വിവാഹച്ചടങ്ങുകളിലും മറ്റും വീഡിയോ പിടിക്കാന്‍ കാംകോഡറുകള്‍ക്ക് പകരം ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ വ്യാപകമാകുന്നതിനെക്കുറിച്ച് മുമ്പ് നല്‍കിയ ലേഖനത്തിന്റെ (വീഡിയോക്യാമറകള്‍ക്ക് പടിയിറക്കത്തിന്റെ കാലം) തുടര്‍ച്ചയാണ് ഈ കുറിപ്പ്. 

സ്റ്റില്‍ ക്യാമറയാണെങ്കിലും ഡിഎസ്എല്‍ആറുകളില്‍ വീഡിയോ പിടിക്കാം. എങ്കിലും ഓര്‍ക്കുക, വീഡിയോ ചിത്രീകരണത്തിനുള്ള മികച്ച ഉപകരണങ്ങള്‍ കാംകോഡറുകള്‍ അഥവാ വീഡിയോ ക്യാമറകള്‍ തന്നെയാണ്. 

എന്നാല്‍, ഡിഎസ്എല്‍ആറുകളെ അപേക്ഷിച്ച് ഭാരവും ചെലവും കൂടിയതാണ് വീഡിയോ ക്യാമറകള്‍. കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പം ഡിഎസ്എല്‍ആറുകളാണ്. അതുകൊണ്ടാണ് വീഡിയോ പിടുത്തത്തിന് കൂടുതല്‍ പേര്‍ ഇപ്പോള്‍ വീഡിയോക്യാമറകള്‍ക്ക് പകരം ഡിഎസ്എല്‍ആര്‍ ക്യാമറകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 

ഈ പശ്ചാത്തലത്തിലാണ് വീഡിയോയ്ക്ക് പറ്റിയ മികച്ച ഡിഎസ്എല്‍ആര്‍/ മിറര്‍ലെസ് ക്യാമറ ഏതെന്ന ചോദ്യം ഫോട്ടോഗ്രാഫി പ്രേമികളായ പലരിലും ഉന്നയിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തല്‍ അത്ര എളുപ്പമല്ല. വിപണിയിലെ മോഡലുകളുടെ ആധിക്യവും, ഒട്ടനവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വീഡിയോ ചിത്രീകരണത്തിന് പറ്റിയ ക്യാമറ തിരഞ്ഞെടുക്കേണ്ടത് എന്നതുമാണ് കാരണം.

'ഡിജിറ്റല്‍ സിംഗിള്‍ ലെന്‍സ് റിഫ്‌ളക്‌സ് ക്യാമറകള്‍' എന്നതിന്റെ ചുരുക്കപ്പേരാണ് ഡിഎസ്എല്‍ആര്‍. ഫോട്ടോകളും വീഡിയോയും പകര്‍ത്താന്‍ ഇവ ഒരുപോലെ ഉപയോഗപ്രദമാണ്.  പോയന്റ് ആന്റ് ഷൂട്ട്, മിറര്‍ലെസ്സ്, ആക്ഷന്‍ക്യാമറകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയൊക്കെ ഡിഎസ്എല്‍ആറുകള്‍ പോലെ തന്നെ വീഡിയോ ചിത്രീകരിക്കാന്‍ കാംകോഡറുകള്‍ക്കു പകരമായി ഇന്ന് ഉപയോഗിച്ചു വരുന്നു. നിങ്ങള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് എന്ത് ഗുണനിലാവാരം വേണം എന്നതിനെ ആശ്രയിച്ചാണ് ക്യാമറ തിരഞ്ഞെടുക്കേണ്ടത്. 

വീഡിയോ പിടിക്കാനുള്ള ഡിഎസ്എല്‍ആര്‍/മിറര്‍ലെസ്സ് ക്യാമറ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ -

ബജറ്റ്: പ്രധാന ഘടകം ബജറ്റ് തന്നെയാണ്. മിഴിവേറിയ ഫുള്‍ എച്ച്ഡി വീഡിയോ ഔട്ട്പുട്ട് നല്‍കുന്ന മുപ്പതിനായിരം രൂപയ്ക്കടുത്ത് ലഭിക്കുന്ന എന്‍ട്രിലെവല്‍ ഡിഎസ്എല്‍ആറുകള്‍ മുതല്‍ ലക്ഷങ്ങള്‍ വില വരുന്നവ വരെ വിപണിയില്‍ ലഭ്യമാണ്. മെച്ചപ്പെട്ട ബജറ്റാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഡിഎസ്എല്‍ആറിനു പകരം മിറര്‍ലെസ്സ് ക്യാമറകള്‍ പരിഗണിക്കുന്നതാവും ഉചിതം. 

സിനിമാറ്റിക്  മികവോടെയുള്ള ചിത്രീകരണത്തിന്  കുറഞ്ഞ ഡെപ്ത് ഓഫ് ഫീല്‍ഡ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സാധാരണ ഫുള്‍ ഫ്രെയിം ക്യാമറകള്‍ ഉപയോഗിക്കുന്നത്. മറ്റു ഉപയോഗങ്ങള്‍ക്കായുള്ള  വീഡിയോ കാപ്ച്ചറിങ്ങിന് ക്രോപ് സെന്‍സര്‍ ക്യാമറകള്‍ തന്നെ ധാരാളം. 

വീഡിയോ റെസലൂഷന്‍: ഉയര്‍ന്ന സ്റ്റില്‍ ഇമേജ് റെസലൂഷന്‍ നല്‍കുന്ന ക്യാമറയാണ് മികച്ച  വീഡിയോ ദൃശ്യങ്ങള്‍  തരുന്നതെന്ന മിഥ്യാധാരണ  മാറ്റുക. കുറഞ്ഞ റെസലൂഷനുള്ള ക്യാമറകളില്‍ പോലും ഫുള്‍ എച്ച്ഡി റിക്കോര്‍ഡിങ്ങ് സാധ്യമാണ്. 

വീഡിയോ റിക്കോര്‍ഡിങ്ങില്‍ പിക്‌സല്‍ ബിന്നിങ്, ലൈന്‍ സ്‌കിപ്പിംഗ് പോലുള്ള പ്രശനങ്ങള്‍ ഉയര്‍ന്ന റെസലൂഷനുള്ള സെന്‌സറുകളില്‍  ഉണ്ടായേക്കാം. കുറഞ്ഞത് 1080പി റെസലൂഷനില്‍ എങ്കിലും വീഡിയോ ഷൂട്ടിംഗ് സാധ്യമാകുന്ന ക്യാമറകള്‍ തിരഞ്ഞെടുക്കുക.

4കെ ഷൂട്ടിങ്ങിനുതകുന്ന ഡിഎസ്എല്‍ആറുകളും മിറര്‍ലെസ്സ് ക്യാമറകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോകള്‍ക്ക് 4കെ എഡിറ്റിങ്, 4കെ പ്രൊജക്ഷന്‍ ലഭ്യമല്ലെങ്കില്‍ ഇത് ഉപകാരപ്രദമാകില്ല (കാനോണ്‍ 5ഡി മാര്‍ക്ക് 4; ഒരു 4കെ ക്യാമറയാണെങ്കിലും അതിന്റെ  എച്ഡിഎംഐ ഔട്പുട്ടില്‍ 4കെ ലഭ്യമല്ല).

60/50/30/25/24 എന്നീ  എഫ്പിഎസുകളില്‍ (ഫ്രയിമിസ്  പേര്‍ സെക്കന്റ്) ദൃശ്യചിത്രീകരണം സാധ്യമാക്കുന്ന ക്യാമറകള്‍ ലഭ്യമാണ്. 24 എഫ്പിഎസ് ആണ് വീഡിയോ ചിത്രീകരണത്തിന് സാധാരണ ഉപയോഗിക്കുന്നതെങ്കിലും സ്ലോമോഷന്‍ ചിത്രീകരണത്തിന് കൂടുതല്‍ എഫ്പിഎസ് ആവശ്യമാണെന്നതിനാല്‍ ഉയര്‍ന്ന എഫ്പിഎസ് സാധ്യമാകുന്ന ക്യാമറകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. (എഡിറ്റിങ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെയും വീഡിയോ ദൃശ്യങ്ങളുടെ വേഗം കൂടുകയോ കൂട്ടുകയോ ചെയ്യാന്‍ കഴിയും).

ലെന്‍സുകള്‍: ലെന്‍സുകളുടെ ലഭ്യത, അവയുടെ വില എന്നിവയും പരിഗണിക്കേണ്ടതായുണ്ട്. പ്രധാനമായും വീഡിയോ ചിത്രീകരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കിറ്റ് ലെന്‍സുകള്‍ ഇല്ലാതെ ബോഡി മാത്രം വാങ്ങിയ ശേഷം അനുയോജ്യമായ ലെന്‍സുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 

ടെലിലെന്‍സുകളെക്കാള്‍ കൂടുതലായി ഉയര്‍ന്ന അപ്പേര്‍ച്ചര്‍ നല്‍കുന്ന വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഡിഎസ്എല്‍ആര്‍ വീഡിയോഗ്രാഫിയില്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ഷൂട്ടിങ് ആവശ്യം പരിഗണിച്ച് മാത്രമേ ലെന്‍സിന് പണം നിക്ഷേപിക്കാവൂ എന്നത് ഓര്‍മയില്‍ വയ്‌ക്കേണ്ടതാണ്. 

ആട്ടോഫോക്കസിംഗിനേക്കാള്‍ മാനുവല്‍ ഫോക്കസ് ആണ് വീഡിയോ കാപ്ച്ചറിങ് വേളയില്‍ ഡിഎസ്എല്‍ആറുകളില്‍ തെരെഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ ആട്ടോഫോക്കസിംഗ് ലെന്‌സുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് വീഡിയോഗ്രാഫി മാത്രം ലക്ഷ്യമെങ്കില്‍ ഗുണകരമല്ല. എന്നാല്‍ പുതിയ തരം ക്യാമറകളിലെ 'ട്രാക്കിങ് ആട്ടോ ഫോക്കസ്' വീഡിയോ ചിത്രീകരണത്തില്‍ ഒരളവു വരെ പ്രയോജനപ്രദമാണ്; ഈ അവസരത്തില്‍ ലെന്‍സുകളിലെ ആട്ടോ ഫോക്കസിംഗ് ഉപയോഗിക്കാം.   

DSLR Video
വീഡിയോ ചിത്രീകരണത്തിനുള്ള ആക്‌സസറികള്‍ പിടിപ്പിച്ച ഡിഎസ്എല്‍ആര്‍ ക്യാമറ

 

ക്രോമ സബ് സാംപ്ലിങ്: സാധാരണയുള്ള 4:2:0 എന്ന മൂല്യത്തിന് പകരം 4:2:2 എന്ന ക്രോമ സബ് സാംപ്ലിങ് റേഷ്യോ നല്‍കുന്ന ക്യാമറകള്‍ വിപണിയില്‍ കുറവാണെങ്കിലും ഉയര്‍ന്ന ഗുണനിലവാരം ആവശ്യമുള്ള ജോലികള്‍ക്ക് അത്തരം ക്യാമറകള്‍  തിരഞ്ഞെടുക്കുക. 

ഒരു ഫ്രയിമിലെ കളര്‍ വിശദാശങ്ങള്‍ കുറച്ചു കൊണ്ട് കുറഞ്ഞ മെമ്മറി സ്‌പേസില്‍ വീഡിയോ റിക്കോര്‍ഡിങ് സാധ്യമാക്കുന്ന ഒരു പരമ്പരാഗത കംപ്രഷന്‍ രീതിയാണ് ക്രോമ സബ് സാംപ്ലിങ്. 4:2:0 കുറഞ്ഞ കളര്‍ ഇന്‍ഫര്‍മേഷന്‍ ശേഖരിക്കുമ്പോള്‍ 4:2:2 കുറച്ചു കൂടി കൂടുതല്‍  കളര്‍ സംബന്ധമായ വിവരങ്ങളും, 4:4:4 ഏകദേശം ദൃശ്യത്തിന് സമാനമായ കളറും ശേഖരിച്ചു വയ്ക്കുന്നു. 4:2:2 റിക്കോര്‍ഡിംഗ് സാധ്യമാക്കാന്‍ എക്‌സ്‌ട്ടേണല്‍ റിക്കോഡറുകളും ഉപയോഗിക്കാവുന്നതാണ്. 

ഉയര്‍ന്ന ബിറ്റ് റേറ്റിലുള്ള  റിക്കോര്‍ഡിങ് മികച്ച ദൃശ്യങ്ങള്‍ സമ്മാനിക്കുമെന്നതിനാല്‍ ഉയര്‍ന്ന ബിറ്റ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ക്യാമറകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കളര്‍ ഡെപ്തും വീഡിയോ ചിത്രീകരണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മികച്ച കളര്‍ റീപ്രൊഡക്ഷന് വേണ്ടിയുള്ള പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് 10 ബിറ്റ് കളര്‍ ഡെപ്ത് എങ്കിലും വാഗ്ദാനം ചെയ്യുന്ന ക്യാമറകള്‍ വാങ്ങുക.      

ശബ്ദലേഖനം: ഡിഎസ്എല്‍ആറുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രധാന പ്രശ്‌നമാണ് ശബ്ദലേഖനം. ഡിഎസ്എല്‍ആര്‍/മിറര്‍ലെസ്സ് ക്യാമറകളിലെ ഇന്‍ബില്‍റ്റ് മൈക്രോഫോണും നോയിസ് ക്യാന്‍സലേഷനുമൊക്കെ വെറും തമാശയായേ പ്രൊഫണല്‍ വീഡിയോഗ്രാഫറന്‍മാര്‍ക്ക് കാണാന്‍ കഴിയൂ. 

വയറുകളോട് കൂടിയ ലെപ്പല്‍ മൈക്കും വയര്‍ലെസ്സ് ലേപ്പലുമൊക്കെ ഉപയോഗിച്ച് ഡിഎസ്എല്‍ആറുകളില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഡയറക്ഷണല്‍ മൈക്കുകളും, എക്സ്റ്റര്‍ണല്‍ റിക്കോര്‍ഡറും ഉപയോഗിച്ച്  ശബ്ദലേഖനം നടത്തുന്നതാകും ഉചിതം. എഡിറ്റിങ് വേളയില്‍ ശബ്ദം വീഡിയോ ദൃശ്യവുമായി സിങ്ക്രണൈസ് ചെയ്തു മികച്ച വീഡിയോ പ്രൊഡക്ഷന്‍ സാധ്യമാക്കാം.

ആക്‌സസറികള്‍: മാനുവല്‍ ഫോക്കസ് പുള്ളര്‍ ഡിഎസ്എല്‍ആര്‍ വീഡിയോഗ്രാഫിക്ക് അത്യാവശ്യം വാങ്ങേണ്ട ഒന്നാണ്. ഡിഎസ്എല്‍ആര്‍ / മിറര്‍ലെസുകള്‍ക്കായുള്ള ക്യാമറ റിഗ് കേജ്, ഫോളോ ഫോക്കസ്, മാറ്റ് ബോക്‌സ് എന്നിവ  വീഡിയോഗ്രാഫി ആവശ്യകത മുന്‍നിര്‍ത്തി ഒറ്റ യൂണിറ്റായും വിപണിയില്‍ ലഭ്യമാണ്. ഔട്ട്‌ഡോര്‍ ചിത്രീകരണത്തിന് പ്രധാനമായും ആവശ്യമായ എന്‍ഡി ഫില്‍റ്ററുകളും മറ്റു തരത്തിലുള്ള വിവിധ ഫില്‍റ്ററുകളും ക്യാമറ വാങ്ങുമ്പോഴോ അല്ലെങ്കില്‍ ആവശ്യാനുസരണമോ സ്വന്തമാക്കാവുന്നതാണ്. 

കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കപ്പെടുന്ന ചൂടേറിയ സാധാരണ സണ്‍ ഗണ്ണുകള്‍ക്ക് പകരം ഉയര്‍ന്ന ലൈറ്റ് ഔട്ട്പുട്ട് നല്‍കുന്ന റീ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ എല്‍ഇഡി ലൈറ്റുകള്‍ കുറഞ്ഞ വെളിച്ചത്തിലുള്ള വീഡിയോ റിക്കോര്‍ഡിങ്ങിനു സഹായകമാണ്.  

1920 x 1080 റെസലൂഷന്‍ വാഗ്ദാനം ചെയ്യുന്ന, 10ബിറ്റ് കളര്‍ ഡെപ്ത്തുള്ള വീഡിയോ ചിത്രീകരണത്തിന് ശരാശരി ഒരു മിനിറ്റില്‍ ഏതാനും ജിബി എന്ന കണക്കിലാണ് മെമ്മറി നിറയുന്നത്. ഇതു മൂലം ട്രാന്‍സ്ഫര്‍ വേഗം കുറഞ്ഞ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വീഡിയോ റിക്കോര്‍ഡിങ്ങില്‍ പ്രശനമുണ്ടാക്കിയേക്കാം.

ഉയര്‍ന്ന ക്‌ളാസിലുള്ള (ക്ലാസ് 10) എസ്ഡി കാര്‍ഡുകള്‍ (SDHC, SDXC) ഉപയോഗിച്ചു മികച്ച ഫുള്‍എച്ച്ഡി റിക്കോര്‍ഡിങ് സാധ്യമാക്കാം. 4കെ വീഡിയോ റിക്കോര്‍ഡിങ്ങിനായി 64 ജിബിയുടെ Etxreme PRO UHS-3 എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാകും ഉചിതം. 

ബ്രാന്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍: വീഡിയോ ചിത്രീകരണത്തിനു ഏതു ബ്രാന്‍ഡ് ക്യാമറയാണ് നല്ലത് എന്നത് സാധാരണ ഉയരുന്ന ചോദ്യമാണ്. നിക്കോണ്‍, കാനോണ്‍ എന്നീ ബ്രാന്‍ഡുകളാണ് പ്രധാനമായും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. രണ്ടു ബ്രാന്‍ഡുകളിലും വിവിധ ബജറ്റുകള്‍ക്ക് അനുയോജ്യമായ,  മികച്ച വീഡിയോ ഔട്ട്പുട്ട് നല്‍കുന്ന ക്യാമറകള്‍ ലഭ്യമാണ്. 

ഈ  മോഡലുകള്‍ക്കൊപ്പം സോണിയുടെയും പാനാസോണിക്കിന്റെയും മിറര്‍ലെസ്സ് ക്യാമറകളും മത്സരത്തിനുണ്ട്. ബ്രാന്‍ഡേതായാലും ഉയര്‍ന്ന ഡൈനാമിക് റേഞ്ച് നല്‍കുന്ന ക്യാമറ  തിരഞ്ഞെടുക്കുക. വീഡിയോ ചിത്രീകരണത്തില്‍ ഡൈനാമിക് റേഞ്ച് മൂല്യം ഒരു പ്രധാന ഘടകമാണെന്നോര്‍ക്കുക. 

shiyazmirza@outlook.com