പൂവാലാ....കുടുങ്ങും

Posted on: 10 Nov 2010


-ബി.എസ്.ബിമിനിത്‌



ഓടുന്ന ബസ്സില്‍ വെച്ച് ആരെങ്കിലും ശല്യം ചെയ്താല്‍ നിങ്ങള്‍ എന്തു ചെയ്യും. സേഫ്റ്റി പിന്‍ മുതല്‍ ചെരിപ്പു വരെ പ്രയോഗിക്കുന്നവരുടെ എണ്ണം എന്തായാലും കുറവായിരിക്കും. എന്നാല്‍ മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ക്കു പുറമേ അമേരിക്കക്കാര്‍ക്കും ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കും ഇപ്പോള്‍ ഒരു മാര്‍ഗം കൂടിയുണ്ട്. ഹോളബാക് (www.ihollaback.org) എന്ന ഒരു വെബ്‌സൈറ്റ്.

പരാതികള്‍ ഈ വെബ്‌സൈറ്റിനു കൈമാറിയാല്‍ ബാക്കിയെല്ലാം അവരായിക്കോളും. സെല്‍ഫോണുണ്ടെങ്കില്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പുതന്നെ പരാതി നല്‍കാം. പിന്നീട് ഇമെയിലുവഴിയും ഫോണ്‍വഴിയും നിങ്ങളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിക്കുകയും നീതിന്യായ സംവിധാനങ്ങള്‍ക്ക് കൈമാറുകയും ചെയ്യും. ശല്യം ചെയ്തയാളുടെ ഫോട്ടോ കൂടി ക്യാമറയില്‍ എടുക്കാന്‍ പറ്റിയാല്‍ നല്ലതെന്നാണ് ഹോളബാക് നല്‍കുന്ന ഉപദേശം.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ പൊരുതുക എന്ന ലക്ഷ്യത്തോടെ അഞ്ചു വര്‍ഷം മുമ്പാണ് എമിലിയും സുഹൃത്തുക്കളും ഹോളബാക് സ്ഥാപിച്ചത്. ഇപ്പോള്‍ അമേരിക്കയിലെ അഞ്ച് നഗരങ്ങളിലും കാനഡയിലും ബ്രിട്ടണിലും ഓസ്‌ട്രേലിയയിലും ഇവര്‍ക്ക് ചാപ്റ്ററുകള്‍ ഉണ്ട്.

നെറ്റുവഴിയും അല്ലാതെയും ലഭിക്കുന്ന സംഭാവനകളിലൂടെയാണ് ഇവര്‍ ചെലവുകള്‍ നടത്തുന്നത്. ഇത്രയേറെ ചാപ്റ്ററുകളുണ്ടെങ്കിലും എമിലി അവരുടെ വീട്ടില്‍ നിന്നാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈയിടെ തയ്യാറാക്കിയ പരാതി അയയ്ക്കാനുള്ള ഐഫോണ്‍ ആപ്ലിക്കേഷനു മാത്രം ചെലവായത് പതിനയ്യായിരം ഡോളറാണ്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ്.

-biminith@gmail.com


Stories in this Section