കുട്ടികള്‍ വഴിതെറ്റില്ല; 'സുരക്ഷ' നോക്കിക്കൊള്ളും

Posted on: 19 Jan 2013
തിരുവനന്തപുരം: വീട്ടില്‍ നിന്ന് ഇറങ്ങിയ മക്കള്‍ സ്‌കൂള്‍ വിട്ടു വരും വരെ ഇനി ഉള്ളില്‍ തീയുമായി കഴിയേണ്ട. കുട്ടി എപ്പോള്‍ സ്‌കൂള്‍ ബസ്സില്‍ കയറിയെന്നും സ്‌കൂളില്‍ എത്തിയാല്‍ തന്നെ എവിടെയൊക്കെ കറങ്ങിയെന്നും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും എവിടെയിരുന്നും അറിയാം.

കുട്ടികള്‍ കൈയില്‍ കരുതുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി വിവരങ്ങള്‍ അപ്പപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനായോ, മൊബൈല്‍ ഫോണിലൂടെയോ കൈമാറാന്‍ ഉപകരിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ടെക്‌നോപാര്‍ക്കിലെ 'എക്‌സാള്‍ട്ട് ഇന്‍റഗ്രല്‍ സൊലൂഷന്‍സ്' ആണ് രൂപം നല്‍കിയത്.

സംസ്ഥാനത്തെ പല സ്‌കൂളുകളിലും സുരക്ഷ അറ്റ് സ്‌കൂള്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മുന്നോട്ട് വന്നുകഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് കമ്പനി ഡയറക്ടര്‍ പി.എസ്. അജിത് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആയിരത്തോളം സ്‌കൂളുകളില്‍ സുരക്ഷ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ പ്രദര്‍ശനം നടത്തിക്കഴിഞ്ഞു. ബഹ്‌റിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചില സ്‌കൂളുകള്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കുട്ടിയുടെ വിവരങ്ങള്‍ അടങ്ങിയ പ്രത്യേക ചിപ്പ് സ്ഥാപിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌കൂളിന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പകരമായും ഇത് ഉപയോഗിക്കാനാവും.

ഈ കാര്‍ഡ് റീഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ സ്‌കൂള്‍ ബസ്സിലും ക്ലാസ് മുറിയിലും സ്‌കൂളിലെ പ്രത്യേക ഭാഗങ്ങളിലും സ്ഥാപിക്കും. ആര്‍.എഫ്.ഐ.ഡി റീഡര്‍ (റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ റീഡര്‍) ആണ് ഇതിനായി ഉപയോഗിക്കുന്നത്.

കുട്ടി ഏത് റീഡറിന്റെ പരിധിയിലാണെന്ന് റേഡിയോ ഫ്രീക്വന്‍സിയിലൂടെയാണ് തിരിച്ചറിയുന്നത്. അക്കാര്യം അധ്യാപകരെയും രക്ഷിതാക്കളെയും അപ്പപ്പോള്‍ അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകും. ആക്ടീവ് ആര്‍. എഫ്.ഐ.ഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് രാജ്യത്ത് അദ്യമായാണ് രൂപപ്പെടുത്തുന്നത്. റീഡറിന്റെ പരിധിവിട്ടുപോയാല്‍ അക്കാര്യവും അറിയാനാകും.

ചിപ്പ് സ്‌കൂള്‍ യൂണിഫോമില്‍ വേണമെങ്കിലും സ്ഥാപിക്കാനാകുമെന്ന് അജിത് കുമാര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ മറ്റ് ആരെയെങ്കിലും കാര്‍ഡ് ഏല്പിച്ച് അധ്യാപകരെ കബളിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. എസ്.എം. എസ് നല്‍കുന്നതടക്കം ഒരു കാര്‍ഡിന് ദിവസം 1.50 രൂപയാണ് കമ്പനിക്ക് ചെലവ് വരുന്നത്. ഇത് രക്ഷിതാക്കള്‍ വഹിക്കേണ്ടിവരും.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചാന്നാങ്കര സ്‌കൂള്‍ ബസ് അപകടത്തെത്തുടര്‍ന്നാണ് കമ്പനി ഈ ആശയം നടപ്പാക്കാന്‍ തീരുമാനിച്ചത്. 14 മാസം കൊണ്ട് 20 ഓളം സാങ്കേതിക വിദഗ്ദ്ധരാണ് 'സുരക്ഷ'യ്ക്ക് രൂപം നല്‍കിയത്.


Stories in this Section