പാസ്‌വേഡുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ സങ്കേതം വരുന്നു

Posted on: 23 Jan 2013


- ബി.എസ് ബിമിനിത്‌
പാസ്‌വേഡുകളുടെ യുഗമാണിത്. അവയില്ലാതെ ജീവിക്കാന്‍ പറ്റാത്ത കാലം. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ മുതല്‍ ഈമെയില്‍ അക്കൗണ്ട് തുറക്കാന്‍ വരെ പാസ്‌വേഡുകള്‍ കൂടിയേ തീരൂ.

എന്നാല്‍, പാസ്‌വേഡുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വന്നാല്‍ എന്തുചെയ്യും. എല്ലാവരും ശരിക്കും വെള്ളംകുടിക്കും!

2012 പാസ്‌വേഡ് ഹാക്കിങ്ങുകളുടേയും തട്ടിപ്പുകളുടേയും വര്‍ഷമായിരുന്നു. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത തരം ഐഡന്റിറ്റി തട്ടിപ്പുകള്‍ പുറത്തുവന്നത് ആഗോള ഐടി വമ്പന്‍മാരെ വരെ അങ്കലാപ്പിലാക്കി.

ഈ അങ്കലാപ്പില്‍ നിന്ന് കരകയറാനും പാസ്‌വേഡുകള്‍ ഒരുക്കുന്ന കെണികള്‍ ഒഴിവാക്കാനും ഗൂഗിള്‍ രംഗത്ത് വരികയാണ്.

ഗൂഗിളിന്റെ ചിന്ത ഇങ്ങനെയാണ്. കീബോഡുപയോഗിച്ച് പാസ്‌വേഡ് ടൈപ്പ് ചെയ്യുന്ന പരിപാടി ഇനി വേണ്ട. പകരം യു.എസ്.ബി വഴി ഒരു പുതിയ 'സൂത്രം' ഉപയോഗിച്ച് ഗൂഗിള്‍ അക്കൗണ്ടില്‍ കയറാം. വേണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചും അക്കൗണ്ടു തുറക്കാം.

പാസ്‌വേഡിന് പകരം ഗൂഗിള്‍ ആവിഷ്‌ക്കരിക്കുന്ന ബദല്‍ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് IEEE Security & Privacy Magazine ന്റെ അടുത്ത ലക്കത്തില്‍ പുറത്തുവരും.

പാസ്‌വേഡെന്ന വെര്‍ച്വല്‍ താക്കോലില്‍ നിന്നും യഥാര്‍ത്ഥ ഇ-താക്കോലിലേക്കുള്ള മാറ്റം തുടക്കത്തില്‍ ഇത്തിരി ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിലും, ക്രമേണ ഉപയോഗിച്ച് ശീലമായിക്കൊള്ളുമെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ഗൂഗിളിന്റെ സുരക്ഷാചുമതലയുള്ള വൈസ് പ്രസിഡന്റ് എറിക് ഗ്രോസ്സെയും ഇന്ത്യക്കാരനായ എന്‍ജിനീയര്‍ മായങ്ക് ഉപാധ്യായയും പറയുന്നത്. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

യുബികോ ക്രിഫ്‌റ്റോഗ്രാഫിക് കാര്‍ഡുപോലെ ( www.yubico.com) കമ്പ്യൂട്ടറിലെ യു.എസ്.ബിയില്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. ഇവ കമ്പ്യൂട്ടറില്‍ പ്ലഗ്ഗു ചെയ്യുന്നതോടെ തനിയെ ഗൂഗിള്‍ അക്കൗണ്ടു തുറക്കും. പ്രത്യേക സോഫ്റ്റ്‌വേറിന്റെ ആവശ്യമില്ല.

കുറച്ച് കാശ് തുടക്കത്തില്‍ ചെലവാകുമെന്നതും കൈയില്‍ കൊണ്ടു നടക്കണമെന്നതുമൊഴിച്ചാല്‍ എടുത്തുപറയത്തക്ക പ്രശ്‌നങ്ങളൊന്നും ഒറ്റനോട്ടത്തിലില്ല. സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടര്‍ വഴിയോ തന്നെ കൈവിരലുപയോഗിച്ച് ആളെ തിരിച്ചറിഞ്ഞ് അക്കൗണ്ട് തുറക്കുന്ന വിദ്യയാണ് മറ്റൊന്ന്.

ആദ്യത്തേത് കോര്‍പ്പറേറ്റ് അക്കൗണ്ടുകളെ ലക്ഷ്യമിട്ടും രണ്ടാമത്തേത് സാധാരണ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ടുമാണ് തയ്യാറാക്കുന്നതെന്നാണ് വിലയിരുത്തല്‍. സാധാരണക്കാരന് ഉപയോഗിക്കാന്‍ നിലവിലുള്ള പാസ്‌വേഡ് സംവിധാനം നിലനിര്‍ത്തുകയും ചെയ്യും.

സ്ഥിരം കമ്പ്യൂട്ടറില്‍നിന്ന് മാറി അക്കൗണ്ട് തുറക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഉപയോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് സ്വകാര്യ കോഡ് നല്‍കുകയും അതുപയോഗിച്ച് അക്കൗണ്ട് തുടര്‍ന്നുപയോഗിക്കുകയും ചെയ്യാവുന്ന സുരക്ഷാ സംവിധാനം ഈ അടുത്ത കാലത്ത് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ചൂണ്ടയിട്ട് പാസ്‌വേഡ് തട്ടുന്ന (phishing) വിരുതന്മാരെ അകറ്റാന്‍ ഈ സംവിധാനത്തിനും ആയില്ല. ഈ സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ നീക്കം.
TAGS:
usb keys  |  passwords  |  google  |  innovation 


Stories in this Section