നോക്കിയ എന്ന ബ്രാന്‍ഡ്  നാമം മൊബൈല്‍ ഫോണുകളുടെ പര്യായമായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മൊബൈല്‍ എന്ന് പറഞ്ഞാല്‍ ഒരു കാലത്ത് നോക്കിയ മാത്രമായിരുന്നു. ഇത്തരത്തില്‍ ശക്തരായ എതിരാളികളില്ലാതെ ഇലക്ട്രോണിക് വിപണിയില്‍ ഏറെക്കാലം ഒരേ അളവില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു ഉല്പന്നമുണ്ടോ എന്നത് പോലും സംശയമാണ്. നോക്കിയയുടെ തേരോട്ടം വിശകലനം ചെയ്യുമ്പോള്‍ ഏവരുടെയും ശ്രദ്ധയില്‍ ഉടക്കി നില്‍ക്കുന്ന ഉത്പന്നം മൊബൈല്‍ ഫോണുകള്‍ മാത്രമാണെങ്കിലും വാസ്തവം അതല്ല.

ഫിന്‍ലാന്‍ഡ് ആസ്ഥാനമായി 151 വര്‍ഷം മുന്‍പേ സ്ഥാപിതമായ ഈ പ്രസ്ഥാനത്തിന്റെ വേരുകള്‍ ഇന്നും ലോകമെമ്പാടും ഏറെ ആഴത്തില്‍ പരസ്പരം ബന്ധിതമായി കിടക്കുമ്പോള്‍ മികച്ച സേവനത്തിലൂടെ ''കണക്റ്റിംഗ് പീപ്പിള്‍'' എന്ന പരസ്യവാചകം അവര്‍ അന്വര്‍ഥമാക്കുന്നതാണ് ലോകം അനുഭവിച്ചറിഞ്ഞത്. 1865 മെയ് 12 നു സ്ഥാപിതമായി കമ്പനിയുടെ പേരിന്റെ ഉത്ഭവം ഫിന്‍ലന്‍ഡിലെ 'നോക്കിയ' പട്ടണത്തില്‍ നിന്നാണ്.

തുടക്കം പേപ്പര്‍ നിര്‍മാണം

പേപ്പര്‍ പള്‍പ്പ് നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് 1871 ലാണ് നോക്കിയ എന്ന പേര് വീണത്. കമ്പനി രണ്ടാമത്തെ പള്‍പ്പ് നിര്‍മ്മാണ കേന്ദ്രവും നോക്കിയ എന്ന പട്ടണത്തിലാണ് സ്ഥാപിച്ചത്. അങ്ങനെ തങ്ങളുടെ നാട്ടിലെ ഒരു പട്ടണത്തിന്റെ പേര് ഒരു വന്‍കിട കമ്പനിയായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഫിന്‍ലാന്‍ഡ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് ഏകദേശം 90 വര്‍ഷക്കാലം തടി, പേപ്പര്‍ എന്നീ വ്യവസായങ്ങളിലും. വൈദ്യുതി ഉത്പാദനത്തിലും സജീവ സാന്നിധ്യമായിരുന്ന കമ്പനി ടെലഫോണുകളും, കേബിളുകളും നിര്‍മ്മിച്ച് വന്ന ഫിന്നിഷ് കേബിള്‍ വര്‍ക്ക് എന്ന കമ്പനിയെ ഏറ്റെടുത്തതോടെ നോക്കിയയുടെ കെട്ടും മട്ടും മാറി. ഇതിനിടെ ഒരു റബ്ബര്‍ കമ്പനി കൂടി നോക്കിയയുടെ ഭാഗമായതോടെ റബര്‍ ഉത്പന്ന നിര്‍മാണത്തിലും നോക്കിയ സജീവമായി. 'നോക്കിയന്‍' എന്ന പേരിലുള്ള ടയറുകളാണ് ഈ കാലയളവില്‍ ഇവിടെ നിന്നും പുറത്ത് വന്നത്.

ടോയ്ലറ്റ് പേപ്പറില്‍ നിന്ന് ടെലികോമിലേക്ക് 

ടോയ്ലറ്റ് പേപ്പറിലും ഒരു കൈ പയറ്റി നോക്കിയ കമ്പനിക്ക് അവിടെയും കൈപൊള്ളിയില്ല. 1960കളിലായിരുന്നു ടോയ്ലറ്റ് പേപ്പറുമായി നോക്കിയയുടെ വരവ്. 1967ല്‍ നോക്കിയ കോര്‍പ്പറേഷന്‍ എന്ന പേരില്‍ പുത്തന്‍ ഭാവത്തില്‍ അരങ്ങിലെത്തിയ കമ്പനിയ്ക്ക് കപ്പാസിറ്റര്‍ മുതല്‍ നൂതന ടെലികോം ഉത്പന്നങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചു. ഈ അവസരം മുതലെടുത്ത കമ്പനി ഫിന്‍ലന്‍ഡിലെ സേനയ്ക്കായി റേഡിയോ ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങി. ഈ സമയത്തു തന്നെ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും നോക്കിയ കൈവെച്ചെങ്കിലും അതത്ര പച്ചപിടിച്ചില്ല.

മൊബൈല്‍ ഫോണ്‍

Cityman
Cityman

 

സലോര എന്ന ടെലിവിഷന്‍ കമ്പനിയോട് ചേര്‍ന്ന് 'മൊബിര' എന്ന പേരില്‍ നോക്കിയ 1982ല്‍ പുറത്തിറക്കിയ സെനെട്ടര്‍ കാര്‍ഫോണാണ് നോക്കിയയില്‍ നിന്നുള്ള ആദ്യ മൊബൈല്‍ ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 'മൊബൈല്‍' എന്ന അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും സ്വതന്ത്രമായി കൊണ്ട് നടന്നു ഉപയോഗിക്കാന്‍ പറ്റിയ ഫോണ്‍ 1987 ലാണ് നോക്കിയ അവതരിപ്പിക്കുന്നത്. 'സിറ്റിമാന്‍ 900' ( Cityman 900) എന്ന മോഡലായിരുന്നു അത്. ലോകത്ത് ആദ്യ ജി.എസ് .എം നെറ്റ്വര്‍ക്ക് സാക്ഷാത്കരിക്കുന്നതിനായി 1980കളുടെ തുടക്കം മുതല്‍ സീമെന്‍സുമായി കൈകോര്‍ത്ത നോക്കിയ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ തന്നെ 1991 ജൂലായ് ഒന്നിന് ആദ്യ ജിഎസ്എം മൊബൈല്‍
കാള്‍ എന്ന കമ്യൂണിക്കേഷന്‍ രംഗത്തെ പ്രൗഢമായ നാഴികക്കല്ല് പാകി.

വിപണിയിലേക്ക് 

Nokia 1011
Nokia 1011

 

1992 നവംബറില്‍ കമ്പനി പുറത്തിറക്കിയ 'നോക്കിയ 1011' ( Nokia 1011 ) ആണ് നോക്കിയയില്‍ നിന്നും രാജ്യാന്തര വിപണിയിലെത്തിയ ആദ്യത്തെ മൊബൈല്‍ ഫോണ്‍. തുടര്‍ന്ന് 1998ല്‍ മോട്ടൊറോളയെ ഏറ്റെടുത്ത് ലോകത്തെ മികച്ച മൊബൈല്‍ നിര്‍മാതാക്കള്‍ എന്ന പേരെടുക്കാന്‍ നോക്കിയയ്ക്ക് കഴിഞ്ഞു. 2000 വരെ മൊബൈല്‍ ഫോണ്‍ കൂടാതെ ടെലിവിഷനുകള്‍, പിസി കാര്‍ഡുകള്‍ , ഡിഎസ്എല്‍ മോഡം തുടങ്ങിയവയിലൊക്കെ നോക്കിയ ശ്രദ്ധയൂന്നിയിരുന്നു. 'സ്നെയ്ക്ക്' ( Snake Game ) എന്ന ഒരൊറ്റ കളിയിലൂടെ മൊബൈല്‍ ഗെയിമിങ്ങിനു തുടക്കമിട്ട നോക്കിയ 2000 ല്‍ പുറത്തിറക്കിയ 3310 എന്ന മികച്ച മോഡലിലൂടെ മൊബൈല്‍ പ്രേമികളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

മോഡലുകളുടെ പെരുമഴക്കാലം 

Nokia Phones

 

3310യുടെ വിവിധ വേരിയന്റുകള്‍ക്ക് പിന്നാലെയായി ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെട്ട ഫോണ്‍ എന്ന ഖ്യാതി നേടിയ നോക്കിയ 1100 എന്ന മോഡല്‍ 2003ല്‍ പുറത്തിറങ്ങി. 6600 പോലുള്ള സിംബയാന്‍ സ്മാര്‍ട്ട്ഫോണുകളും എന്‍, ഇ, സി തുടങ്ങിയ ശ്രേണിയിലെ ഫോണുകളുമായി പിന്നീടങ്ങോട്ട് നോക്കിയ വിപണി അടക്കിവാണു. നോക്കിയയുടെ ആദ്യ ക്യാമറ ഫോണായ 7650 മുതല്‍ 2012ല്‍ 41 മെഗാപിക്സല്‍ സെന്‍സറുമായി പുറത്തിറങ്ങിയ നോക്കിയ 802 പ്യുവര്‍ വ്യൂ ( Pureview 802 ) എന്ന മോഡല്‍ വരെയുള്ള ക്യാമറാ ഫോണുകള്‍  ഇന്നത്തെ സ്മാര്‍ട്ഫോണ്‍ യുഗത്തിലെ നൂതന ക്യാമറാ സാങ്കേതിക വിദ്യക്ക് അടിസ്ഥാനമിട്ട ഉത്പന്നങ്ങളായിരുന്നു. സീരീസ് 40 പരമ്പരയിലെ ജാവ അധിഷ്ഠിത ഫീച്ചര്‍ ഫോണുകളും അവയ്ക്ക് പിന്നാലെയെത്തിയ ആശാ ശ്രേണി ഫോണുകളും ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ഏറെ വിറ്റഴിക്കപ്പെട്ടു.

അടിപതറുന്നു

ഇന്റലുമായി ചേര്‍ന്ന് നോക്കിയ വികസിപ്പിച്ചെടുത്ത മീഗോ എന്ന സിസ്റ്റം സോഫ്ട്വെയറില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 900 എന്ന ടാബിലൂടെയും, എന്‍ 9 എന്ന സ്മാര്‍ട്ട് ഫോണിലൂടെയും ലിനക്സ് ഒഎസിന്റെ ലോകത്ത് വരെ എത്തിയ നോക്കിയയ്ക്ക് ഐഫോണുകളുടെയും ആന്‍ഡ്രോയിഡിന്റെയും ജനസമ്മതിയ്ക്കൊപ്പം ചുവടുകളും പിഴച്ചു തുടങ്ങി. 2008 ല്‍ ഐഫോണിന്റെ 3ജി മോഡല്‍ എത്തിയത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നോക്കിയക്ക് വലിയ പ്രഹരമായി. നോക്കിയയുടെ പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍, ഫീച്ചര്‍ ഫോണ്‍ മോഡലുകള്‍ വിപണിയില്‍ പിടിച്ചു നില്കാനാകാതെ കുഴങ്ങി. 2010ല്‍ സാംസങ് കൂടി ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ശ്രദ്ധയൂന്നിയതോടെ നോക്കിയയ്ക്ക് നില്‍ക്കള്ളിയില്ലാതായി. 

മൈക്രോസോഫ്റ്റ് കൂട്ടുകെട്ട്‌​

Windows Tablet
Nokia Windows Tablet

 

2011 ഫെബ്രുവരിയില്‍ നോക്കിയ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് സിംബയാനും, മീഗോയ്ക്കും പകരമായി തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ വിന്‍ഡോസ് ഉപയോഗിക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു. തുടര്‍ന്ന് വിന്‍ഡോസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ ഫോണുകള്‍ വിപണിയിലെത്തി. 2012 വരെ നോക്കിയ ഈ ഫോണുകളുമായി പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും 2012 അവസാന പാദത്തില്‍ ഏറെ പിന്നിലേക്ക് പോയ നോക്കിയ ലൂമിയ ഫോണുകള്‍ക്ക് പിന്നീട് വിപണിയെ സ്വാധീനിക്കാന്‍ ഒരവസരവും ലഭിച്ചില്ല . 2013 സെപ്റ്റംബര്‍ രണ്ടിന് നോക്കിയയുടെ മൊബൈല്‍ വില്‍പ്പനാവകാശം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയതോടെ 2014 ഒക്ടോബറില്‍ വരെ നോക്കിയയുടെ ലോഗോ ഉള്‍പ്പെടുത്തിയാണ്  മൈക്രോസോഫ്റ്റ്് ഫോണുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് മൈക്രോസോഫ്റ്റ് സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കുകയും നോക്കിയ എന്ന പേരിനെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മയായി മാറുകയും ചെയ്തു.

തിരിച്ചുവരവ് 

Nokia 6
Nokia 6

 

മൈക്രോസോഫ്റ്റുമായുള്ള ഉടമ്പടി കാലാവധി അവസാനിച്ചതോടെ 2014 നവംബറില്‍ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന എന്‍ 1 എന്ന ഫോക്സ്‌കോണ്‍ നിര്‍മ്മിത ടാബിനെ നോക്കിയ തങ്ങളുടെ ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലവതരിപ്പിച്ചു. തുടര്‍ന്ന് ഫീച്ചര്‍ ഫോണ്‍ നിര്‍മ്മാണാവകാശം മൈക്രോസോഫ്റ്റ് ഫോക്സ്‌കോണിന്റെ ഉപകമ്പനിക്ക് വിറ്റതോടെ ഇവര്‍ക്കൊപ്പം ചേര്‍ന്ന് പുതിയ ഫോണുകള്‍ വിപണിയിലെത്തിക്കാനായി നോക്കിയയുടെ ശ്രമം. ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഒരു പിടി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം കളര്‍ ഡിസ്പ്ളേയും, ക്യാമറയുമൊക്കെ ചേര്‍ത്ത് പരിഷ്‌കരിച്ച 3310 ഫീച്ചര്‍ ഫോണും ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

Nokia 3310
Nokia 3310.

 

പഴയ കാലത്തെ ഓര്‍മ്മകളെ പൊടിതട്ടിയെടുത്ത് 'ഗൃഹാതുര വിപണതന്ത്ര'മാണ് നോക്കിയ പയറ്റുന്നത്. കാലാനുസൃതമായ മാറ്റത്തോടെയാണ് രണ്ടാംവരവെന്നാണ് നോക്കിയ ഉടമകള്‍ അവകാശപ്പെടുന്നത്. നിരവധി മോഡലുകളുമായി മത്സരിക്കാന്‍ എത്തുന്ന നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പഴയകാല പ്രൗഢിയുടെ ലോഗോ പേറുന്ന ഓര്‍മ്മപ്പെട്ടികള്‍ മാത്രമാണോ എന്ന കാത്തിരുന്ന് അനുഭവിച്ചറിയേണ്ട കാര്യമാണ്.