വിക്കിപീഡിയ എഡിറ്റിങ് : പി ആര്‍ സ്ഥാപനം നിരീക്ഷണത്തില്‍

Posted on: 10 Dec 2011


-സ്വന്തം ലേഖകന്‍ഒരു പബ്ലിക് റിലേഷന്‍സ് (പി ആര്‍) സ്ഥാപനം അതിന്റെ കക്ഷികള്‍ക്കുവേണ്ടി വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തിരുത്താനും എഡിറ്റുചെയ്യാനും ആരംഭിക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുന്ന ഏര്‍പ്പാടാകും അത്.

അത്തരമൊരു കാര്യം അരങ്ങേറുന്നത് കണ്ടെത്തിയതിന്റെ നടുക്കത്തിലാണിപ്പോള്‍ വിക്കിപീഡിയ അധികൃതര്‍. ബ്രിട്ടനിലെ 'ബെല്‍ പോട്ടിന്‍ഗര്‍' എന്ന പി ആര്‍ സ്ഥാപനം തങ്ങളുടെ കക്ഷികള്‍ക്കുവേണ്ടി വിക്കിപീഡിയ എഡിറ്റുചെയ്യുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നൂറുകണക്കിന് തിരുത്തലുകള്‍ വിക്കിപീഡിയയില്‍ കമ്പനി നടത്തിയതായാണ് തെളിഞ്ഞത്.

അതെത്തുടര്‍ന്ന് ബെല്‍ പോട്ടിന്‍ഗറുമായി ബന്ധപ്പെട്ട 11 അക്കൗണ്ടുകള്‍ വിക്കിപീഡിയ മരവിപ്പിച്ചു. കൂടുതല്‍ അക്കൗണ്ടുകള്‍ വഴി കമ്പനി എഡിറ്റിങ് നടത്തുന്നുണ്ടോ എന്നകാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന്, വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് 'ഫിനാഷ്യല്‍ ടൈംസി'നോട് പറഞ്ഞു.

വിക്കിപീഡിയയില്‍ എഡിറ്റിങ് നടത്തുന്ന കാര്യം ബെല്‍ പോര്‍ട്ടിന്‍ഗര്‍ സമ്മതിച്ചു. എന്നാല്‍, നിയമവിരുദ്ധമായി എന്തെങ്കിലും തങ്ങള്‍ ചെയ്തതായി കരുതുന്നില്ല, തെറ്റായ വിവരങ്ങളൊന്നും വിക്കിപീഡിയയില്‍ ചേര്‍ത്തിട്ടില്ല. ഏതെങ്കിലും ഉത്പന്നത്തിന് ഇല്ലാത്ത മഹത്വമുണ്ടാക്കാനും ശ്രമിച്ചിട്ടില്ല -കമ്പനി വക്താവ് അറിയിച്ചു.

പി ആര്‍ സ്ഥാപനത്തിന്റെ നടപടി ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന്, ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ജിമ്മി വെയ്ല്‍സ് ആരോപിച്ചു. 'ഇത്തരമൊരു കേസ് ഒരിക്കലും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല'-അദ്ദേഹം പറഞ്ഞു. പി ആര്‍ സ്ഥാപനങ്ങള്‍ അവയുടെ പെരുമാറ്റച്ചട്ടം പാലിക്കണമെന്നാണ് താന്‍ പൊതുവായി പറയാറുള്ളത്. എങ്കില്‍ ഇത്തരം നടപടികള്‍ ഉണ്ടാകില്ല, വിക്കിപീഡിയ സ്ഥാപന്‍ ചൂണ്ടിക്കാട്ടി.

ആര്‍ക്കുവേണമെങ്കിലും തിരുത്തുകയും എഡിറ്റുചെയ്യുകയും ചെയ്യാവുന്ന ഒന്നാണ് വിക്കിപീഡിയ. എങ്കിലും വ്യക്തിപരമോ വാണിജ്യപരമോ ആയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ തിരുത്തലുകള്‍ നടത്തരുതെന്ന്, യൂസര്‍മാരോട് വിക്കിപീഡിയയുടെ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.

സെര്‍ച്ച് എഞ്ചിന്‍ ഓപ്റ്റിമൈസേഷന്‍ കണ്‍സള്‍ട്ടന്റും ബ്ലോഗറുമായ ടിം ഐര്‍ലന്‍ഡ് ആണ് ഇക്കാര്യം ആദ്യം വെളിച്ചത്തു കൊണ്ടുവന്നത്. 'Biggleswiki' എന്ന യൂസറുടെ വിക്കിപീഡിയ എഡിറ്റിങാണ് ഐര്‍ലന്‍ഡില്‍ സംശയമുണര്‍ത്തിയത്.

ബെല്‍ പോട്ടിന്‍ഗറിന്റെ ഒട്ടേറെ കക്ഷികളെ സംബന്ധിച്ച വിക്കിപീഡിയ ലേഖനങ്ങളില്‍ നിന്ന് ആ യൂസര്‍നാമത്തിലുള്ളയാള്‍ മോശമായവ നീക്കംചെയ്യുകയും നല്ല സംഗതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതായി ഐര്‍ലന്‍ഡ് കണ്ടു. മാത്രമല്ല, ചില ലേഖനങ്ങളുടെ കാര്യത്തില്‍ മറ്റാരെങ്കിലും പേജില്‍ മാറ്റം വരുത്താതിരിക്കാന്‍ 'എഡിറ്റ് സംരക്ഷണ'വും 'Biggleswiki' ആവശ്യപ്പെട്ടു!

ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിക്കിപീഡിയ അന്വേഷണം ആരംഭിച്ചത്. 'Biggleswiki' യെക്കുറിച്ചുള്ള അന്വേഷണം എത്തിയത് ബെല്‍ പോട്ടിന്‍ഗറിന്റെ കമ്പ്യൂട്ടറിലേക്കാണ്.

Diginerd84
എന്ന അക്കൗണ്ടാണ് ബെല്‍ പോട്ടിന്‍ഗറുമായി ബന്ധപ്പെട്ട് വിക്കിപീഡിയ മരവിപ്പിച്ച മറ്റൊരെണ്ണമെന്ന് ജിമ്മി വെയ്ല്‍സ് അറിയിച്ചു. ഇത്തരം 11 അക്കൗണ്ടുകള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം നൂറിലേറെ എഡിറ്റിങ് വിക്കിപീഡിയയില്‍ നടത്തിയതായും കണ്ടെത്തി.

ബ്രിട്ടനിലെ പ്രമുഖ പി ആര്‍, ലോബീങ് കമ്പനികളിലൊന്നാണ് ബെല്‍ പോട്ടിന്‍ഗര്‍ (Bell Pottinger). ശ്രീലങ്ക പ്രസിഡന്റ് യു.എന്നില്‍ നടത്തിയ പ്രസംഗം തയ്യാറാക്കിയത് ഈ സ്ഥാപനമാണെന്ന വിവരം, 'ബ്യൂറോ ഓണ്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭരണനേതൃത്വത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇവര്‍ ലോബീങ് നടത്തുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.Stories in this Section