വിവാദത്തിന്റെ അകമ്പടിയോടെ സ്റ്റീവ് ജോബ്‌സിനെക്കുറിച്ച് ആദ്യ സിനിമ

Posted on: 26 Jan 2013
അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിനെക്കുറിച്ചുള്ള ആദ്യ ചലച്ചിത്രം ഏപ്രില്‍ 19 ന് അമേരിക്കന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആഷ്റ്റണ്‍ കുച്ചെര്‍ നായകനായ 'ജോബ്‌സ്' ('jOBS') എന്ന ചിത്രം വിവാദത്തിന്റെ അകമ്പടിയോടെയാണ് റിലീസിങിന് ഒരുങ്ങുന്നത്.

ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവിന്റെ കഥ പറയുന്ന 'ജോബ്‌സ്' എന്ന സിനിമയില്‍, തെറ്റായ രീതിയിലാണ് സ്റ്റീവിനെയും തന്നെയും ചിത്രീകരിച്ചിട്ടുള്ളതെന്ന് ആപ്പിളിന്റെ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിക് വിമര്‍ശനമുന്നയിച്ചു. വെള്ളിയാഴ്ച സണ്‍ഡാന്‍സ് ഫിലം ഫെസ്റ്റിവെലില്‍ ചിത്രത്തിന്റെ മുന്‍കൂര്‍ പ്രദര്‍ശനം (പ്രിവ്യൂ) നടക്കുന്നതിന് മുമ്പാണ്, ചിത്രത്തിന്റെ ചില ക്ലിപ്പിങുകള്‍ കണ്ട വോസ്‌നിക് ഇക്കാര്യം പറഞ്ഞത്.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും വ്യക്തിഗത വിനോദത്തിന്റെയും പുതിയ യുഗത്തിലേക്ക് ലോകത്തെ നയിച്ച ടെക് വിദഗ്ധനും സംരംഭകനും കമ്പനി മേധാവിയുമൊക്കെയായിരുന്നു സ്റ്റീവ്. മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത സ്വന്തം വഴികളിലൂടെ 'ഭാവിയെ കണ്ടുപിടിച്ച മനുഷ്യന്‍'. അത്തരമൊരു ബഹുമുഖ പ്രതിഭയുടെ ജീവിതത്തിന്റെ ചലച്ചിത്ര ഭാഷ്യം രചിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെന്ന്, ചിത്രത്തിന്റെ സംവിധായകന്‍ ജോഷ് സ്‌റ്റേണ്‍ പ്രിവ്യൂവിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്റ്റീവ് ജോബ്‌സ് ആയി ആഷ്റ്റണ്‍ കുച്ചെര്‍ 'ജോബ്‌സി'ല്‍


സ്റ്റീവിന്റെ ജീവിതം ചിത്രീകരിക്കുന്ന രണ്ട് സിനിമകളില്‍ ആദ്യത്തേതാണ് 'ജോബ്‌സ്'. ആപ്പിള്‍ കമ്പനി സ്ഥാപിക്കുന്നത് മുതലുള്ള 30 വര്‍ഷത്തെ സ്റ്റീവിന്റെ ജീവിതമാണ് 'ജോബ്‌സി'ലെ പ്രമേയം. 2011 ഒക്ടോബര്‍ അഞ്ചിന് 56 ാം വയസിലാണ് സ്റ്റീവ് അന്തരിച്ചത്.

'ഓരോരുത്തര്‍ക്കും സ്റ്റീവ് ജോബ്‌സിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കഥയില്‍ പലരും എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടാകാം. ആരെയും നിരാശപ്പെടുത്താതെ ആ കഥയിലെ ഏത് ഭാഗമാണ് പറയുക എന്ന് തീരുമാനിക്കലായിരുന്നു യഥാര്‍ഥ വെല്ലുവിളി' - സംവിധായകന്‍ സ്റ്റേണ്‍ അറിയിച്ചു.

സ്റ്റീവനെ ചിത്രത്തില്‍ അവതരിപ്പിക്കുന്ന ആഷ്റ്റണ്‍ കുച്ചെര്‍ കൂടാതെ, ജോഷ് ഗാഡ്, ഡെര്‍മോട്ട് മുല്‍റോനീ എന്നിവരും പ്രധാന റോളുകളില്‍ അഭിനയിക്കുന്നു. സ്വപ്‌നാടനക്കാരനും കവിയും ഇടയ്ക്ക് അല്‍പ്പം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയുമാണ് സിനിമയുടെ തുടക്കത്തിലെ സ്റ്റീവ്.

ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിനെക്കുറിച്ചുള്ള സ്റ്റീവിന്റെ ആദ്യകാല ആശയങ്ങള്‍ സിനിമയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. 1980 കളില്‍ ആപ്പിളിന്റെ ലിസ, മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നതിന് പിന്നിലെ സ്റ്റീവിന്റെ ശ്രമങ്ങള്‍. ആ കമ്പ്യൂട്ടറുകളുടെ വില്‍പ്പന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ വരുന്നതോടെ സ്റ്റീവ് താന്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് -ഇതൊക്കെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ആഷ്റ്റണ്‍ കുച്ചെറും ജോഷ് ഗാഡും -'ജോബ്‌സി'ല്‍


ടെക് ലോകത്തെ ഒരു റോക്ക് സ്റ്റാര്‍ ആയിരുന്നു സ്റ്റീവ് എന്നാണ് അദ്ദേഹത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കുച്ചെറുടെ അഭിപ്രായം. തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു 1980 കളില്‍ സ്റ്റീവ്. സിനിമയുടെ പ്രിവ്യൂ കണ്ടവര്‍ അതിനെ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

സ്റ്റീവിന്റെ ശരീരഭാഷയും അംഗവിക്ഷപങ്ങളും അരക്കിറുക്കുകളുമൊക്കെ അവതരിപ്പിക്കാന്‍ വലിയ തയ്യാറെടുപ്പ് തന്നെ വേണ്ടിവന്നതായി 34-കാരനായ കുച്ചെര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ആപ്പിള്‍ സ്ഥാപകന്റെ ജീവിതത്തെക്കുറിച്ച് ശ്രമകരമായ ഗവേഷണം തന്നെ താന്‍ നടത്തി- കുച്ചെര്‍ അറിയിച്ചു. അതിന്റെ ഭാഗമായി 100 മണിക്കൂര്‍ വീഡിയോ ഫൂട്ടേജും കണേണ്ടി വന്നു.

ഒരു ടെക് വിദഗ്ധനും സംരംഭകനും എന്ന നിലയ്ക്കുള്ള സ്റ്റീവിന്റെ ആത്മസംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്ന സിനിമ, പക്ഷേ 1980 കളിലെ അദ്ദേഹത്തിന്റെ കലുഷിതമായ വ്യക്തിജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നില്ല. തന്റെ ആദ്യ കുഞ്ഞിന്റെ അമ്മയുമായുള്ള തര്‍ക്കം കോടതി വഴി സ്റ്റീവ് പരിഹരിക്കുന്നത് ആ കാലത്താണ്.

ഒരു 'കണ്ണീര്‍ പരമ്പര'യുടെ പരിവേഷം സിനിമയ്ക്ക് വേണ്ട എന്നതുകൊണ്ടാണ്, സ്റ്റീവിന്റെ വ്യക്തിജീവിതം ഒഴിവാക്കിയതെന്ന് സംവിധായകന്‍ സ്‌റ്റേണ്‍ അറിയിച്ചു.

അതേസമയം, കമ്പ്യൂട്ടറുകള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കും തുടങ്ങിയ ആശയങ്ങള്‍ ചിത്രത്തില്‍ പറയുന്നത് പോലെ ജോബ്‌സില്‍ നിന്ന് വന്നതല്ലെന്ന് ആപ്പിളിന്റെ സഹസ്ഥാപകന്‍ വോസ്‌നിക്ക് പറഞ്ഞു. വോസ്‌നിക്, റൊണാള്‍ഡ് വെയ്ന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് 1976 ല്‍ സ്റ്റീവ് ആപ്പിള്‍ കമ്പനി തുടങ്ങിയത്. 'അത് പൂര്‍ണമായും തെറ്റാണ്'-വോസ്‌നിക്ക് ചൂണ്ടിക്കാട്ടി.

ആഷ്റ്റണ്‍ കുച്ചെറും ജോഷ് ഗാഡും -'ജോബ്‌സി'ല്‍


അത്തരം ചര്‍ച്ചകള്‍ സ്റ്റീവ് നടത്തുന്നത് ഏറെക്കാലം കഴിഞ്ഞാണെന്ന് വോസ്‌നിക്ക് പറഞ്ഞു.

ജോഷ് ഗാഡാണ് ചിത്രത്തില്‍ വോസ്‌നിക്കിനെ അവതരിപ്പിക്കുന്നത്. വോസ്‌നിക്കിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് തങ്ങള്‍ അദ്ദേഹത്തെ സമീപിച്ചെങ്കിലും, മറ്റൊരു സിനിമ പദ്ധതിയില്‍ പങ്കാളിയായതിനാല്‍ അദ്ദേഹം തങ്ങളോട് സഹകരിച്ചില്ലെന്ന് ഗാഡ് പറഞ്ഞു.

വാള്‍ട്ടര്‍ ഇസാക്‌സണ്‍ രചിച്ച സ്റ്റീവിന്റെ ഔദ്യോഗിക ജീവചരിത്രമായ 'സ്റ്റീവ് ജോബ്‌സ്'നെ ആധാരമാക്കി നിര്‍മിക്കുന്ന സിനിമയുമായാണ് വോസ്‌നിക് സഹകരിക്കുന്നത്. ഫെയ്‌സ്ബുക്ക് സ്ഥാപകനെക്കുറിച്ചുള്ള 'ദി സോഷ്യല്‍ നെറ്റ്‌വര്‍ക്കി'ന്റെ തിരക്കഥ രചിച്ച ആരോണ്‍ സോര്‍കിനാണ് ആ ചിത്രത്തിന് പിന്നില്‍. അത് എന്ന് റിലീസ് ചെയ്യുമെന്ന് അറിയിവായിട്ടില്ല.


TAGS:
steve jobs  |  apple  |  technology company  |  jobs  |  movie 


Stories in this Section