ഫോണ്‍ നമ്പര്‍ പോലും സ്വകാര്യമല്ലാതാകുന്ന ലോകം

Posted on: 01 Nov 2012


-ബി എസ് ബിമിനിത്‌നോക്കൂ, ആരാണ് വിളിക്കുന്നത്..ഫോട്ടോ: എ.എഫ്.പി


നമ്മുടെ ഫോണ്‍ നമ്പര്‍ പേരുവിവരങ്ങള്‍ ചേര്‍ത്ത് ഏതെങ്കിലും വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചാല്‍ എങ്ങിനെ പ്രതികരിക്കും?. ഫോണ്‍ നമ്പര്‍ തരൂ ആളെ കണ്ടുപിടിച്ചു തരാമെന്ന് പറയുന്ന വെബ്‌സൈറ്റിലാണെങ്കിലോ? സ്വകാര്യത ഇഷ്ടപ്പെടുന്ന നമ്മളില്‍ നല്ലൊരു പക്ഷം പേര്‍ക്കും അത് രസിച്ചെന്ന് വരില്ല. എന്തുചെയ്യാം! www.truecaller.com എന്ന വെബ്‌സൈറ്റ് അത്തരത്തിലൊന്നാണ്.

ട്രൂകോളറില്‍ ചെന്ന്് നമുക്കാവശ്യമുള്ള സെല്‍ഫോണിന്റേയോ ലാന്റ്‌ലൈനിന്റേയോ നമ്പര്‍ കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ ഉപയോഗിക്കുന്നയാളുടെ പേരും സ്ഥലവും ഏത് നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളും പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഫെയ്‌സ്ബുക്കിലോ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലോ ഉപയോഗിച്ച പ്രൊഫൈല്‍ ചിത്രവും ഒപ്പം ലഭിക്കും.

ട്രൂകോളറിന് പ്രമുഖ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വേണ്ടി തയ്യാറാക്കിയ 'ആപ്പു'മുണ്ട്. അറിയാത്ത നമ്പറില്‍നിന്ന് കോള്‍ വന്നാലുടന്‍ ട്രൂകോളര്‍ ഡാറ്റാബേസില്‍ നിന്ന് ആളെ തപ്പിയെടുത്ത് ആരാണെന്ന് പറഞ്ഞുതരുന്ന സംവിധാനം ഇവിടെ കിട്ടും. തപ്പിനോക്കിയാല്‍ അമ്പതു ലക്ഷം പേര്‍ ഇതിനകം ഉപയോക്താക്കളായിട്ടുള്ള ഈ സ്വീഡിഷ് വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളും ലഭിക്കും.

എങ്ങിനെയാണ് മൂന്നുവര്‍ഷം മാത്രം പഴക്കമുള്ള ട്രൂകോളര്‍ വന്‍ സ്വകാര്യവിവര ശേഖരമുണ്ടാക്കിയതെന്ന്്് ചോദിച്ചാല്‍ അവരുടെ സൈറ്റില്‍ തന്നെ അതിന് ഉത്തരമുണ്ട്. വിവിധ രാജ്യങ്ങളിലെ യെല്ലോ,വൈറ്റ് പേജ് സേവനങ്ങളില്‍ നിന്നും ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും സ്വന്തമുണ്ടാക്കിയ ഡാറ്റാ ബെയ്‌സില്‍ നിന്നുമാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

എന്തൊക്കെ പറഞ്ഞാലും അവരുടെ ഈ അവകാശവാദം വിശ്വസിക്കാന്‍ ഇത്തരി ബുദ്ധിമുട്ടുണ്ട്. ട്രൂകോളര്‍ ഡിസ്‌പ്ലേ ചെയ്യുന്ന പേരുകള്‍ ശ്രദ്ധിച്ചാല്‍ മതി. അതില്‍ ചിലതൊക്കെ നേരെ ചൊവ്വെ ഉള്ളതാണെങ്കിലും പലതും സേവനദാതാക്കള്‍ക്ക് നമ്മള്‍ പൂരിപ്പിച്ചു നല്‍കുന്ന പേരും, ഐഡന്റിറ്റി കാര്‍ഡിലെ പേരുമാണ്. നമ്മളാരും യെല്ലോ പേജുകളിലോ മറ്റ് പ്രൊഫെലിലോ സാധാരണയായി ഉപയോഗിക്കാത്തവ.

ഇനി ട്രൂകോളര്‍ സ്വന്തമായി ഡാറ്റാബേസ് ഉണ്ടാക്കിയത് എങ്ങനെയാണെന്നറിയണമെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മതി. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണ്‍ബുക്കിലെ പേരുവിവരങ്ങളും നമ്പറും അപ്‌ലോഡു ചെയ്യട്ടേയെന്നു ചോദിക്കും. നമ്മുടെ സമ്മതത്തോടെ അവയെല്ലാം അവരുടെ ഗ്ലോബല്‍ ഫോണ്‍ബുക്കിലെത്തുകയും ചെയ്യും. അങ്ങനെ നമ്മുടെ സ്വകാര്യ നമ്പറുകള്‍ ആഗോളസ്വത്തായി മാറും.

ആവശ്യമില്ലാത്തവര്‍ക്ക് തങ്ങളുടെ ഫോണ്‍നമ്പര്‍ ഡിലീറ്റ് ചെയ്തുകളയാനുള്ള സൗകര്യം അവര്‍ ചെയ്തുതന്നിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രവര്‍ത്തിച്ചുകാണാറില്ല. ട്രൂകോളറിനെ ചോദ്യം ചെയ്താല്‍ സേവനം സ്വീകരിക്കുന്നതിനു മുമ്പ് തങ്ങളുടെ 'ടേംസ് ആന്റ്് കണ്ടീഷന്‍സ്' പേജു വായിച്ചിട്ടില്ലായിരുന്നോ എന്നു ചോദിക്കും - ഒന്നും പറയാനുണ്ടാവില്ല.

പേരുവിവരങ്ങള്‍ നല്‍കിയാല്‍ ഇമെയില്‍ അഡ്രസ്സും വിവരങ്ങളും കണ്ടുപിടിച്ചു തരുന്ന പീപ്പിള്‍ സെര്‍ച്ച് വെബ്‌സൈറ്റുകള്‍ നിരവധിയുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ വിവരമാണ് അവ സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു തരുന്നത്. എന്നാല്‍ ട്രൂകോളര്‍ ഇത്തിരി തട്ടിപ്പു പണികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട് എന്നു കാണാം. വിവരങ്ങള്‍ സ്വകാര്യമായി മാത്രമേ സൂക്ഷിക്കൂ എന്നാണ് കമ്പനിയുടെ വാദം. എന്തൊക്കെയായാലും ചില രാജ്യങ്ങള്‍ ട്രൂകോളറിനെ വിലക്കിയിട്ടുണ്ട്.
TAGS:


Stories in this Section