ഗോപ്രോ ഹീറോ 6 ബ്ലാക്ക് ( HERO 6 Black) ആക്ഷന്‍ ക്യാമറ ഇപ്പോള്‍ വിലക്കിഴിവില്‍ ലഭ്യം. 37,000 രൂപയ്ക്കാണ് ക്യാമറ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹീറോ 6 ബ്ലാക്ക് ക്യാമറയ്ക്ക് 8,000 രൂപ കുറച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ 45,000 രൂപയ്ക്കാണ് ക്യാമറ ഇന്ത്യന്‍ വിപണിയിലിറക്കിയത്.

ഹിറോ 6 ന് പുറമെ ഹീറോ 5 ക്യാമറ 38000 രൂപയില്‍ നിന്നും കുറഞ്ഞ് 27,000 രൂപയ്ക്കും 29,500 രൂപ വിലയുണ്ടായിരുന്ന ഹീറോ 5 സെഷന്‍ (HERO Session) 18,000 രൂപയ്ക്കും ഇന്ത്യയില്‍ ലഭ്യമാണ്.

ഹീറോ 6 ബ്ലാക്ക് 

ഗോപ്രോയുടെ ജിപി1 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ 6 ബ്ലാക്ക് ക്യാമറയില്‍ 60 ഫ്രെയിം റേറ്റില്‍ 4കെ വീഡിയോയും അതുപോലെ 1080p240 വീഡിയോയും പകര്‍ത്താന്‍ സാധിക്കും. ഗോപ്രോ ഹീറോ6 ബ്ലാക്കില്‍ ടച്ച് സൂം, വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുണ്ടാവും. 33 അടി വാട്ടര്‍പ്രൂഫ് ആയ ക്യാമറ ഗോപ്രോ മൗണ്ടുകളിലും കര്‍മ മൗണ്ടുകളിലും ഘടിപ്പിക്കാം. റോ, എച്ച്ഡിആര്‍ ഫോട്ടോ മോഡുകളും പത്ത് ഭാഷകളില്‍ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനവും (Voice Control) ഇതിനുണ്ട്. ജിപിഎസ്. വൈഫൈ, ആക്‌സിലറോ മീറ്റര്‍, ഗൈറോസ്‌കോപ് തുടങ്ങിയ സെന്‍സറുകള്‍ ക്യാമറയ്ക്കുണ്ട്.

ഗോപ്രോ ഹീറോ 5

ഗോപ്രോ പ്ലസ് ക്ലൗഡിലേക്ക് ചിത്രങ്ങളും വീഡിയോകളും ഓട്ടോ അപ്ലോഡ് ചെയ്യുക, എഡിറ്റ് ചെയ്യുക, മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ ഫയലുകള്‍ അയക്കുക തുടങ്ങിയവ ഗോപ്രോ 5 ക്യാമറയുടെ പ്രധാന സവിശേഷതകളാണ്. ഹീറോ ഫൈവും 33 അടി വാട്ടര്‍പ്രൂഫ് ആണ്. വോയ്‌സ് കണ്‍ട്രോള്‍ സംവിധാനവും ഇമേജ് സ്‌റ്റെബിലൈസേഷനും ഇതിനുണ്ട്. 

നോണ്‍-ഫിഷ് ഐ (non-fish eye), വൈഡ് ആംഗിള്‍ ചിത്രങ്ങളും വീഡിയോകളും ഈ ക്യാമറ ഉപയോഗിച്ച് പകര്‍ത്താം. റോ ഇമേജുകള്‍, WDR ഫോട്ടോ മോഡുകള്‍, ജിപിഎസ് സൗകര്യങ്ങളും ഇതിനുണ്ട്. 

12 മെഗാപിക്‌സല്‍ റസലൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറയിലൂടെ സാധിക്കും. രണ്ട് ഇഞ്ച് ടച്ച് ഡിസ്‌പ്ലേയും ബട്ടണ്‍ കണ്‍ട്രോളും ഹീറോ ഫൈവിനുണ്ട്. 30 ഫ്രെയിംറേറ്റില്‍ 4കെ വീഡിയോ പകര്‍ത്താന്‍ ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും. നിലവിലുള്ള എല്ലാ ഗോപ്രോ മൗണ്ടുകളിലും ഇത് ഘടിപ്പിക്കാന്‍ സാധിക്കും.

ഗോപ്രോ ഹീറോ 5 സെഷന്‍

ഹീറോ 5 ന്റെ അതേ സവിശേഷതകള്‍ തന്നെയാണ് ഇതിനുള്ളത്. എന്നാല്‍ പത്ത് മെഗാപിക്‌സല്‍ റസലൂഷനിലുള്ള ചിത്രങ്ങളെ ഇതുവഴി പകര്‍ത്താന്‍ സാധിക്കുകയുള്ളൂ. മാത്രവുമല്ല രണ്ട് ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, റോ ഇമേജുകള്‍, WDR ഫോട്ടോ മോഡുകള്‍, ജിപിഎസ് എന്നിവ ഈ ക്യാമറയിലില്ല.