ബ്ലിക് വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ നിരീക്ഷണത്തിലാണ്. നമ്മളില്‍ ഭൂരിഭാഗം പേരും ഇന്റര്‍നെറ്റിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍, മൊബൈല്‍ ഡാറ്റയുടെ സ്പീഡിന് നമ്മളെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ വരുന്നുണ്ട്. അതുകൊണ്ടു തന്നെ വൈഫൈയില്‍ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍, പബ്ലിക് വൈഫൈയും ഓപ്പണ്‍ വൈഫൈയും അടിച്ചുമാറ്റുന്നവര്‍ ശ്രദ്ധിക്കുക നിങ്ങളുടെ രഹസ്യങ്ങളെല്ലാം വേറൊരാള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 

പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം പേരും അപകടത്തിലാണെന്നാണ് നോര്‍ടോണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട്-2017 പറയുന്നത്. പബ്ലിക് വൈഫൈ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ധരണയും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സിമാന്‍ടെക് കണ്‍ട്രി മാനേജര്‍ ഋതേഷ് ചോപ്രാ പറഞ്ഞു. 

വ്യാപകമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിലെ ചതിക്കുഴിയെയും അപകടങ്ങളെയും കുറിച്ച് നാം അജ്ഞരാണ്. നമ്മുടെ ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കുന്നത് എത്ര ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം സൈബര്‍ ക്രിമിനലുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമാണെന്നതാണ് വാസ്തവം. ഈ സാഹതര്യത്തില്‍ വേണം പാസ്‌വേര്‍ഡ് നല്കാത്ത പബ്ലിക് വൈഫൈകളില്‍ ഒളിഞ്ഞിരിക്കുന്ന കെണി നാം തിരിച്ചറിയാന്‍. പബ്ലിക് വൈഫൈയില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും മൂന്നാമതൊരാള്‍ക്ക് അനായാസം കണ്ടെത്താന്‍ സാധിക്കും. വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതും, വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതും, ഇ-മെയില്‍ പരിശോധിക്കുന്നതുമെല്ലാം നമ്മുടെ സ്വകാര്യതയിലേക്ക് മൂന്നാമതൊരാള്‍ക്ക് കടന്നുവരാനുള്ള അവസരം ഒരുക്കലാണ്. 

ഇന്ത്യയിലെ 73 ശതമാനം ആളുകളും ഉയര്‍ന്ന സിഗ്നനലുള്ള വൈഫൈ ലഭിച്ചാല്‍ ഉപയോഗിക്കുന്നവരാണ്. 35 ശതമാനം ആളുകളാണ് പബ്ലിക് വൈഫൈ ഉപയോഗിച്ച് വീഡിയോ കാണുന്നത്. 19 ശതമാനം ആളുകള്‍ സ്വന്തം ഇ-മെയില്‍ ഉപയോഗിക്കാന്‍ പബ്ലിക് വൈഫൈ ഉപയോഗിക്കും. എന്നാല്‍, ഇതില്‍ വളരെ ഉയര്‍ന്ന അപകട സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്. ഇതിനു പുറമെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുക, ഫോട്ടോകള്‍ കൈമാറ്റം ചെയ്യുക, ചാറ്റിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്കാണ് നാം പബ്ലിക് വൈഫൈ എന്ന ചതികുഴി ഉപയോഗിക്കുന്നത്. 
15 രാജ്യങ്ങളിലെ 15,000 പേരില്‍ നടത്തിയ പഠനത്തില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ വൈഫൈ അടിച്ചുമാറ്റുന്നവരില്‍ 48 ശതമാനവും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.