Sundar Pichai
സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സ് അവതരിപ്പിക്കുന്നു. ഫോട്ടോ: ഗൂഗിള്‍.

 

സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളുടെ ക്യാമറ ഉപയോഗിച്ച് സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍. വെള്ളിയാഴ്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അവതരിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ( Google Lens ) ആണ് സെര്‍ച്ചില്‍ പുതിയ വിപ്ലവം കുറിക്കാന്‍ ഒരുങ്ങുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ( Artificial Intelligence -AI ) വരുംകാലത്തിന്റെ ഏറ്റവും വലിയ സാധ്യതയെന്ന് വ്യക്തമാക്കിയാണ് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സ് അവതരിപ്പിച്ചത്. 

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ 'ലെന്‍സി'നാകുമെന്ന് പിച്ചൈ വ്യക്തമാക്കുന്നു.

Google Lens

കാണുന്നത് എന്താണെന്ന് മനസ്സിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ദൃശ്യങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്. അതായത് നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കുമെന്ന് ലളിതമായി പറയാം.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു പൂവിന് നേരെ ക്യാമറ പിടിക്കുന്നുവെന്നിരിക്കട്ടെ. ആ പൂവ് ഏതാണെന്ന് ഗൂഗിള്‍ ലെന്‍സിന് പറയാനാകും. അല്ലെങ്കില്‍, നിങ്ങള്‍ ഒരു സുഹൃത്തിന്റെ വീട്ടിലെ വൈഫൈ റൂട്ടറുമായി കണക്ടു ചെയ്യാന്‍ ശ്രമിക്കുന്നുവെന്നിരിക്കട്ടെ. അതിന്റെ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പ് ചെയ്യുന്നതിന് പകരം ക്യാമറ റൂട്ടറിന്റെ സ്റ്റിക്കറിനു നേരെ പിടിച്ചാല്‍ മതിയാകും.

Google Lens

തീര്‍ന്നില്ല, റസ്റ്ററന്റുകളുടെയും ഷോപ്പുകളുടെയും മറ്റും നേരെ ക്യാമറ പിടിച്ചാല്‍ അവയെ കുറിച്ചുള്ള റിവ്യൂ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാനും ലെന്‍സിനാകും. ഇത്തരത്തില്‍, കാണുന്ന ദൃശ്യങ്ങളില്‍ നിന്നും ഉപയോക്താവിന് ആവശ്യമായ വ്യത്യസ്ത തലങ്ങളിലുള്ള വിവരങ്ങള്‍ നല്‍കാനാവും എന്നതാണ് ലെന്‍സിന്റെ പ്രത്യേകത.

നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയുമായി ലെന്‍സിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നും വൈകാതെ മറ്റ് ഗൂഗിള്‍ പ്രോഡക്ടുകളും ലെന്‍സിന് കൂട്ടായെത്തുമെന്നും പിച്ചൈ അറിയിച്ചു. വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെയുടെ 'ദൃശ്യങ്ങള്‍' കൂടി സെര്‍ച്ചിലേക്ക് എത്തിക്കുന്നതോടെ തങ്ങളുടെ വിവരശേഖരത്തിന്റെ വ്യാപ്തി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.