സ്റ്റീവ് ജോബ്‌സിന് സ്മരണാഞ്ജലിയുമായി ആപ്പിള്‍ വീഡിയോ

Posted on: 05 Oct 2012
ശരിക്കും ഒരു യുഗത്തിന്റെ അന്ത്യമായിരുന്നു അത്. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദബാധയെ തുടര്‍ന്ന് 2011 ഒക്ടോബര്‍ അഞ്ചിന് സ്റ്റീവ് ജോബ്‌സ് അന്തരിക്കുമ്പോള്‍, ടെക്‌നോളജി യുഗം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ ക്രാന്തദര്‍ശികളൊരാളാണ് മറഞ്ഞത്.

സ്റ്റീവിന്റൈ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോയും നിലവിലെ സി.ഇ.ഒ. ടിം കുക്കിന്റെ കത്തും സ്റ്റീവിന്റെ ചരമവാര്‍ഷികത്തിന് ആപ്പിള്‍ പുറത്തിറക്കി. ആപ്പിളിന്റെ ഹോംപേജ് സ്റ്റീവിന് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ കമ്പനി നീക്കിവെച്ചു.

'സ്റ്റീവ് ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ആപ്പിള്‍'-അനുസ്മരണ കത്തില്‍ ടിം കുക്ക് പറഞ്ഞു.

'ഇത്രയും ക്രിയാത്മകതയോ ഇത്രയും ഉന്നത നിലവാരമോ ഒരു കമ്പനിയും ഒരിക്കലും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഞങ്ങളുടെ മൂല്യങ്ങളുടെ ഉത്ഭവം സ്റ്റീവില്‍ നിന്നാണ്. അദ്ദേഹമുണര്‍ത്തിയ ആവേശമായിരിക്കും എക്കാലവും ആപ്പിളിന്റെ അടിത്തറ. അദ്ദേഹത്തിന്റെ പൈതൃകം ഭാവിയിലേക്ക് പകരുകയെന്നത് ഞങ്ങളുടെ അവകാശവും മഹത്തായ ഉത്തരവാദിത്വവുമായി ഞങ്ങള്‍ പങ്കുവെയ്ക്കുന്നു'-ആപ്പിള്‍ മേധാവി കത്തില്‍ പറഞ്ഞു.


സ്വന്തം വഴികള്‍ എന്നും കണ്ടെത്തിയ പ്രതിഭാശാലിയായിരുന്നു സ്റ്റീവ്. ഐമാക്, മാക്ബുക്ക് എയര്‍, ഐപോഡ്, ഐഫോണ്‍ എന്നിങ്ങനെ ചില ഐതിഹാസിക ഉത്പന്നങ്ങള്‍ സ്റ്റീവ് അവതരിപ്പിച്ച നിമിഷങ്ങള്‍ ആണ് ആപ്പിളിന്റെ വീഡിയോയിലുള്ളത് (ആപ്പിള്‍ ഹോംപേജിലുള്ള വീഡിയോ ഫയര്‍ഫോക്‌സില്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കില്ല. ഇതൊടൊപ്പമുള്ള യുട്യൂബ് വീഡിയോ കാണുക).

അര്‍ബുദ ബാധ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 2011 ആഗസ്തിലാണ് സ്റ്റീവ് ആപ്പിള്‍ സി.ഇ.ഒ.പദം ഒഴിഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആപ്പിളില്‍ നിന്നുള്ള രണ്ടാമത്തെ പടിയിറക്കമായിരിന്നു അത്. 1976 ല്‍ താന്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച ആപ്പിളില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന അദ്ദേഹം, 1997 ല്‍ വീണ്ടും കമ്പനിയുടെ തലപ്പത്ത് വന്നു. ബിസിനസ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ രണ്ടാംവരവായിരുന്നു അത്.

ആപ്പിളിന്റെ മേധാവിയായി ആദ്യം ചുമതല വഹിക്കുമ്പോള്‍, മകിന്റോഷ് കമ്പ്യൂട്ടര്‍ വഴി പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ പുതിയ യുഗത്തിലേക്ക് സ്റ്റീവ് ലോകത്തെ നയിച്ചു. രണ്ടാം വരവില്‍ ലോകം സാക്ഷിയായത് ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്ന ഒട്ടേറെ ഉപകരണങ്ങള്‍ സ്റ്റീവിന്റെ നേതൃത്വത്തില്‍ പുറത്തുവരുന്നതാണ്. ഐമാകും, ഐപോഡും ഐഫോണും മുതല്‍ ഐപാഡ് വരെ അത് നീളുന്നു.

ഐപോഡ് വ്യക്തിഗത വിനോദത്തിന്റെയും, ഐഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന്റെയും, ഐപാഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടിങിന്റെയും പുതിയ കാലമാണ് ഉത്ഘാടനം ചെയ്തത്. അതുകൊണ്ടാണ്ട് സ്റ്റീവിനെ 'ഭാവിയെ കണ്ടെത്തിയ മനുഷ്യനെ'ന്ന് പലരും വിശേഷിപ്പിച്ചത്.

സ്റ്റീവ് വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുമ്പോഴും, അദ്ദേഹത്തിന്റെ പൈതൃകം നിലനിര്‍ത്താന്‍ കഴിയുന്ന ആപ്പിളിനെ തന്നെയാണ് ലോകം കാണുന്നത്. വിജക്കൊടി പാറിച്ച ഒരുപിടി ഉപകരണങ്ങള്‍ സ്റ്റീവിന് ശേഷം അവതരിപ്പിക്കാന്‍ കമ്പനിക്കായി. ഐഫോണ്‍ 4എസ്, മൂന്നാംതലമുറ ഐപാഡ് ഒക്കെ അതില്‍ പെടുന്നു.

മാത്രമല്ല, സാംസങിനെതിരെ വലിയൊരു നിയമവിജയം നേടാനും, 62500 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയെന്ന നിലയ്ക്ക് ലോകറിക്കോര്‍ഡ് സ്ഥാപിക്കാനും ആപ്പിളിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സാധിച്ചു.TAGS:
steve jobs  |  apple  |  tim cook 


Stories in this Section