ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ അറസ്റ്റ്; ചൈനയില്‍ പ്രതിഷേധം

Posted on: 22 Nov 2012


-സ്വന്തം ലേഖകന്‍
ട്വിറ്റര്‍ അപ്‌ഡേറ്റിന്റെ പേരില്‍ ചൈന അറസ്റ്റുചെയ്തയാളെ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ ആയിരക്കണക്കിന് വെബ് ഉപയോക്താക്കളാണ് ഒപ്പുവെച്ചത്.

ചൈനയിലെ പുതിയ നേതൃത്വത്തെയും പതിനെട്ടാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ പോസ്റ്റുചെയ്ത ഷായി ഷിയാവൊബിങ് എന്ന ബെയ്ജിങ് സ്വദേശിയൊണ് പിടിയിലായത്. ചൈനയില്‍ പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുന്നതിന് മുമ്പ്, നവംബര്‍ 15 ന് അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് മുംബൈ നഗരം നിശ്ചലമായതിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്ത രണ്ടു യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തത് വന്‍വിവാദമായ വേളയിലാണ്, ഏതാണ്ട് സമാനമായ സംഭവം ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാം നാഷണല്‍ കോണ്‍ഗ്രസിനെ ഹൊറര്‍ സിനിമയായ 'ഫൈനല്‍ ഡെസ്റ്റിനേഷനു'മായി ഉപമിക്കുന്നതാണ്, ഷിയാവൊബിങിന്റെ ട്വിറ്റര്‍ പോസ്റ്റ്. ആ സിനിമയില്‍ ആദ്യം എല്ലാവരും രക്ഷപ്പെടുമെങ്കിലും പിന്നീട് ഒരോരുത്തരായി മരിക്കുന്നു.

നവംബര്‍ നാലിന് പോസ്റ്റു ചെയ്ത അപ്‌ഡേറ്റിനെ ചൈനീസില്‍നിന്ന് വിവര്‍ത്തനം ചെയ്താല്‍, '#SpoilerTweet# #EnterAtYourPeril# Final Destination 6 arrive soon' എന്നാണ് തുടങ്ങുന്നത്.

തുടര്‍ന്ന് അതിങ്ങനെ വായിക്കാം: 'ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിള്‍ പൊടുന്നനെ തകര്‍ന്നു വീഴുന്നു. അതിനകത്തുള്ള രണ്ടായിരത്തിലേറെപ്പേരില്‍ ഏഴുപേര്‍ മാത്രം രക്ഷപ്പെടുന്നു'.

'രക്ഷപ്പെട്ടവരില്‍ ഓരോരുത്തരായി പിന്നീട് വിചിത്രരീതികളില്‍ മരിക്കുന്നു. ഇത് ദൈവത്തിന്റെ കളിയാണോ, അതോ പിശാച് അവന്റെ ക്രോധം പുറത്തുവിടുന്നതോ?'

'നരകകവാടം തുറക്കുന്നതില്‍ 18 എന്ന നിഗൂഢസംഖ്യയ്ക്ക് എന്ത് പങ്കാണുള്ളത്? നടുക്കമുളവാക്കുന്ന ആദ്യപ്രദര്‍ശനം നവംബര്‍ 8 നാണോ?'
ട്വീറ്റ് അവസാനിക്കുന്നു.

ഇതില്‍ പരാമര്‍ശിക്കുന്ന എല്ലാ സംഗതികളും ചൈനീസ് നേതൃത്വമാറ്റവുമായി ബന്ധപ്പെട്ടതാണ്. 18-ാം പാര്‍ട്ടികോണ്‍ഗ്രസ് ആരംഭിച്ചത് ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ നവംബര്‍ 8 നാണ്. പുതിയ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളാണുള്ളത്. അതില്‍ ഒരാള്‍ ചൈനയുടെ പുതിയ നേതാവ് ഷി ജിന്‍പിങ് ആണ്.

നവംബര്‍ 15 ന് പിടിയിലായ ഷിയാവൊബിങ് മിയുന്‍ ജയിലിലുള്ളതായി 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യല്‍ മീഡിയ സൈറ്റുകളെ തുടര്‍ച്ചയായി ചൈനീസ് അധികൃതര്‍ നിരീക്ഷിക്കാറുണ്ട്. ഷിയാവൊബിങിന്റെ അറസ്റ്റിലുള്ള പ്രത്യേകത, ട്വിറ്റര്‍ അപ്‌ഡേറ്റിന്റെ പേരിലാണ് അറസ്റ്റ് എന്നതാണ്. കാരണം ട്വിറ്റര്‍ ചൈനയില്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുള്ള സര്‍വീസാണ്.

ചൈനയില്‍ ട്വിറ്ററിന് പകരക്കാരനായി രംഗത്തുള്ളത് Weibo എന്ന മൈക്രോബ്ലോഗിങ് സൈറ്റാണ്. ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, ഏതാണ്ട് ഏതാണ്ട് 350 ലക്ഷം ചൈനക്കാര്‍ ട്വിറ്റര്‍ സര്‍വീസ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 'വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) അല്ലെങ്കില്‍ പ്രോക്‌സി സെര്‍വറുകള്‍ വഴിയാണ് അവരിത് സാധിക്കുന്നത്.

ട്വിറ്ററിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ ചൈനീസ് അധികൃതര്‍ക്ക് സാധിക്കാറില്ലെങ്കിലും, അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സംഗതികള്‍ അവര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നിരിക്കിലും, എങ്ങനെയാണ് അപരനാമത്തില്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്ന ഷിയാവൊബിങിനെ തിരിച്ചറിഞ്ഞതെന്ന് വ്യക്തമല്ല.

ട്വിറ്റര്‍ അപ്‌ഡേറ്റുകളുടെ പേരില്‍ മുമ്പും ചൈനയില്‍ അറസ്റ്റ് നടന്നിട്ടുണ്ട്.
TAGS:


Stories in this Section