊട്ടു മുൻപേ വിപണിയിലെത്തിയ ഡി 5500 യിൽ നിന്നും വേറിട്ട് നിൽക്കുന്ന  ഒട്ടേറെ പ്രത്യേകതകളോടെയാണ് ഡി 5600 വിപണിയിലെത്തിയിരിക്കുന്നത്. ടൈം  ലാപ്സ്  മൂവീ റിക്കോർഡിങ് സൗകര്യം സാധ്യമാകുന്ന ഈ  ക്യാമറ  വീഡിയോഗ്രാഫിയിൽ ഒരു ഇടം അടയാളപ്പെടുത്താൻ വേണ്ടിയുള്ള നിക്കോണിന്റെ ഒരു ശ്രമമായി പരിഗണിക്കാം. ഈ ശ്രേണിയിലെ മറ്റു  മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഭാരവും വലിപ്പവും താരതമ്യേന കുറഞ്ഞതാണ്  പുതിയ മോഡൽ. ഡി 5500യുമായി താരതമ്യം ചെയ്യുമ്പോൾ  മികച്ച  ഗ്രിപ്പോടെ ​കൈയിൽ ഒതുക്കാവുന്ന ഈ  ക്യാമറ കൈകാര്യം ചെയ്യാനും  വളരെ എളുപ്പമാണ്. ടച് സ്ക്രീൻ പ്രത്യേകതയുള്ള, തിരിയ്ക്കാവുന്ന 8 .1 സെ.മി എൽ.സി.ഡി വ്യൂ ഫൈൻഡർ  മുൻ മോഡലുകളെ അപേക്ഷിച്ച് മികച്ചതാണ്.

പുതിയ ഇനം ലെൻസുകൾ 

'എഎഫ് -പി'  ശ്രേണിയിലുള്ള നിക്കോർ ലെൻസുകളുമായാണ് ഡി 5600 വിപണിയിലെത്തുന്നത്. 18-55, 70-300 എന്നീ രണ്ടു എഎഫ് -പി ഡിഎക്സ് ലെൻസുകളാണ് ഈ ക്യാമറയ്‌ക്കൊപ്പം റിവ്യൂവിന് ലഭിച്ചത്. എഎഫ് -എസ്  18-140 എംഎം  ലെൻസും കോമ്പോ ആയി ഈ ക്യാമറയ്‌ക്കൊപ്പം ലഭ്യമാണ്. കുറഞ്ഞ ഭാരവും അതിവേഗ ഓട്ടോ ഫോക്കസിംഗും സാധ്യമാകുന്ന എഎഫ് -പി ലെൻസ് മിഴിവേറിയ ദൃശ്യങ്ങളാണ് സമ്മാനിച്ചത്. ഓട്ടോ ഫോക്കസ്/മാനുവൽ, വി.ആർ ഓൺ -ഓഫ്‌  ടോഗിൾ സ്വിച്ചുകൾ ദൃശ്യമല്ലാത്ത  ഈ ലെൻസുകൾക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പർ ഡ്രൈവ്  ശബ്ദരഹിത ഫോക്കസിംഗ് വാഗ്‌ദാനം ചെയ്യുന്നു.

Image 1
Aperture: F/11, SHUTTER: 1/200, ISO- 125, Focal Length : 18 mm

 

കണക്റ്റിവിറ്റി 

ബ്ലൂടൂത് ലോ എനർജി  കണക്ടിവിറ്റിയാണ് 'സ്നാപ് ബ്രിഡ്ജ്' എന്ന പേരിൽ പുതിയ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം എൻ.എഫ്‌.സി, വൈഫൈ കണക്റ്റിവിറ്റികളും  ഈ ക്യാമറയില്‍  ലഭ്യമാണ്.  പ്രൊഫഷണൽ ക്യാമറകളായ നിക്കോൺ ഡി 5,  ഡി 500 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്നത്തിനു  സമാനമായ ഫീച്ചറുകളാണ്  ഡി 5600 എന്ന ക്യാമറയിൽ  സ്നാപ് ബ്രിഡ്ജ് കണക്റ്റിവിറ്റിയുടെ രൂപത്തിൽ നിക്കോൺ ലഭ്യമാക്കിയിരിക്കുന്നത്.  സ്നാപ് ബ്രിഡ്ജ് വഴി ചിത്രങ്ങളും വീഡിയോകളും  മൊബൈൽ ഫോണിലേക്കോ ടാബിലേക്കോ സിങ്ക് ചെയ്യാനും  ക്യാമറയുടെ  വൈഫൈ സേവനം ഉപയോഗിച്ച്‌  വീഡിയോകൾ ഡൗൺലോഡ് ചെയ്യാതെ  തന്നെ,  ബന്ധിപ്പിച്ചിരിക്കുന്ന  ഗാഡ്ജറ്റുകളിൽ സ്ട്രീം  ചെയ്തു കാണാനാകും എന്നത് മേന്മയാണ്. മിനി എച്ച്.ഡി.എം.ഐ  പോർട്ടിനൊപ്പം  യുഎസ്ബി , വയേർഡ് റിമോട്ട്/ജിപിഎസ് കണക്റ്റിവിറ്റി  പോർട്ടുകളും ഈ മോഡലിൽ  ലഭ്യമാണ്.

Image 2
Aperture: F/6.3, SHUTTER: 1/320, ISO- 125, Focal Length : 300 mm

 

ക്യാമറ നിയന്ത്രണം 

ക്യാമറയെ റിമോട്ട് ആയി നിയന്ത്രിക്കാനും സ്നാപ് ബ്രിഡ്ജ് ആപ്പിൽ സൗകര്യമുള്ളത് ഏറെ പ്രയോജനപ്രദമാണ്. ക്യാമറയുടെ ക്ലോക്ക് ഓട്ടോമാറ്റിക് ആയി അപ്‌ഡേറ്റ് ചെയ്യാനും ഈ ഓപ്‌ഷൻ സഹായിക്കും. ഐഒഎസിലും ആൻഡ്രോയിഡിലും ഈ ആപ്പ് പ്രവർത്തിക്കും. ഒരിക്കൽ പെയർ ചെയ്‌താൽ ഓരോ തവണയും കണക്ട് ചെയ്യേണ്ടി വരില്ല. ഈയിടെ പുറത്തിറങ്ങിയ ഡി 3400 എന്ന എൻട്രി ലെവൽ ക്യാമറയിലും ഈ സൗകര്യം ലഭ്യമാണ്. എന്നാൽ ഇതിൽ  വൈഫൈ സൗകര്യം ഇല്ലാത്തതിനാൽ ഡി 5600 യിലെ എല്ലാ സൗകര്യങ്ങളും ഇതില്‍  ലഭ്യമാകില്ല.

ക്യാമറയിൽ നിന്നും കുറഞ്ഞ വലിപ്പത്തിൽ ഇമേജുകൾ ഗാഡ്ജറ്റുകളിലേക്ക് മാറ്റി വളരെയെളുപ്പത്തിൽ സോഷ്യൽ മീഡിയയിലും മറ്റും  അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഒറ്റ ചാർജിങ്ങിൽ 600 ഷോട്ടുകൾ വരെ പകർത്താൻ കഴിയുന്ന ''ഇ.എൻ. -എൽ 14എ'  ലിഥിയം അയോൺ ബാറ്ററിയാണ് ക്യാമറയ്ക്ക് ഊർജ്ജം പകരാൻ  ഉപയോഗിക്കുന്നത്. SD, SDHC, SDXC എന്നീ ഇനത്തിലുള്ള കാർഡുകൾ സപ്പോർട്ട് ചെയ്യുന്ന ക്യാമറയിൽ  എക്സ്റ്റേണൽ മൈക്ക് കണക്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ക്യാമറയിലെ ഇൻ ബിൽറ്റ്  സ്റ്റീരിയോ മൈക്രോഫോൺ മികച്ച സെൻസിറ്റിവിറ്റി വാഗ്‌ദാനം  ചെയ്യുന്നതിനാൽ  ഇവയ്ക്ക്  മികച്ച ശബ്ദലേഖനം നടത്താൻ കഴിവുണ്ട്. 

Image 3
Aperture: F/7.1, SHUTTER: 1/640, ISO- 250, Focal Length : 300 mm

 

ഇമേജ് ക്വാളിറ്റി 

റിവ്യൂവിന് വേണ്ടി ലഭിച്ച ക്യാമറ ഉപയോഗിച്ച്  പകർത്തിയ ഏതാനും ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം . മികച്ച ഡൈനാമിക് റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന ക്യാമറയിൽ എച്ച്.ഡി.ആർ ചിത്രങ്ങളും പകർത്താനാകും. വ്യത്യസ്ത  എക്സ്പോഷറിലുള്ള രണ്ടു  ചിത്രങ്ങൾ പകർത്തിയ ശേഷം അവയെ  ഒരുമിപ്പിച്ച് എച്ച്.ഡി.ആർ ഔട്പുട്ട് നൽകുന്നതിനാൽ ട്രൈപോഡ് വച്ച് ഇത്തരം ചിത്രങ്ങൾ പകർത്തുന്നതാകും ഉചിതം.  ഫ്‌ളാഷ് സഹായത്താൽ മികച്ച  നൈറ്റ് പോർട്രെയ്റ്റ് പകർത്തുന്നതിന് ഈ ക്യാമറ പ്രയോജനപ്രദമാണെന്ന് ഞങ്ങൾ പകർത്തിയ പരീക്ഷണ ദൃശ്യങ്ങളിൽ നിന്നും  വ്യക്തമായി.  60പി /50പി /30പി /25പി /24പി  എന്നീ എഫ്.പി.എസ് മോഡുകളിൽ വീഡിയോ പകർത്താൻ സഹായിക്കുന്ന ക്യാമറയുടെ  ടച്ച്  സ്‌ക്രീൻ വ്യൂ ഫൈൻഡറിൽ നിന്നും ഫോക്കസ്  സെലക്ട് ചെയ്യാനും അവസരമുണ്ട്.

Image 4
Aperture: F/7.1, SHUTTER: 1/640, ISO- 160, Focal Length : 300 mm

 

വിലയിരുത്തൽ 

ഏറെ സങ്കീര്‍ണ്ണമല്ലാത്ത മെനു , കുറഞ്ഞ എണ്ണം ബട്ടണുകൾ എന്നിവ  ആകർഷകമാണ്. വലിപ്പക്കുറവും ഭാരക്കുറവും മികച്ച പോർട്ടബിലിറ്റി നൽകുന്നു. ഈ ക്യാമറക്കൊപ്പമെത്തുന്ന  പി- സീരീസ് ലെൻസുകൾ ഡി.എസ് .എൽ.ആർ ഫോട്ടോഗ്രാഫിയിൽ ഒരു നവ്യാനുഭവമാണ്  നൽകുന്നത്.  മെച്ചപ്പെട്ട ഇൻ ബിൽറ്റ് ഇമേജ് എഡിറ്റിങ് സേവനം ഏറെ ആകർഷകമാണ്. (സാമ്പിൾ ചിത്രങ്ങളിൽ ചിലത് കാമറയിൽ തന്നെ 'ട്രിം' ചെയ്തെടുത്തവയാണ്).  

ക്യാമറയിൽ ജിപിഎസ് സൗകര്യം ലഭ്യമല്ല എന്നത് പോരായ്മയാണെങ്കിലും സ്നാപ് ബ്രിഡ്ജ് വഴി  ഗാഡ്ജറ്റുമായി ബന്ധപ്പിക്കുമ്പോൾ ആ ഉപകരണത്തിന്റെ ജി.പി.എസ് ആകും ക്യാമറ ഉപയോഗിക്കുന്നത്. വിവിധ ഉപകരണങ്ങളിലെ  ജി.പി.എസ് കൃത്യത വ്യത്യസ്തമായതിനാൽ ആ കാര്യത്തിൽ വീട്ടുവീഴ്ച ചെയ്യേണ്ടി വരും.  താരതമ്യേന വിലയ്‌ക്കൊത്ത മൂല്യം നൽകുന്ന ഈ ക്യാമറ മധ്യനിര ഡി.എസ്‌.എൽ.ആർ സ്വന്തമാക്കാൻ തയാറെടുക്കുന്നവർക്ക് അ‌നുയോജ്യമാണെന്ന് നിസ്സംശയം പറയാം.

Image 5
Aperture: F/8,  SHUTTER: 1/160, ISO- 1000, Focal Length : 300 mm

 

വില 

മികച്ച സൗകര്യങ്ങളുള്ള ഈ നിക്കോൺ മധ്യനിര ഡി.എസ്.എൽ.ആറിന്റെ വില അത്ര കൂടുതലല്ല  എന്ന് വേണം വിലയിരുത്താൻ.  ഡി 56,00 യുടെ ബോഡി മാത്രം 46,500 രൂപയ്ക്ക് ലഭിക്കുമ്പോൾ ബോഡിയും എഎഫ് -പിഡിഎക്സ്  18 -55 എം എം ലെൻസും ചേർത്ത് 51,500 രൂപയ്ക്കും ബോഡിയ്ക്കൊപ്പം എഎഫ് -എസ്; ഡിഎക്സ്  18 -140  എം എം ലെൻസുമായി 62,500 രൂപയ്ക്കും ബോഡിയും 18 -55 എം എം,  70 -300 എം എം എന്നീ പി- സീരീസ്  (എഎഫ് -പി;ഡിഎക്സ്) ലെൻസുകളും  ചേർത്ത് 60,500 രൂപയ്ക്ക്കും വാങ്ങാൻ കഴിയും.

(ക്യാമറയ്ക്ക് കടപ്പാട്:​ ബാബാസ്, തിരുവനന്തപുരം)