1938 ല്‍ മൊബൈല്‍ ഫോണ്‍ : യുട്യൂബ് വീഡിയോ സൂപ്പര്‍ഹിറ്റ്

Posted on: 03 Apr 2013
മൊബൈല്‍ ഫോണ്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നാണ് ? ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഒരു വീഡിയോ ക്ലിപ്പിങ് അനുസരിച്ചാണെങ്കില്‍, മൊബൈല്‍ ഫോണിന്റെ ചരിത്രം തന്നെ മാറ്റിയെഴുതേണ്ടി വരും.

യുട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട 1938 ലെ വീഡിയോയില്‍ ഒരു സ്ത്രീ വയര്‍ലെസ്സ് ഫോണില്‍ സംസാരിക്കുന്നത് ചിത്രീകരിച്ചിട്ടുള്ളതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ആദ്യ തെളിവാകാണം അതെന്ന് കരുതുന്നു.

'Time Traveler in 1938 film'
എന്ന പേരില്‍ ഒരു വര്‍ഷം മുമ്പാണ് ആ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. അമേരിക്കയിലെ ഒരു ഫാക്ടറി പരിസരത്തുനിന്ന് ചിത്രീകരിച്ച വീഡിയോഭാഗം ആണത്. 1938 ല്‍ സെല്‍ഫോണില്‍ സംസാരിക്കുന്നത് എങ്ങനെ ചിത്രീകരിച്ചു എന്ന ദുരൂഹത അവശേഷിച്ചു.

ആ ദുരൂഹതയ്ക്ക് ഏതാനും ദിവസം മുമ്പ് അന്ത്യമായതോടെയാണ്, വീഡിയോ യൂട്യൂബില്‍ വന്‍ ഹിറ്റായത്. ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ വ്യൂ ചെയ്തവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. ഇപ്പോള്‍ 11 ലക്ഷത്തിലേറെ തവണ അത് യുട്യൂബില്‍ കണ്ടുകഴിഞ്ഞു.

ഒരു വര്‍ഷം മുമ്പ് യുട്യൂബിലിട്ടത് മുതല്‍ ആ വീഡിയോ ടെക് ബ്ലോഗുകളുടെ ഇഷ്ട ചര്‍ച്ചാവിഷയമായിരുന്നു. കഴിഞ്ഞ ദിവസം 'പ്ലാനെറ്റ്‌ചെക്ക്' (planetcheck) എന്ന യൂസര്‍, ആ വീഡിയോയുടെ രഹസ്യം കണ്ടെത്തിയതായി അവകാശപ്പെട്ട് രംഗത്തു വന്നു.

ഫോണില്‍ സംസാരിക്കുന്നതായി നിങ്ങള്‍ കാണുന്ന സ്ത്രീ എന്റെ മുതുമുത്തശ്ശി ജെര്‍ട്രൂഡ് ജോണ്‍സ് ആണ് - പ്ലാനെറ്റ്‌ചെക്ക് അറിയിച്ചു. 'അന്നവര്‍ക്ക് 17 വയസ്സായിരുന്നു. ഞാനവരോട് ആ വീഡിയോയെക്കുറിച്ച് ചോദിച്ചു. അവരിപ്പോഴും അതെക്കുറിച്ച് വ്യക്തമായി ഓര്‍ക്കുന്നുണ്ട്'.

ആ ഫാക്ടറിയില്‍ ഡ്യൂപോന്റിന് ഒരു ടെലഫോണ്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഉണ്ടായിരുന്നു. അവരവിടെ വയര്‍ലെസ്സ് ടെലഫോണുകള്‍ പരീക്ഷിക്കുന്നുണ്ടായിരുന്നു. ജെര്‍ട്രൂഡിനും മറ്റ് അഞ്ച് സ്ത്രീകള്‍ക്കും ഒരാഴ്ചത്തേക്ക് പരീക്ഷിക്കാന്‍ വയര്‍ലെസ്സ് ഫോണുകള്‍ നല്‍കി -പ്ലാനെറ്റ്‌ചെക്ക് അറിയിച്ചു.

മറ്റൊരു വയര്‍ലെസ് ഫോണ്‍ കൈയിലുള്ള ഒരു ശാസ്ത്രജ്ഞനോടാണ് നടക്കുന്നതിനിടെ ജെര്‍ട്രൂഡ് ഫോണിലൂടെ സംസാരിക്കുന്നത്- പ്ലാനെറ്റ്‌ചെക്ക് പറഞ്ഞു.

എന്നാല്‍, പ്ലാനെറ്റ്‌ചെക്കിന്റെ അവകാശവാദം സ്വതന്ത്രമായ നിലയില്‍ സ്ഥിരീകരിച്ചിട്ടില്ല. അത് സ്ഥിരീകരിക്കപ്പെട്ടാല്‍, ലോകത്തെ ആദ്യ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ തെളിവാകും ഈ വീഡിയോ.

1940 കളില്‍ ചില വയര്‍ലെസ് പരീക്ഷണങ്ങള്‍ ആരംഭിച്ചെങ്കിലും, 1973 വരെ മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ തെളിവാണ് യുട്യൂബ് വീഡിയോ നല്‍കുന്നത്.

TAGS:


Stories in this Section