ടച്ച്‌സ്‌ക്രീന്‍ സങ്കേതം ഭാവിയെ രൂപപ്പെടുത്തുന്നത്‌

Posted on: 05 Feb 2012


-സ്വന്തം ലേഖകന്‍
സ്റ്റൈലസുകളെ വെറുത്തിരുന്ന വ്യക്തിയാണ് അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ്. സ്‌റ്റൈലസുകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 'പത്ത് സ്റ്റൈലസുകള്‍ നമ്മുടെ കൈയില്‍ ദൈവം ഒരുക്കിവെച്ചിരിക്കുമ്പോള്‍ എന്തിന് പതിനൊന്നാമതൊരെണ്ണം' എന്നാണ് ജോബ്‌സ് ചോദിച്ചിരുന്നത്- അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ വെളിപ്പെടുത്തുന്നു.

സ്റ്റൈലസിന് പകരം വില്‍സ്പര്‍ശത്താല്‍ മെരുങ്ങുന്ന ഉപകരണങ്ങളാണ് ആപ്പിളില്‍ നിന്ന് പുറത്തുവന്നത്. ആപ്പിളല്ല ടച്ച്‌സ്‌ക്രീനിന്റെ ഉപജ്ഞേതാക്കളെങ്കിലും, ആ സങ്കേതത്തെ ആദ്യമായി ഫലപ്രദമായി ഉപയോഗിച്ച ഉപകരണം ആപ്പിളിന്റെ ഐഫോണ്‍ ആയിരുന്നു. അതിനുശേഷം അതേ പാത പിന്തുടര്‍ന്ന് ഐപാഡ് എത്തി. ടച്ച്‌സ്‌ക്രീനില്‍ പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസാണ് ഐഫോണില്‍ ഉപയോഗിച്ചത്, ഐപാഡിലും.

എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഒതുങ്ങില്ല ടച്ച്‌സ്‌ക്രീന്‍ സങ്കേതത്തിന്റെ ഭാവിസാധ്യതകള്‍. ഗൊറില്ലഗ്ലാസിന്റെ നിര്‍മാതാക്കളായ 'കോര്‍നിങ്' കമ്പനി പുറത്തുവിട്ട യുട്യൂബ് വീഡിയോ, വിരല്‍സ്പര്‍ശമെങ്ങനെ ഭാവിയെ മാന്ത്രികാനുഭവമാക്കുമെന്ന് ഉദാഹരണങ്ങള്‍ സഹിതം കാട്ടിത്തരുന്നു.'എ ഡേ മെയ്ഡ് ഓഫ് ഗ്ലാസ്' എന്ന കഴിഞ്ഞവര്‍ഷം പുറത്തുവിട്ട വീഡിയോ
യുടെ തുടര്‍വീഡിയോ ആണ് ഇപ്പോള്‍ കോര്‍നിങ് പുറത്തുവിട്ടിരിക്കുന്നത്. ക്ലാസ്മുറികളെ മുതല്‍ ആസ്പത്രികളെ വരെ ടച്ച്‌സ്‌ക്രീനിന്റെ സാധ്യകള്‍ എങ്ങനെയൊക്കെ മുതലാക്കാന്‍ പോകുന്നുവെന്നതാണ് വീഡിയോയുടെ പ്രമേയം. വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരണവും ദൃശ്യങ്ങളും കോര്‍നിങ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട.

കഴിഞ്ഞവര്‍ഷത്തെ വീഡിയോ സൂപ്പര്‍ഹിറ്റായിരുന്നു. 173 ലക്ഷം തവണ ആ വീഡിയോ യുട്യൂബില്‍ ഇതിനകം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ഫോട്ടോവോള്‍ട്ടയിക് ഗ്ലാസ്, എല്‍സിഡി ടിവി ഗ്ലാസ്, ആര്‍കിടെക്ച്ചറല്‍ ഡിസ്‌പ്ലെ, സര്‍ഫേസ് ഗ്ലാസ് തുടങ്ങിയവയുടെ സാധ്യതകളായിരുന്നു ആ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്.


പുതിയ വീഡിയോയില്‍ അതിന്റെ തന്നെ കുറച്ചുകൂടി മുന്നോട്ടുള്ള കാഴ്ചകളാണ് ഉള്ളത്. ഗ്ലാസ് ടാബ്‌ലറ്റുകള്‍, മള്‍ട്ടിടച്ച് സ്വഭാവമുള്ള ഡെസ്‌കുകള്‍, ഇലക്ട്രോണിക് മെഡിക്കല്‍ റിക്കോര്‍ഡുകള്‍ തുടങ്ങിയ സാധ്യതകളാണ് പുതിയ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഗൊറില്ല ഗ്ലാസ് ഉത്പന്നങ്ങളുടെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച കമ്പനിയാണ് കോര്‍നിങ്. സൂപ്പര്‍ ശക്തിയും, കുറഞ്ഞ ഭാരവുമുള്ള ഈ ഗ്ലാസ് താഴെ വീണാല്‍ പൊട്ടില്ല, പോറല്‍ വീഴില്ല. ഗൊറില്ല ഗ്ലാസ് വില്‍പ്പനയില്‍ നിന്ന് മികച്ച ലാഭമാണ് കോര്‍നിങ് കമ്പനിക്ക് ലഭിക്കുന്നത്. 2011 ല്‍ 790 കോടി ഡോളറിന്റെ വില്‍പ്പന നടത്തിയ വിവരം കമ്പനി കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. 2014 ഓടെ അത് ആയിരം കോടി ഡോളറാകുമെന്നാണ് കണക്കുകൂട്ടല്‍.


സാംസങ് മൊബൈലുമായി കൈകോര്‍ത്ത്, ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും സൂപ്പര്‍ OLED ടിവികള്‍ക്കുമായി ലോട്ടസ് ഗ്ലാസ് (Lotus Glass) നിര്‍മിക്കാന്‍ പോകുന്ന കാര്യം അടുത്തയിടെയാണ് കോര്‍നിങ് പ്രഖ്യാപിച്ചത്. വളരെ കനംകുറവുള്ള, പരിസ്ഥിതി സൗഹൃദ ഉത്പന്നമായ ലോട്ടസ് ഗ്ലാസിന്, ഉത്പാദനവേളയിലെ അത്യുന്നത ഊഷ്മാവിനെ മറികടക്കാനാകും.


Stories in this Section