കാലവും അകലവും കയ്യിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് ചുരുങ്ങുന്ന പുതിയ കാലത്ത് കഥകളിക്കമ്പക്കാരും സ്മാര്‍ട്ട് ആവുകയാണ്. മലയാളത്തിന്റെ ക്ലാസിക് കലകളിലൊന്നായ കഥകളിയുടെ ആസ്വാദനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ കലയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു കൂട്ടം കഥകളിക്കമ്പക്കാരാണ്. ഇന്ന് അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്ന 41 ആട്ടക്കഥകളുടെ സാഹിത്യവും പദങ്ങളുടെ ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുന്ന വിപുലമായ വിവിരശേഖരം ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. 

പിന്നാമ്പുറം: പ്രസിദ്ധ കഥകളി ഗായകനായ കോട്ടക്കല്‍ നാരായണന്‍ കരുമാനയും കര്‍ണാടക സംഗീതജ്ഞനായ വി. ആര്‍ ദിലീപ് കുമാറും ഒരുമിച്ചിരുന്ന ഒരു ജുഗല്‍ബന്ദി സദസിലാണ് ഈ ആശയത്തിന് വിത്തിട്ടത്. സംസാരത്തിനിടെ ഒരു കൃതിയുടെ വരികള്‍ ദിലീപ് കുമാര്‍ ഫോണില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുന്നത് കണ്ട ആശാനാണ് ഈ സംവിധാനം എന്തുകൊണ്ട് കഥകളിയ്ക്കും ആയിക്കൂടാ എന്ന ആശയം മുന്നോട്ട് വച്ചത്. പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ ആശയം സജീവമായി. പ്രവാസികളായ വികാര്‍.ടി.മനയും സുനില്‍കുമാറും ചേര്‍ന്ന് സാങ്കേതിക സഹായം നല്‍കി. കഥകളി എന്ന മൊബൈല്‍ ആപ്പിന്റെ ഉത്ഭവം ഇങ്ങനെയാണ്. 

കഥകളി ആഗോള കലാരൂപമായി വളര്‍ന്നപ്പോള്‍ കഥകളിക്കമ്പക്കാരും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായി. ബ്ലോഗും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും കടന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വളര്‍ന്ന സൗഹൃദങ്ങളും ചര്‍ച്ചകളും വിവരശേഖരണവും ആപ്ലിക്കേഷന്റെ ആധികാരികതയ്ക്ക് കരുത്തായി. 

മൊബൈല്‍ ആപ്പ്: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കഥകളി എന്ന് സേര്‍ച്ച് ചെയ്താല്‍ സൗജന്യമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. www.kathakali.info, www.kathakalipadam.com എന്നീ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ 'കഥകളി' ആപ്പിലൂടെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ആട്ടക്കഥകളിലെ പദങ്ങള്‍ മലയാളത്തിലും മംഗ്ലീഷിലും സേര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. കൂടാതെ കഥകളി സംബന്ധമായ ലേഖനങ്ങളും ഇതിലൂടെ വായിക്കാം. ലോകമെമ്പാടും നടക്കുന്ന കഥകളി അവതരണങ്ങളുടെ വിവരങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയാം. 

ഏറ്റെടുത്തത് വലിയ ദൗത്യം: കഥകളി പദങ്ങളുടെ അര്‍ത്ഥം അറിയാത്തതുകൊണ്ടു മാത്രം ഈ കലാരൂപം ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഇതിലെ വിവരങ്ങള്‍. ലോകം മുഴുവന്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ തനത് കലാരൂപത്തെ പുതിയ തലമുറയിലെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തുന്ന വലിയ ദൗത്യമാണ് കഥകളി ആപ്ലിക്കേഷന്റെ അണിയറക്കാര്‍ നിര്‍വഹിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്റെ കൂടുതല്‍ പരിഷ്‌ക്കരിച്ച പതിപ്പ് ഈ ഓണക്കാലത്ത് കഥകളി പ്രേമികളിലേയ്‌ക്കെത്തും. പാലക്കാട് കഥകളി ട്രസ്റ്റുമായി സഹകരിച്ച് സെപ്റ്റംബര്‍ 9 നാണ് പുതിയ പതിപ്പിന്റെ പ്രകാശനം.