ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ ശക്തിപ്പെടുകയാണ് എന്നതിന്റെ ലക്ഷണമാണ് ആഗോള സെര്‍ച്ച് ഭീമനായ ഗൂഗിള്‍ പണമിടപാടുകള്‍ക്കായി തേസ് എന്ന ആപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൊബൈല്‍ വാലറ്റുകളെ പോലെയല്ല ഇതിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്‌ഫോണ്‍ പണമിടപാടുകള്‍ക്കായുള്ള യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേയ്‌സ് സംവിധാനം വഴി രാജ്യത്തെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് തേസ്. 

ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് തേസില്‍ ഉപയോഗിച്ചിരിക്കുന്നത്. 'കാഷ് മോഡ്' എന്നാണ് ഈ ഫീച്ചറിന് പേര്. അതായത് പണം കൈമാറുന്നതിനായുള്ള രണ്ട് ഡിവൈസുകളെ തിരിച്ചറിയുന്നതും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഫോണുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചാണ്. അള്‍ട്രാസോണിക്  ശബ്ദവീചികളായതിനാല്‍ അത് മനുഷ്യന് കേള്‍ക്കാനാവില്ല. അതായത് പണം കൈമാറുന്നതിന് ബാങ്ക് അക്കൗണ്ട് ഫോണ്‍നമ്പര്‍ പോലുള്ള വിവരങ്ങളൊന്നും കൈമാറേണ്ടതില്ല. 

മൈക്കും സ്പീക്കറുമുള്ള ഏത് ഫോണിലും കാഷ് മോഡ് പ്രവര്‍ത്തിക്കും. അതിനായി എന്‍എഫ്‌സി ചിപ്പ് പോലുള്ള പ്രത്യേകം സാങ്കേതിക വിദ്യയുടെയൊന്നും ആവശ്യമില്ല. അള്‍ട്രാസോണിക് ശബ്ദത്തിലൂടെ വിവരങ്ങള്‍ കൈമാറുന്ന ചിര്‍പ് (chirp) എന്ന സാങ്കേതിക വിദ്യയ്ക്ക് സമാനമാണ് ഗൂഗിളിന്റെ ഓഡിയോ ക്യുആര്‍ സംവിധാനവും. 

'ആന്‍ഡ്രോയിഡ് പേ' എന്ന മൊബൈല്‍ വാലറ്റ് സംവിധാനത്തില്‍ നിന്നും ഒരു പടി മുന്നിലേക്ക് കടന്നുള്ള ആശയമാണ് ഗൂഗിള്‍ തേസ്. കാരണം ഇന്ത്യയിലെ ബാങ്കുകളുമായി ബന്ധിപ്പിക്കാന്‍ ഈ ആപ്പിന് സാധിക്കും. തേസ് ആപ്പിന്റെ ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളാണ് ഗൂഗിള്‍ പുറത്തിറക്കിയത്. യുപിഐ വഴി രാജ്യത്തെ 55  ബാങ്കുകളില്‍ നിന്നുള്ള അക്കൗണ്ടുകളെ ഇതുമായി ബന്ധിപ്പിക്കാം.

ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന ലാവ, മൈക്രോമാക്‌സ്, നോക്കിയ, പാനസോണിക് ഫോണുകളില്‍ തേസ് ആപ്പ് നേരത്തെ തന്നെ അപ് ലോഡ് ചെയ്തിട്ടുണ്ടാവുമെന്നും കമ്പനി അറിയിക്കുന്നു. മാറിയ സാമ്പത്തിക സാഹചര്യമായതുകൊണ്ടും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള രാജ്യമായതുകൊണ്ടും ഗൂഗിള്‍ തേസ് ഇന്ത്യയില്‍ വിജയകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.