വിക്കഡ് ലീക്കിന്റെ വാമി സെന്‍സേഷന്‍

Posted on: 12 Dec 2012


-പി.എസ്.രാകേഷ്‌
2009 ലാണ് കഥ തുടങ്ങുന്നത്. ആദിത്യ മേത്ത എന്ന എം.ബി.എ.ക്കാരന്‍ പയ്യന്‍ വിക്കഡ് ലീക്ക്‌സ് എന്ന പേരിലൊരു ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് സ്‌റ്റോര്‍ തുടങ്ങി. കൂട്ടിനുണ്ടായിരുന്നത് എം.ബി.എ. പഠനകാലത്തെ കുറച്ചു സുഹൃത്തുക്കളും അഞ്ച് ജോലിക്കാരും മാത്രം. സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയാണ് വിക്കഡ്‌ലീക്ക്‌സ് വില്‍പനയ്ക്ക് വച്ചത്.

മുംബൈയിലെ ചെമ്പൂരിലുള്ള ആദിത്യ മേത്തയുടെ വീടായിരുന്നു കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ്. മൂന്നുവര്‍ഷം കൊണ്ട് കമ്പനിക്കുണ്ടായ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ ആയിരത്തിലേറെ ജീവനക്കാരും കോടികളുടെ വിറ്റുവരുമുള്ള വമ്പന്‍ സ്ഥാപനമായി വിക്കഡ്‌ലീക്ക്‌സ് മാറിക്കഴിഞ്ഞു.

ഫ്ലാപ്പ്കാര്‍ട്ട് പോലെയോ ഇന്‍ഫിബീം പോലെയോ ജനങ്ങള്‍ക്കിടയില്‍ വിക്കഡ്‌ലീക്ക്‌സ് എന്ന പേര് എത്തിയിട്ടുണ്ടാവില്ല. പരസ്യങ്ങള്‍ക്കായി ഒരു പൈസ പോലും ചെലവാക്കില്ല എന്ന നിര്‍ബന്ധം കൊണ്ടാണിതെന്ന് ആദിത്യ മേത്ത പറയും. 'പരസ്യത്തിനുവേണ്ടി മാറ്റിവെക്കുന്ന തുകയുണ്ടെങ്കില്‍ ഉത്പന്നങ്ങളുടെ വില പരമാവധി കുറയ്ക്കാന്‍ കഴിയും. അതാണ് വിക്കഡ്‌ലീക്ക് ചെയ്യുന്നത്. ആളുകള്‍ പരസ്പരം പറഞ്ഞറിഞ്ഞും ഫെയ്‌സ്ബുക്കിലൂടെയുമൊക്കെയാണ് വിക്കഡ് ലീക്കിനു പരസ്യം കിട്ടുന്നത്. അതു ധാരാളം മതി'- മേത്തയുടെ വാക്കുകള്‍.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വന്തം ബ്രാന്‍ഡ് നാമത്തിലുള്ള ഉത്പന്നങ്ങളാണ് വിക്കഡ് ലീക്ക്‌സ് വില്‍ക്കുന്നത്. ഐഫോണ്‍ 5ന്റെയും ഗാലക്‌സി നോട്ടിന്റെയും അതേ സ്‌പെസിഫിക്കേഷനുകളുള്ള മോഡലുകള്‍ കുറഞ്ഞ വിലയ്ക്ക് വാറന്റിയോടെ സൈറ്റ് വില്‍പനയ്ക്ക് വച്ചപ്പോള്‍ ആളുകള്‍ ധൈര്യമായി അതു വാങ്ങാന്‍ തുടങ്ങി. ഇപ്പോഴിതാ 'വാമി സെന്‍സേഷന്‍' എന്നൊരു പുത്തന്‍ മോഡലിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചിരിക്കുന്നു. പേര് സെന്‍സേഷന്‍ എന്നാണെങ്കിലും കാഴ്ചയിലും കരുത്തിലും ആള്‍ സാംസങ് എസ് 3 യുടെ തനിപ്പകര്‍പ്പ് തന്നെ.

4.7 ഇഞ്ച് വലിപ്പവും 1280 ത 720 പിക്‌സല്‍സ് റിസൊല്യൂഷനുമുള്ള സ്‌ക്രീനോടുകൂടിയ സെന്‍സേഷന്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. സാംസങ് എസ് ത്രിയോട് കിടപിടിക്കുന്ന ഇന്‍പ്ലേന്‍ സ്വിച്ചിങ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് സെന്‍സേഷനിലേത്.

1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി.കാര്‍ഡുകള്‍ പവര്‍ത്തിപ്പിക്കാനുള്ള ശേഷി, ഡ്യുവല്‍ സിം, 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, മൂന്ന് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ... സാങ്കേതിക കരുത്തിന്റെ കാര്യത്തില്‍ വന്‍കിട ബ്രാന്‍ഡുകളോട് ഒപ്പം നില്‍ക്കാന്‍ വാമി സെന്‍സേഷനാകുന്നുണ്ട്.

കണക്ടിവിറ്റിക്കായി ഇന്‍ബില്‍ട്ട് ജി.പി.എസ്., അസിസ്റ്റഡ് ജി.പി.എസ്., ത്രിജി, വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ സെന്‍സേഷനിലുണ്ട്. 2000 എം.എ.എച്ച്. ലിത്തിയം ബാറ്ററിയാണ് സെന്‍സേഷന് ഊര്‍ജം പകരുന്നത്. തുടര്‍ച്ചയായ നാലു മണിക്കൂര്‍ സംസാരസമയവും 200 മണിക്കൂര്‍ നേരത്തെ സ്റ്റാന്‍ഡ്‌ബൈ ആയുസ്സും കമ്പനി ഈ ഫോണിന് ഉറപ്പ് നല്‍കുന്നു.

145 ഗ്രാം ഭാരമുള്ള വാമി സെന്‍സേഷന്‍ വെള്ളനിറത്തിലാണ് വിപണിയിലെത്തുക. ഫോണിന് 16,000 രുപയാണ് വിക്കഡ് ലീക്ക്‌സ് നിശ്ചയിച്ചിരിക്കുന്ന വില. ഡിസംബര്‍ 19 മുതല്‍ വിതരണം തുടങ്ങുന്ന സെന്‍സേഷന്‍ ഇപ്പോള്‍ തന്നെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

വില അല്‍പം കൂടുതലല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ എങ്കില്‍ 34,900 രുപ മുടക്കി സാംസങ് എസ് ത്രി വാങ്ങിക്കോളൂ എന്നായിരിക്കും ആദിത്യ മേത്തയുടെ മറുപടി. സാംസങിന്റെ ബ്രാന്‍ഡ് മികവിനോടും നിര്‍മാണത്തിലെ പെര്‍ഫെക്ഷനോടൊന്നും സെന്‍സേഷന് മത്സരിക്കാനാവില്ലെന്നുറപ്പാണ്. എങ്കിലും പകുതിവിലയ്ക്ക കാഴ്ചയിലും കരുത്തിലും എസ് ത്രിയോട് കിടപിടിക്കുന്ന ഒരു ഫോണ്‍ കിട്ടുമെന്ന പ്രലോഭനത്തില്‍ ചെറുപ്പക്കാരെങ്കിലും വീഴാന്‍ സാധ്യതയുണ്ട്.
TAGS:


Stories in this Section