പതിനേഴുകാരന്റെ ഐഫോണ്‍ ആപ് സൂപ്പര്‍ഹിറ്റ്‌

Posted on: 03 Nov 2012നിക്ക് ഡിഅലോസ്യോ


സ്മാര്‍ട്ട്‌ഫോണില്‍ വാര്‍ത്തകളുടെ സംഗ്രഹം നല്‍കാനായി ഒരു പതിനേഴുകാരന്‍ രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷന്‍, വെറും രണ്ടു മണിക്കൂര്‍കൊണ്ട് ആപ്പിള്‍ ആപ് സ്റ്റോറില്‍ ഒന്‍പതാമതെത്തി.

'സമ്മ്‌ലി' (Summly)
എന്നാണ് ലണ്ടന്‍ സ്വദേശിയായ നിക്ക് ഡിഅലോസ്യോ രൂപംനല്‍കിയ ഐഫോണ്‍ ആപിന്റെ പേര്. റുപോര്‍ട്ട് മര്‍ഡോക് ഉള്‍പ്പടെയുള്ള വമ്പന്‍മാരുടെ പിന്തുണയും പത്തുലക്ഷം ഡോളറിലേറെ ഫണ്ടിങും 'സമ്മ്‌ലി'ക്ക് പിന്നിലുണ്ട്.

കഴിഞ്ഞ വര്‍ഷം നിക്ക് അവതരിപ്പിച്ച ആപ് ആണ് സമ്മ്‌ലി. അതിപ്പോള്‍ മികച്ച ഡിസൈനോടും, വാര്‍ത്തകള്‍ സംഗ്രഹിക്കാന്‍ കൂടുതല്‍ ശേഷിയുമുള്ള ആപ് ആയിട്ടാണ് ആപ്പിള്‍ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. തന്റെ ആശയം യാഥാര്‍ഥ്യമാക്കാന്‍ സ്‌കൂളില്‍ പോക്കുപോലും നിക്ക് ഉപേക്ഷിച്ചിരുന്നു.

നെറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താറിപ്പോര്‍ട്ടുകളുടെ 350 മുതല്‍ 500 വാക്കുകള്‍ വരെയുള്ള സംഗ്രഹം മൊബൈല്‍ സ്‌ക്രീനിന് അനുയോജ്യമാംവിധം കാട്ടുകയാണ് സമ്മ്‌ലി ചെയ്യുന്നത്. ടെക്‌നോളജി, ശാസ്ത്രം, കായികം, രാഷ്ട്രീയം എന്നിങ്ങനെ നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വാര്‍ത്താവിഭാഗങ്ങളെ സമ്മ്‌ലിയില്‍ പിന്തുടരാം.

സമ്മ്‌ലി പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക ആല്‍ഗരിതത്തിന്റെ സഹായത്തോടെയാണ്. വാര്‍ത്തകളുടെ ഉള്ളടക്കം ചോര്‍ന്നുപോകാതെ അവയുടെ സംഗ്രഹം തയ്യാറാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതമാണത്.

'ഐഫോണിലെ മറ്റ് ആപ്‌സുകളില്‍നിന്ന് വ്യത്യസ്തമായ ഇന്റര്‍ഫേസ് സൃഷ്ടിക്കാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്'-നിക്ക് അറിയിച്ചു. 'മനോഹരമായ ഡിസൈനുമായി ആല്‍ഗരിതത്തെ കൂട്ടിയിണക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരോ മിനിറ്റിലും അത് ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ സംഗ്രഹിക്കുന്നു'.

മൊബൈലില്‍ വാര്‍ത്ത വായിക്കുന്നവര്‍, ആയിരക്കണക്കിന് വാക്കുകളുള്ള ദൈര്‍ഘ്യമേറിയ റിപ്പോര്‍ട്ടുകള്‍ ആഗ്രഹിക്കുന്നില്ല. കാച്ചിക്കുറുക്കിയ വിവരങ്ങളാണ് മൊബൈല്‍ യൂസര്‍മാര്‍ക്കിഷ്ടം-നിക്ക് പറയുന്നു. മൊബൈല്‍ യൂസര്‍മാരുടെ ഈ താത്പര്യമാണ് സമ്മ്‌ലി രൂപപ്പെടുത്താന്‍ നിക്കിന് പ്രേരണയായത്.
TAGS:
summly  |  ios apps  |  nick d'aloisio  |  mobile apps 


Stories in this Section