മരിക്കാന്‍ അനുവദിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു: സ്റ്റീഫന്‍ ഹോക്കിങ്

Posted on: 28 Jul 2013
ലണ്ടന്‍ : വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് 1985 ല്‍ മരണത്തിന്റെ വക്കിലെത്തിയതായും, ജീവന്‍ നിലനിര്‍ത്താനുള്ള യന്ത്രസംവിധാനം നിര്‍ത്തലാക്കാന്‍ ഡോക്ടര്‍മാര്‍ അന്ന് സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട്.

തന്റെ പ്രശസ്തഗ്രന്ഥമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' രചിക്കുന്ന വേളയിലാണ് താന്‍ മരണത്തെ മുഖാമുഖം കണ്ടെതെന്ന്, പുതിയൊരു ഡോക്യുമെന്ററി സിനിമയില്‍ ഹോക്കിങ് വെളിപ്പെടുത്തി. 'സണ്‍ഡെ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ വെച്ച് ശ്വാസകോശത്തിലുണ്ടായ അണുബാധ ന്യൂമോണിയയായി മാറുകയും താന്‍ കഠിനമായ ദുരിതത്തിലാവുകയും ചെയ്തപ്പോഴാണ്, തന്നെ മരിക്കാന്‍ അനുവദിക്കാമെന്ന് ഡോക്ടര്‍മാര്‍ തന്റെ ഭാര്യയെ അറിയിച്ചതെന്ന് 71 കാരനായ ഹോക്കിങ് വെളിപ്പെടുത്തി.

'എന്റെ നില അതീവ ഗുരുതരാവസ്ഥയിലായി. മരുന്നു നല്‍കി എന്നെ മയക്കിക്കിടത്തി. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയായിരുന്നു എന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്'-ഹോക്കിങ് പറഞ്ഞു. 'എന്റെ കാര്യം ഏതാണ്ട് കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ കരുതി. അവര്‍ ജാനിനോട് (ഹോക്കിങിന്റെ ആദ്യഭാര്യ), ആ യന്ത്രസംവിധാനം ഓഫ് ചെയ്യട്ടേ എന്ന് ചോദിച്ചു'.

ഹോക്കിങ് ഗുരുതരാവസ്ഥയിലാണെന്ന കാര്യമറിഞ്ഞ് ജനീവയിലേക്ക് പോകുകയായിരുന്നു ജാന്‍. 'ജാന്‍ അത് അനുവദിച്ചില്ല. എന്നെ തിരികെ കേംബ്രിഡ്ജിലേക്ക് കൊണ്ടുപോകണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു' - ഹോക്കിങ് പറഞ്ഞു.

20 വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ഹോക്കിങും ജാനും വേര്‍പിരിഞ്ഞതിന്റെ കാരണം സംബന്ധിച്ചും ഡോക്യുമെന്ററിയില്‍ വിശദീകരണങ്ങളുണ്ട്. ഹോക്കിങിന്റെ പ്രശസ്തിയും അസുഖവും എങ്ങനെ തങ്ങളുടെ ദാമ്പത്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്ന് ജാന്‍ തുറന്നു പറയുന്നുണ്ട്.

കേംബ്രിഡ്ജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് ഹോക്കിങിനെ മാരകമായ 'മോട്ടോര്‍ ന്യൂറോണ്‍ രോഗം' ബാധിക്കുന്നത്. ശരീരപേശികളുടെ ചലനശേഷി നഷ്ടമാക്കുന്ന ആ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്താണ് ജാനും ഹോക്കിങും പരസ്പരം കാണുന്നത്. ആ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ടായി.

ക്രമേണ ഹോക്കിങിന്റെ ജീവിതം യന്ത്രക്കസേരയിലേക്ക് ഒതുങ്ങി. തങ്ങള്‍ തമ്മിലുള്ള ബന്ധം അവസാനിക്കാന്‍ കാരണമായതെങ്ങനെയെന്ന് ഡോക്യുമെന്ററിയില്‍ ജാന്‍ വളരെ വിശദമായി വിവരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹോക്കിങിന്റെ ജീവിതം അതിന്റെ തുടക്കം മുതല്‍ ഇതുവരെ പിന്തുടരുന്ന ഡോക്യുമെന്ററിയാണത്. അതിലൊരിടത്ത് ഹോക്കിങ് ഇങ്ങനെ അത്ഭുതം പ്രകടിപ്പിക്കുന്നു പോലുമുണ്ട് : 'ശാസ്ത്രരംഗത്തെ എന്റെ കണ്ടുപടിത്തങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ പ്രശസ്തനായത് ചക്രക്കസേരയും വൈകല്യത്തിന്റെയും പേരിലാണ്'.
TAGS:


Stories in this Section