വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇന്ത്യയിലേക്കും; നേതൃനിരയില്‍ മലയാളി

Posted on: 04 Oct 2011


-സ്വന്തം ലേഖകന്‍കോഴിക്കോട് : വിക്കിപീഡിയ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യമായാണ് അമേരിക്കയ്ക്ക് വെളിയില്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നേരിട്ടെത്തുന്നത്. അതിനായി രൂപംനല്‍കിയിട്ടുള്ള 'ഇന്ത്യ പ്രോഗ്രാംസ് ടീമി'ലെ അഞ്ചംഗങ്ങളില്‍ ഒരാള്‍ പാലക്കാട് സ്വദേശി ഷിജു അലക്‌സാണ്.

ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ബാഹുല്യമാണ് ഇത്തരമൊരു നീക്കത്തിന് വിക്കിമീഡിയ ഫൗണ്ടേഷനെ പ്രേരിപ്പിച്ചത്. ആഗോളതലത്തില്‍ ഇംഗ്ലീഷിലുള്‍പ്പടെ 270 ഭാഷകളില്‍ വിക്കിപീഡിയ ഉണ്ട്. അതില്‍ മലയാളം വിക്കിപീഡിയ അടക്കം 20 എണ്ണം ഇന്ത്യന്‍ ഭാഷകളിലാണ്. ഇനിയൊരു 20 ഇന്ത്യന്‍ ഭാഷാവിക്കികള്‍ അണിയറയില്‍ സജ്ജമാകുന്നുമുണ്ട്.

ഇന്ത്യയില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധ്യതയുള്ള ഏതാണ്ട് 400 ഭാഷകളുണ്ടെന്നാണ് കണക്ക്. ഈ പശ്ചാത്തലത്തിലാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇന്ത്യയ്ക്കായി പ്രത്യേകമൊരു ടീമിനെ സജ്ജമാക്കുന്നത്. ഇത്രകാലവും വിക്കിസംരംഭങ്ങളില്‍ സഹകരിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇനി ആ പ്രവര്‍ത്തനങ്ങള്‍ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടാകും. ഡല്‍ഹി കേന്ദ്രമാക്കിയാണ് ഇന്ത്യ പ്രോഗ്രാംസ് ടീം പ്രവര്‍ത്തിക്കുക.

അഞ്ചംഗ ഇന്ത്യന്‍ ടീമില്‍ വിക്കിപീഡിയയുടെ പ്രാദേശികഭാഷാ സംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്ന സുപ്രധാന ദൗത്യമാണ് മലയാളിയായ ഷിജു അലക്‌സിനെ ഏല്‍പ്പിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയുടെ സജീവ പ്രവര്‍ത്തകനെന്ന നിലയ്ക്ക് വിക്കി സമൂഹത്തിന് സുപരിചിതനാണ് ഷിജു അലക്‌സ്. പൂണെയിലും ബാംഗ്ലൂരിലും ടെക്‌നിക്കല്‍ റൈറ്ററായി ജോലി ചെയ്ത അദ്ദേഹം, വര്‍ഷങ്ങളായി വിക്കി സംരംഭങ്ങളിലെ സജീവ സാന്നിധ്യമാണ്.

പാലക്കാട് പനയംപാടത്ത് കോളോത്ത് മണ്ണില്‍ വീട്ടില്‍ കെ.സി.കൊച്ചുണ്ണിയുടെയും കുഞ്ഞുമോളുടെയും മകനായ ഷിജു അലക്‌സ്, നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബംഗഌര്‍ യൂണിവേഴ്‌സിറ്റിയുടെ ജ്ഞാനഭാരതി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മഞ്ജു സി.തോമസാണ് ഭാര്യ, സിറില്‍ മകനും.

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാഷാസംരംഭങ്ങള്‍ക്ക് കരുത്തു പകരാന്‍ മറ്റൊരു മലയാളി കൂടി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. പ്രാദേശികഭാഷകള്‍ക്കുള്ള കമ്പ്യൂട്ടിങ് സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ ആഗോളതലത്തില്‍ രൂപംനല്‍കിയ 'ഇന്റര്‍നാഷണലൈസേഷന്‍ ആന്‍ഡ് ലോക്കലൈസേഷന്‍ ഫീച്ചേഴ്‌സ് ടീമി'ല്‍ ഇടംപിടിച്ച സന്തോഷ് തോട്ടിങ്ങലാണത്. മലയാളം കമ്പ്യൂട്ടിങ് രംഗത്ത് ഏറെ സംഭാവനകള്‍ നടത്തിയിട്ടുള്ള സന്തോഷും മലയാളം വിക്കി സമൂഹത്തിന് സുപരിചിതനാണ്.

ഇത്രകാലവും ഇംഗ്ലീഷ് ഭാഷയ്ക്കാണ് വിക്കി മീഡിയ ഫൗണ്ടേഷന്‍ കാര്യമായ പ്രാധാന്യം നല്‍കിയിരുന്നത്. അതാത് സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങിന് കാര്യമായ മുന്നേറ്റമുണ്ടാക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സര്‍ക്കാരുകള്‍ ഭാഷാകമ്പ്യൂട്ടിങിന് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്, ആ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ തീരുമാനിച്ചത്. അതിന്റെ ഫലമായാണ് സന്തോഷ് ഉള്‍പ്പെട്ട ടീം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
TAGS:


Stories in this Section