വീഡിയോ റിക്കോര്‍ഡിങ്ങിനു പറ്റിയ ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍  തിരഞ്ഞെടുക്കാന്‍ മിക്കവരും ശ്രദ്ധ പുലര്‍ത്തുന്ന ഇക്കാലത്ത് വീഡിയോയ്ക്ക് തങ്ങള്‍  കാര്യമായ  പരിഗണന നല്‍കുന്നില്ല എന്നാണു  ഉടന്‍ വിപണിയിലെത്തിക്കുന്ന 4കെ സൗകര്യമില്ലാത്ത   മൂന്നു  പുതിയ ക്യാമറകളിലൂടെ കാനോണ്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി മൂന്നാംവാരം കാനോണ്‍ അവതരിപ്പിച്ച മൂന്നു പുത്തന്‍ മോഡലുകള്‍ ഫുള്‍ എച്ച്ഡി റിക്കോര്‍ഡിങ് സൗകര്യത്തോടെയാകും ഏപ്രിലില്‍ ആഗോള വിപണിയിലെത്തുക. 

77 ഡി, 800 ഡി എന്നീ  ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്കൊപ്പം എം6 എന്ന മിറര്‍ലെസ്സ് ക്യാമറയും കാനോണിന്റേതായി ഏപ്രില്‍ മാസം വിപണിയില്‍ എത്തും. 2008  ആഗസ്‌ററ് 27ന് നിക്കോണ്‍ വിപണിയിലെത്തിച്ച 'ഡി 90' എന്ന ക്യാമറയിലൂടെയാണ് വീഡിയോ റിക്കോര്‍ഡിങ് സൗകര്യം ഡി.എസ്.എല്‍.ആറുകളില്‍ എത്തുന്നത്. 720പി എച്ച്ഡി  റിക്കോര്‍ഡിങ് സൗകര്യമായിരുന്നു ഡി 90 നല്‍കിയിരുന്നത്.

വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകുന്ന നിക്കോണിന്റെ ആദ്യ ഡി.എസ്.എല്‍.ആര്‍ പുറത്തുവന്നിട്ട് ഏറെ താമസിയാതെ  2008 നവംബറിലാണ്  1920 × 1080 പരമാവധി  റെസലൂഷനില്‍  വീഡിയോ  കാപ്ചറിങ് സാധ്യമാകുന്ന  '5 ഡി മാര്‍ക്ക് 2' എന്ന  ഫുള്‍ എച്ച്ഡി  ഡി.എസ്.എല്‍.ആര്‍ ക്യാമറ കാനോണ്‍ അവതരിപ്പിച്ചത്. അതായത് ഏകദേശം പത്തു വര്‍ഷം മുന്‍പ്  ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ മികച്ച  വീഡിയോ സംവിധാനം ഉള്‍പ്പെടുത്താന്‍ തയാറായ കാനോണ്‍ ആധുനിക വീഡിയോ ഫോര്‍മാറ്റായ 4കെയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന സമീപനം അത്ര സുഖകരമല്ല എന്നര്‍ത്ഥം .

4കെ അത്യാവശ്യമാണോ?

സമീപ ഭാവിയില്‍ തന്നെ ബ്രോഡ്കാസ്റ്റ് രംഗം അള്‍ട്രാ എച്ച്ഡി അല്ലെങ്കില്‍ 4കെ യിലേക്ക് മാറുമെന്നിരിക്കെ ഇനി  വിപണിയിലെത്തുന്ന  വീഡിയോ ഉപകരണങ്ങളില്‍ 4കെ സൗകര്യമുണ്ടാകണമെന്ന സാമാന്യ കാഴ്ചപ്പാട് കനോണ്‍ അവഗണിക്കുമ്പോള്‍ എല്ലാവര്‍ക്കും  4കെയില്‍ ഷൂട്ടിങ് ആവശ്യമാണോ എന്നൊരു മറുചോദ്യവും ഉയരുന്നുണ്ട്. 4കെ എഡിറ്റിങ് സൗകര്യമോ പ്രൊജക്ഷന്‍ സൗകര്യമായ അത്രകണ്ട് പ്രചാരത്തിലാകാത്ത  നമ്മുടെ രാജ്യത്ത്  4കെ ഷൂട്ടിങ് വീഡിയോ നിര്‍മ്മാണത്തിലെ അവശ്യഘടകമായി മാറിയിയിട്ടില്ല എന്നത് വസ്തുതയാണ്. എന്നിരുന്നാലും 4കെയിലെ കാപ്ചറിങ് ഭാവിയില്‍ ഉപകാരപ്രദമാകുമെന്നതിനാല്‍ പലരും വീഡിയോ പ്രോജക്റ്റുകള്‍ 4കെയില്‍ ഷൂട്ട് ചെയ്യാനാണ് ഇപ്പോള്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.

നിലവിലെ 4കെ റിക്കോര്‍ഡിങ് 

ഇന്ന് വിപണിയിലെത്തുന്ന ചില  മൊബൈലുകള്‍ പോലും 4കെ  അല്ലെങ്കില്‍ 4കെയ്ക്കടുത്തുള്ള റെസലൂഷനില്‍ ഷൂട്ടിങ് സൗകര്യം  നല്‍കുമ്പോള്‍ വീഡിയോഗ്രാഫിക്ക് വേണ്ടിയുള്ള  ഉത്പന്നങ്ങളില്‍  4കെ സൗകര്യം ലഭ്യമല്ലാത്തത് അത്ഭുതപ്പെടുത്തുന്നത് സ്വാഭാവികം. 4കെ യില്‍ ഷൂട്ട് ചെയ്താലും 1080 ഫുള്‍ എച്ച്ഡി റെസലൂഷനില്‍ പ്രൊജക്ട് ചെയ്യാനോ പോസ്റ്റ് പ്രൊഡക്ഷന്‍ നിര്‍വഹിക്കാനോ സാധ്യമാകും. എന്നാല്‍ തിരികെയുള്ള കണ്‍വേര്‍ഷന്‍ സാധാരണ രീതിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഇനി  4കെ യില്‍ വീഡിയോ പകര്‍ത്തി സൂക്ഷിക്കുന്നതാകും ബുദ്ധി. കാനോണ്‍ 5 ഡി മാര്‍ക്ക് 4, കാനോണ്‍ 1 ഡിസി, കാനോണ്‍ 1 ഡി എക്‌സ് മാര്‍ക്ക് 2 എന്നീ കാനോണ്‍ ക്യാമറകള്‍  4കെ സൗകര്യമുള്ളവയാണ്. എന്നാല്‍ ഇവയുടെയൊക്കെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല എന്ന് മാത്രം.

വില ഘടകമാകുമ്പോള്‍ 

4 കെ സൗകര്യം ക്യാമറയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സ്വാഭാവികമായും വില കൂടും. ഡി.എസ്.എല്‍.ആര്‍ വിപണിയിലെ ഇപ്പോഴത്തെ പ്രവണത നോക്കിക്കാണുമ്പോള്‍ വില ഒരു പ്രധാന പരിമിതി ആയി നിലകൊള്ളുന്നു് എന്നത് വ്യക്തമാണ്. സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ ഡി.എസ്.എല്‍.ആര്‍ ക്യാമറകളുടെ പ്രചാരത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഒരു ഡി.എസ്.എല്‍.ആര്‍ വാങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് വില തന്നെയാണ് പ്രധാന വിലങ്ങുതടി. അതുകൊണ്ടുതന്നെ, 4കെ സൗകര്യം ഒഴിവാക്കിയെങ്കിലും താരതമ്യേന താങ്ങാവുന്ന വിലയില്‍  ഒട്ടനവധി ഉപകാരപ്രദമായ ഫീച്ചറുകളുമായാണ് കാനോണിന്റെ പുതിയ മൂന്നു മോഡലുകള്‍ എത്തുന്നത്. 

കാനോണിന്റെ പുതിയ ക്യാമറകളുടെ  പ്രത്യേകതകള്‍  

അനായാസം കൈകാര്യം ചെയ്യാവുന്ന മോഡലുകള്‍ എന്നതാണ് പുതിയ കാനോണ്‍ ക്യാമറകളുടെ പ്രധാന സവിശേഷത. അമേരിക്കന്‍ വിപണിയില്‍ റിബല്‍ ടി7ഐ എന്ന പേരിലും മറ്റിടങ്ങളില്‍ 800 ഡി എന്നും അറിയപ്പെടുന്ന ക്യാമറയ്‌ക്കൊപ്പം 77 ഡി എന്ന ഡി.എസ്.എല്‍.ആറും മികച്ച സ്റ്റില്‍ ഫോട്ടോഗ്രാഫി  സവിശേഷതകളോടെ വിപണിയില്‍ ശ്രദ്ധേയമാകും. ഡിജിക് 7 എന്ന അത്യാധുനിക പ്രൊസസര്‍ കരുത്തേകുന്ന  800  ഡി യുടെ മറ്റൊരു പ്രത്യേകത ഡ്യുവല്‍ പിക്‌സല്‍ ആട്ടോ ഫോക്കസിങ് ആണ്. വെറും 0.03 സെക്കന്റിനുള്ളില്‍ ഓട്ടോ ഫോക്കസിംഗ് സാധ്യമാകുന്ന ഈ ക്യാമറക്കൊപ്പം വൈഫൈ, ബ്ലൂടൂത് , എന്‍.എഫ്.സി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ലഭ്യമാണ്. എക്‌സ്റ്റേണല്‍ വ്യൂഫൈന്‍ഡര്‍ ഇല്ല. ഏപ്രിലില്‍ വിപണയില്‍ എത്തുന്ന  എം6 എന്ന കാനോണ്‍  മിറര്‍ലെസ്സ് ക്യാമറ എത്രമാത്രം സ്വീകരിക്കപ്പെടുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.