കൊല്‍ക്കൊത്ത: പുരാണകഥാപാത്രങ്ങള്‍ എക്കാലത്തും പ്രചോദനം പകരുന്നവയാണ്. ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷകരും ഇതില്‍ നിന്ന് വ്യത്യസ്തരല്ല. കാരണം ഇവര്‍ വികസിപ്പിച്ചെടുത്ത പുത്തന്‍ സൂപ്പര്‍ പവര്‍ ഡ്രോണിന് ഭീം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ആദ്യ സൂപ്പര്‍ പവര്‍ ഡ്രോണാണിത്. ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഡ്രോണിന്റെ വലുപ്പം. പക്ഷേ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പുലിയാണ് ഭീം. പറക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒരു വൈഫൈ മേഖല സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ ആളില്ലാ വിമാനം. ഏഴ് മണിക്കൂര്‍ ബാറ്ററി ശേഷിയുള്ള ഡ്രോണിന് ദുരന്തമേഖലകളില്‍ നിന്ന് ഇടതടവില്ലാതെ വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും സാധാരണക്കാരന് പോലും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

അടിയന്തര ഘട്ടങ്ങളില്‍ പാരച്യൂട്ടുകളുപയോഗിച്ച് വസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നതും ഭീമിന്റെ പ്രത്യേകതയാണ്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഭീമിനെ ഉപയോഗപ്പെടുത്താം. സ്വന്തം ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തുന്ന സംവിധാനവും ഇതിലുണ്ട്. ഖരഗ്പൂരിലെ ലാബില്‍ത്തന്നെയാണ് ഡ്രോണ്‍ ജന്മം കൊണ്ടതെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചീനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ സുദീപ് മിശ്ര പറഞ്ഞു.

ഐഐടി ഖരഗ്പുര്‍ വികസിപ്പിച്ച സുരക്ഷാ ഉപകരണങ്ങള്‍ കാണാനായെത്തിയ ഡിആര്‍ഡിഓ സംഘങ്ങള്‍ക്ക് മുന്നില്‍ ഭീമിനെ അവതരിപ്പിച്ചിട്ടുണ്ട്.