ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകളില്‍ രണ്ട് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഫോണ്‍ വിളിക്കാനാവും, എസ്എംഎസ് അയക്കാനാവും എന്നാല്‍ ഒരു ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണില്‍ രണ്ട് നമ്പറുകള്‍ ഉപയോഗിച്ച് രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കുമോ? രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ അതിന് വഴിയുണ്ട്.

ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സംവിധാനം ഫോണിനകത്ത് തന്നെ ഒരുക്കിയിട്ടുണ്ട്.കൂടാതെ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതിനായി ലഭ്യമാണ്. എന്നാല്‍ ഇതെല്ലാം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമാണ് കിട്ടുക എന്ന് മാത്രം.

നിരവധി ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഈ സൗകര്യം ഫോണിനൊപ്പം തന്നെ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഹോണര്‍ ഇഎംയുഐയില്‍ 'ആപ്പ് ട്വിന്‍' എന്ന പേരിലും ഷവോമി ഫോണുകളില്‍ 'ഡ്യുവല്‍ ആപ്പ്‌സ്' എന്ന പേരിലും ഓപ്പോ ഫോണുകളില്‍ 'ക്ലോണ്‍ ആപ്പ്' എന്ന പേരിലും ഈ സൗകര്യം ലഭ്യമാണ്. അതേസമയം ഈ കമ്പനികളുടെ എല്ലാ ഫോണുകളിലും ഇത് ലഭിക്കുന്നില്ല. 

ഒപ്പോ, ഷവോമി, ഹോണര്‍, ഫോണുകള്‍ ഉപയോഗിക്കുന്നവര്‍- താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

1. വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം, ഫോണ്‍ സെറ്റിങ്‌സില്‍ പോവുക.

2. ഷവോമി ഫോണില്‍ ആപ്പ് സെറ്റിങ്‌സിലോ അല്ലെങ്കില്‍ സിസ്റ്റം സെറ്റിങ്‌സിനൊപ്പമോ ഡ്യുവല്‍ ആപ്പ് എന്ന് കാണാനാവും അത് തിരഞ്ഞെടുക്കുക. ഹോണര്‍ ഫോണിലാണെങ്കില്‍ ആപ്പ് ട്വിന്‍ എന്ന് കാണാം, ഓപ്പോ ഫോണില്‍ ക്ലോണ്‍ ആപ്പും തിരഞ്ഞെടുക്കുക.

3. അപ്പോള്‍ ഒരു ഫോണില്‍ രണ്ടെണ്ണം ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടിക കാണാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് വേണ്ട ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കുക

വിവോ ഫോണില്‍ എങ്ങിനെ രണ്ട് വാട്‌സ്ആപ്പ് ഉപയോഗിക്കാം (വിവോ 5 എസ്)

1. സെറ്റിങ്‌സില്‍ പോവുക
2. അതില്‍ താഴെ ആപ്പ് ക്ലോണ്‍ എന്ന് കാണാം. അത് തിരഞ്ഞെടുക്കുക
3.അതില്‍ ഡിസ്‌പ്ലേ ക്ലോണ്‍ ബട്ടണ്‍ ഇനേബിള്‍ ചെയ്യുക.
4. അതിന് ശേഷം വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. 
5. വാട്‌സ്ആപ്പിന്റെ ഐക്കണില്‍ ലോങ് പ്രെസ്സ് ചെയ്താല്‍ 'x' എന്ന അടയാളത്തിനൊപ്പം + എന്ന അടയാളവും കാണാം.
6.അതില്‍ + തിരഞ്ഞെടുത്താല്‍ രണ്ടാമതൊരു വാട്‌സ്ആപ്പ് കൂടി നിങ്ങളുടെ ഫോണില്‍ കാണാം.

ഇനി ഡ്യുവല്‍ ആപ്പ് ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍?

അതിന് കുറച്ചുകൂടി പണിയുണ്ട്. ഇതിനായി പാരലല്‍ സ്‌പേസ് എന്നൊരു ആപ്ലിക്കേഷന്‍ ലഭ്യമാണ്. അതായത് രണ്ടാമതും ആപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള ഒരു 'പാരലല്‍ സ്‌പേസ്' നല്‍കുന്ന ആപ്പ് ആണിത്. 

അതിനായി - 

1. ഗൂഗിള്‍ പ്ലേയില്‍ നിന്നും പാരലല്‍ സ്‌പേസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അത് തുറക്കുമ്പോള്‍ ക്ലോണ്‍ ആപ്പ് പേജ് തുറന്നു വരും.
2. അതില്‍ ആവശ്യമുള്ള ആപ്പുകള്‍ തിരഞ്ഞെടുക്കുക. എന്നിട്ട് 'ആഡ് റ്റു പാരലല്‍ സ്‌പേസ്' എന്ന ബട്ടണ്‍ അമര്‍ത്തുക.
3. അപ്പോള്‍ പാരലല്‍ സ്‌പേസ് തുറക്കും, അവിടെ നിങ്ങള്‍ക്ക് വേണ്ട ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.

പാരലല്‍ സ്‌പേസ് ഉപയോഗിച്ച് വാടസ്ആപ്പ് മാത്രമല്ല മറ്റ് ആപ്ലിക്കേഷനുകളും ഈ തരത്തില്‍ ഉപയോഗിക്കാവുന്നതാണ്.