ആക്ഷന്‍ ക്യാമറ രംഗത്ത് പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച കമ്പനിയാണ് ഗോപ്രോ ( GoPro ). വെറും ക്യാമറകള്‍ക്ക് പുറമേ, ക്യാമറ ഡ്രോണ്‍ നിര്‍മാണത്തിലേക്കും കമ്പനി കടക്കുന്നുവെന്ന വിവരം പുറത്തുവന്നിട്ട് മാസങ്ങളായി. 

ഇപ്പോഴിതാ, ഗോപ്രോയുടെ ക്യാമറ ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നിരിക്കുന്നു. യൂട്യൂബിലാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ അപ്‌ലേഡ് ചെയ്തത്. 

യൂട്യൂബില്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കമ്പനിയുടെ ആളില്ലാ ക്വാഡ്‌കോപ്ടര്‍ ( unnamed quadcopter ) ഉപയോഗിച്ച് ഷൂട്ട് ചെയ്തതാണ്, ക്വാഡ്‌കോപ്ടറിന്റെ ആദ്യരൂപമുപയോഗിച്ച് ഷൂട്ട് ചെയ്തത്. 1440പി മിഴിവും സ്ഥിരതയുമുള്ള ദൃശ്യങ്ങളാണ് ഗോപ്രോ പുറത്തുവിട്ടിരിക്കുന്നത്. 

2016 ആദ്യപകുതിയോടെയേ ഗോപ്രോയുടെ ക്യാമറ ഡ്രോണ്‍ വിപണിയിലെത്തൂ എന്നാണ് റിപ്പോര്‍ട്ട്. 

ആഗോളവിപണിയില്‍ ഗോപ്രോയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മൂന്നിരട്ടിയായെന്നും, എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ ഏഴ് ശതമാനം കുറഞ്ഞെന്നുമുള്ള വിവരം പുറത്തുവന്ന സമയത്താണ്, ക്യാമറ ഡ്രോണ്‍ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.