പുതിയ ഒരുപിടി മോഡലുകളുമായി ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്തെ മത്സരത്തിനായി വീണ്ടുമെത്തിയിരിക്കുകയാണ്  കാനോൺ. മധ്യ നിര ഡിഎസ്എൽആർ   ക്യാമറകളുടെ  വിപണിയിൽ ഏറെ ശ്രദ്ധയാകർഷിച്ച  750 ഡി എന്ന മോഡലിന്റെ പിൻഗാമിയായാണ് കാനോൺ 800 ഡി  ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. 0.03 സെക്കന്റിന്റെ അതിവേഗ ഫോക്കസിംഗ് ആണ്  കാനോൺ 800 ഡിയുടെ മികച്ച  സവിശേഷതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

 750 ഡി യിൽ ഉപയോഗിച്ചിരുന്ന 24.2  മെഗാപിക്സൽ  സിമോസ് ക്രോപ്പ് സെൻസറുമായി തന്നെ എത്തുന്ന ക്യാമറയ്ക്ക് 750 ഡി യിലെ ഡിജിക്-6 പ്രോസസറിന്റെ സ്ഥാനത്ത് കരുത്ത് പകരുന്നത് അതിനൂതനമായ ഡിജിക്-7 ​പ്രൊസസറാണ്. ഉയർന്ന  വിഷ്വൽ റെസല്യൂഷൻ നൽകുന്നതിനൊപ്പം മികച്ച നോയ്സ് റിഡക്ഷൻ, കുറഞ്ഞ വെളിച്ചമുള്ള സ്ഥലങ്ങളിൽ കൂടിയ ഷട്ടർ സ്‌പീഡ്‌ ഉപയോഗിക്കാനുള്ള സൗകര്യം എന്നിവ ഡിജിക്-7 ​പ്രൊസസര്‍ വാഗ്ദാനം ചെയ്യുന്നു.

 750 ഡിയുമായുള്ള സമാനതകള്‍ 

ഒരേ സെന്‍സര്‍ തന്നെയാണ് രണ്ട് ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്  എന്നതുപോലെ മറ്റുചില സമാനതകളും 750 ഡിയുമായി പുതിയ മോഡലായ 800 ഡിയ്ക്കുണ്ട്.  ഏകദേശം  95%, 0.82X മാഗ്നിഫിക്കേഷന്‍ നല്‍കുന്ന വ്യൂ ഫൈൻഡറാണ് രണ്ടു ക്യാമറയിലുമുള്ളത്. വാട്ടർ പെയിന്റിംഗ്, മിനിയേച്ചർ, ഫിഷ് ഐ, ടോയ് ക്യാം തുടങ്ങിയ  ക്രിയേറ്റിവ് ഫിൽറ്റർ ഇഫക്റ്റുകൾ രണ്ടു ക്യാമറയിലും സമാനമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു ക്യാമറകളും എംപി4 ഫോർമാറ്റിൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ രണ്ടിന്റെയും  ബിൽറ്റ് ഇൻ സ്റ്റീരിയോ മൈക്കുകളും സമാനമാണ്. 750 ഡിയിലെ തിരിക്കാവുന്ന 3 ഇഞ്ച് , ടി.എഫ്.ടി ടച്ച് എൽസിഡി മോണിറ്ററാണ് പുതിയ മോഡലിലും ഉള്ളത്. പഴയ മോഡലിലെ പോലെ SD, SDHC, SDXC കാർഡ് പിന്തുണയ്ക്കുന്ന  800 ഡിയിൽ വൈഫൈ, എൻഎഫ്സി എന്നിവയും നിലനിർത്തിയിട്ടുണ്ട്.   

Canon 800 D

പ്രധാന സവിശേഷതകൾ 

750 ഡിയിലെ  19 ഫോക്കസ് പോയിന്റുകളുടെ സ്ഥാനത്ത് പുതിയ ക്യാമറയില്‍ 45 ക്രോസ് ടൈപ്പ് ആട്ടോ ഫോക്കസ് പോയിന്റുകളാണുള്ളത്. മികച്ചതും അതി വേഗതയാര്‍ന്ന ഫോക്കസിങ്ങും കൈവരിക്കാന്‍ ഈ മാറ്റം 800 ഡിയെ സഹായിക്കുന്നുണ്ട്. പഴയ മോഡലിലെ 100-12800 എന്ന ഐഎസ്ഒ റേഞ്ച് 800 ഡി യിലെത്തുമ്പോള്‍ 100-25600 ആയി മാറിയിട്ടുണ്ട്. ഇത്  51200 വരെ ഉയര്‍ത്താനും സാധിക്കും. 750 ഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ഐ എസ് ഒ യിലെ കുറഞ്ഞ നോയിസ്; ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്ക് ഏറെ അനുയോജ്യമായ മധ്യനിര ക്യാമറകളിലൊന്നായി 800 ഡിയേ മാറ്റുന്നു. ലോ എനർജി ബ്ലൂട്ടൂത് കണക്റ്റിവിറ്റി കൂടി ഉൾപ്പെടുത്തിയാണ് 800 ഡി കണക്റ്റിവിറ്റിയുടെ കാര്യത്തിൽ മുൻഗാമിയിൽ നിന്നും വ്യത്യസ്തനാകുന്നത് . അതിവേഗ ഷൂട്ടിങ് മോഡിൽ 750 ഡിയുടെ 5 ഷോട്ട്സ്/സെക്കന്റ് പുതിയ മോഡലിൽ 6 ആയി ഉയർത്തിയിട്ടുണ്ട്.

വീഡിയോ റെക്കോർഡിങ് 

750 ഡിയിലെ 1920x1080 ഫുൾ എച്ച്ഡി റെക്കോർഡിങ് തന്നെയാണ് പുതിയ മോഡലിലും സാധ്യമാകുക. മുൻഗാമിയുടെ  29.97പി, 25.00പി, 23.98പി  എന്നീ  ഫ്രെയിം റേറ്റിലെ   ഷൂട്ടിങ് മോഡുകൾക്കൊപ്പം 59.94പി, 50.00പി ഷൂട്ടിങ് സാധ്യത കൂടി 800 ഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു ക്യാമറകളിലെയും 1280x720 എച്ച് ഡി, വിജിഎ 620x480  ഷൂട്ടിങ് ഫ്രെയിം റേറ്റുകൾ സമാനമാണ്. സിനിമാറ്റിക് മൂവീ റിക്കോർഡിങ് അനുഭവം വാഗ്‌ദാനം ചെയ്യുന്ന എച്ച് ഡിആർ  മൂവീ ഫീച്ചർ, ടൈം ലാപ്സ് മൂവീ റെക്കോർഡിങ് എന്നിവ 800 ഡിയിൽ ലഭ്യമാണ്.  മൂവീ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്ന  സവിശേഷത ട്രൈപോഡ്/മോണോപോഡ് സഹായമില്ലാതെ പകർത്തുന്ന വീഡിയോ ദൃശ്യങ്ങൾക്ക് മികച്ച സ്ഥിരത നൽകുന്നു. 

ഡ്യുവൽ പിക്സൽ സിമോസ് എഎഫ് 

അഡ്വാൻസ് ക്യാമറകളിലേതിന് സമാനമായ ഡ്യുവൽ പിക്സൽ സിമോസ് എഎഫ്( Dual Pixel CMOS AF-DAF) സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ലൈവ് വ്യൂ ഷൂട്ടിങ്ങിലും, മൂവീ ഷൂട്ടിങ് സമയങ്ങളിലും അതിവേഗത്തിലുള്ള ഓട്ടോ ഫോക്കസിംഗ്   സാധ്യമാകുന്നു. വിശ്വസനീയമായ ഫോക്കസ് ട്രാക്കിങ്, ഫോക്കസ് സ്വിച്ചിങ് എന്നിവ സാധ്യമാക്കാൻ 800 ഡി യിലെ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.  ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂവീ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഇമേജ് സ്റ്റെബിലൈസേഷൻ (IS) ലഭ്യമല്ലാത്ത ലെൻസുകളിലും ഉലച്ചിൽ ഇല്ലാത്ത  മികച്ച വീഡിയോ ദൃശ്യങ്ങൾ സമ്മാനിക്കുന്നു. 

Canon 800 D

വിലയിരുത്തൽ 

750 ഡി എന്ന കാമറയുടെ മികച്ച  അപ്ഗ്രഡേഷൻ ഓപ്‌ഷൻ എന്നതിൽ നിന്നും വ്യത്യസ്തമായി ആ മോഡലിനേക്കാൾ  ഭാരക്കുറവും വലിപ്പക്കുറവുമുള്ള ഈ മോഡൽ  വീഡിയോ ഷൂട്ടിങ്ങിനു മികച്ച സൗകര്യങ്ങളോടെയാണ് എത്തുന്നത്. നിക്കോണിന്റെ ഡി  5600 പോലുള്ള മധ്യനിര ക്യാമറകളുമായി മികച്ച മത്സരത്തിനൊരുങ്ങുന്ന കാനോണിന്റെ ഈ ക്യാമറ ഒരുപടി മുന്നിലാണെന്ന് വേണം പറയാൻ. വിവിധ ഗാഡ്‌ജെറ്റുകളുമായി പെയർ ചെയ്തു ചിത്രങ്ങൾ സിങ്ക് ചെയ്യാനുള്ള ലോ എനർജി ബ്ലൂടൂത് സവിശേഷത ഉൾപ്പെടുത്തിയത് എടുത്ത് പറയേണ്ട ഒരു മികവാണ്. വിലയ്‌ക്കൊത്ത മൂല്യം നൽകുന്ന ഈ ക്യാമറ വിപണിയിൽ കാനോണിന് കരുത്ത് പകരുമെന്നത് ഉറപ്പാണ്. 

മികച്ച സ്റ്റിൽ, വീഡിയോ ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഈ മോഡലിന്  131.0 x 99.9 x 76.2 എംഎം വലിപ്പവും  485 ഗ്രാം ഭാരവുമാണുള്ളത്. ബോഡിക്കു മാത്രം 56,995 രൂപ വില വരുന്ന ഈ ക്യാമറ EF-S18-55mm f/4-5.6 IS STM പുതിയ തരം കിറ്റ് വൈഡ് ലെൻസിനൊപ്പവും EF-S55-250mm f/4-5.6 IS STM ടെലിലെൻസിനൊപ്പവും  വാങ്ങാൻ കഴിയും.