വിന്‍ഡോസ് 8 ലേക്ക് ആന്‍ഡ്രോയിഡ് ആപ്‌സ്‌

Posted on: 28 Sep 2012


-സ്വന്തം ലേഖകന്‍
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്. രണ്ടും രണ്ട് ലോകങ്ങള്‍. അതുകൊണ്ട് വിന്‍ഡോസ് 8 ല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുമെന്നറിയുമ്പോള്‍ പലര്‍ക്കും വിശ്വാസം വരില്ല. പക്ഷേ, സംഭവം ശരിയാണ്.

വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന കുറെ ലാപ്‌ടോപ്പുകളിലും പി.സി.കളിലുമെങ്കിലും ആന്‍ഡ്രോയിഡ് ആപ്‌സ് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എ.എം.ഡി.(AMD) ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 8 ഉപകരണങ്ങള്‍, ആന്‍ഡ്രോയിഡ് ആപ്‌സിന് വേണ്ടി ഓപ്ടിമൈസ് ചെയ്തായിരിക്കും വിപണിയിലെത്തുക.

ബ്ലൂസ്റ്റാക്‌സ് (Bluestacks) എന്ന സോഫ്ട്‌വേര്‍ കമ്പനിയും എ.എം.ഡി.യും തമ്മിലുള്ള സഹകരണമാണ്, വിന്‍ഡോസ് 8 ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് ആപ്‌സ് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുക.

ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി അഞ്ചു ലക്ഷം ആപ്‌സ് (apps) വിന്‍ഡോസ് 8 കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണൊരുങ്ങുക. അതില്‍ കൂടുതലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളാണ്.

എ.എം.ഡി.യുടെ 'ആപ്‌സോണ്‍' (AppZone) പ്ലെയര്‍ വഴിയാകും വിന്‍ഡോസ് 8 ഉപകരണങ്ങളില്‍ ആന്‍ഡ്രോയിഡ് ആപ്‌സ് ലഭ്യമാകുക. ബ്ലൂസ്റ്റാക്‌സ് നിര്‍മിക്കുന്ന ഒരു സോഫ്ട്‌വേര്‍ കോഡാണ് മൊബൈല്‍ ഫോണ്‍ പ്രോഗ്രാമുകളെ ഡെസ്‌ക് ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും ടാബ്‌ലറ്റുകളിലും പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുക.

മൊബൈല്‍ ഫോണുകളുടെ ചെറുസ്‌ക്രീനുകള്‍ക്കായി നിര്‍മിക്കുന്ന ആപ്‌സ്, ദൃശ്യഭംഗിയോടെ വലിയ സ്‌ക്രീനുകളില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ എ.എം.ഡി. അതിന്റെ ചിപ്പുകളെ ഓപ്ടിമൈസ് ചെയ്യും.

ടാബ്‌ലറ്റുകള്‍ പോലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ക്കും ഡെസ്‌ക്‌ടോപ്പുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും യോജിച്ച വിധമാണ് വിന്‍ഡോസ് 8 ന് മൈക്രോസോഫ്റ്റ് രൂപംനല്‍കുന്നത്. ആ ഒ.എസിനായി ആപ്ലിക്കേഷന്‍ ഇക്കോസിസ്റ്റം രൂപപ്പെടുത്താനുള്ള ശ്രമവും മൈക്രോസോഫ്റ്റ് തുടരുകയാണ്.

നിലവില്‍ മൈക്രോസോഫ്റ്റിന്റെ 'വിന്‍ഡോസ് സ്‌റ്റോറി'ല്‍ (Windows Store) ഏതാണ്ട് 2000 ആപ്‌സ് മാത്രമേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് 8 ഔദ്യോഗികമായി അവതരിപ്പിക്കപ്പെടാന്‍ ഒരുമാസം കൂടിയേ ഉള്ളൂ എന്നോര്‍ക്കുക. ആ നിലയ്ക്ക് ലക്ഷക്കണക്കിന് മൊബൈല്‍ ആപ്‌സ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിന്‍ഡോസ് 8 ഉപകരണം ഒരു ആകര്‍ഷണം തന്നെയാകും.
TAGS:
windows 8  |  microsoft  |  amd  |  android apps  |  personal computing 


Stories in this Section