രണ്ടാമനാകാന്‍ സോണി എക്‌സ്പീരിയ ടാബ്‌ലറ്റ്

Posted on: 02 Sep 2012


-പി.എസ്.രാകേഷ്‌
ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു- ആപ്പിള്‍ ഐപാഡ്. ഡിസ്‌പ്ലേയിലും പെര്‍ഫോമന്‍സിലും ഉപയോഗിക്കാനുളള സൗകര്യത്തിലും ഐപാഡിനെ വെല്ലാന്‍ മറ്റൊരു ടാബില്ലെന്ന കാര്യം സമ്മതിക്കാതെ വയ്യ. രണ്ടാംസ്ഥാനത്തിനു വേണ്ടിയുള്ള ഓട്ടത്തിലാണ് മറ്റെല്ലാ കമ്പനികളും. ആ മത്സരത്തില്‍ തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജപ്പാന്‍ കമ്പനിയായ സോണിയും എത്തിയിരിക്കുന്നു. ജര്‍മന്‍ നഗരമായ ബെര്‍ലിനില്‍ ഐ.എഫ്.എ. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് അവതരിപ്പിച്ച സോണി എക്‌സ്പീരിയ ടാബ്‌ലറ്റ് എസിന്റെ അവതാരലക്ഷ്യം വിപണിയില്‍ ഐപാഡിന് തൊട്ടുപിന്നിലെത്തുക എന്നതാണ്.

2011 ഏപ്രില്‍ 26 നാണ് എസ് 1 എന്ന മോഡലുമായി സോണി ടാബ്‌ലറ്റ് വിപണിയിലിറങ്ങിയത്. ടാബ് എസ് എന്നറിയപ്പെട്ട ആ ഗാഡ്ജറ്റ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. സുന്ദരമായ രൂപകല്പനയും ഇന്‍ബില്‍ട്ട് യൂണിവേഴ്‌സല്‍ റിമോട്ട് കണ്‍ട്രോളുമായി എത്തിയ ടാബ് എസ് ആരെക്കൊണ്ടും കുറ്റം പറയിച്ചില്ല. സോണിയുടെ മറ്റേത് ഉല്പന്നത്തെയുംപോലെ അല്പം വിലക്കൂടുതലുണ്ട് എന്നതു മാത്രമായിരുന്നു ഏക വിമര്‍ശനം. എന്നിട്ടും സോണി എസ് ടാബ് കാര്യമായി വിറ്റുപോയില്ല. ആ തിരിച്ചടി മറികടക്കാനാണ് എക്‌സ്പീരിയ ടാബ് എസ് എന്ന മോഡലുമായി സോണി വീണ്ടും രംഗത്തുവന്നിട്ടുള്ളത്.

പഴയ ടാബ് എസ് ഒന്ന് മെലിയിപ്പിച്ച് ക്വാഡ് കോര്‍ ടെഗ്രാ 3 പ്രൊസസര്‍ ഉള്‍പ്പെടുത്തി സോണി സ്മാര്‍ട്‌ഫോണുകളുടെ മുകളിലുള്ള എക്‌സ്പീരിയ സ്റ്റിക്കറുമൊട്ടിച്ചിറക്കിയാല്‍ പുതിയ എക്‌സ്പീരിയ ടാബ് എസ് ആയി. വിലയുടെ കാര്യത്തിലും കുറവൊന്നുമില്ല, അല്പം കൂടുതലാണു താനും. പക്ഷേ ഫീച്ചേഴ്‌സ് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട് എക്‌സ്പീരിയ ടാബ് എസിന്റെ മേന്‍മ.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ ടാബില്‍ 1280 X 800 പിക്‌സല്‍ റിസൊല്യൂഷനുള്ള 9.4 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഒരു ജി.ബി. റാമില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ് 16 ജി.ബി, 32 ജി.ബി, 64 ജി.ബി. സ്‌റ്റോറേജ് ശേഷികളുള്ള മൂന്ന് മോഡലുകളില്‍ ലഭിക്കും.

മടക്കിപ്പിടിച്ച ഒരു മാസികയുടെ രുപമാണ് എക്‌സ്പീരിയ ടാബിനുളളത്. 570 ഗ്രാമാണ് ഭാരം. ത്രിജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയെല്ലാമുള്ള ഈ ടാബില്‍ എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും ഒരു മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ട്. ടാബ് എസിന്റെ പ്രധാന സവിശേഷതയായ റിമോട്ട് കണ്‍ട്രോള്‍ ഫീച്ചര്‍ എക്‌സ്പീരിയ ടാബിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. നേരത്തെ കോണ്‍ഫിഗര്‍ ചെയ്തുവച്ച ടി.വി., ബ്ലൂറേ പ്ലെയര്‍, ഹോം തിയേറ്റര്‍ എന്നീ മൂന്ന് ഗാഡ്ജറ്റുകള്‍ ഒരുമിച്ച് ഓണ്‍ ചെയ്യാന്‍ ടാബ്‌ലറ്റിലെ ഒറ്റ ബട്ടന്‍ അമര്‍ത്തിയാല്‍ മതി.


എക്‌സ്പീരിയ ടാബിന്റെ മറ്റൊരു സവിശേഷതയായി സോണി ഉയര്‍ത്തിക്കാട്ടുന്നത് അതിലെ 'സ്പ്ലാഷ്' പ്രൂഫ് സംവിധാനമാണ്. നനഞ്ഞ കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ചാലും ടാബ്‌ലറ്റിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും ധൈര്യമായി ഇത് അടുക്കളയിലേക്ക് കൊണ്ടുപോകാമെന്നും സോണി ഉറപ്പുതരുന്നു. ടാബ്‌ലറ്റ് സ്‌ക്രീനിലെ പാചകക്കുറിപ്പ് നോക്കി പരീക്ഷണം നടത്തുന്ന വീട്ടമ്മമാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടും. 'വാട്ടര്‍ പ്രൂഫ്' എന്നല്ല സോണി പറഞ്ഞിരിക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കണമെന്നു മാത്രം. വെള്ളത്തുള്ളികള്‍ തെറിച്ചുവീണാല്‍ കുഴപ്പമില്ലെന്നു മാത്രമേ 'സ്പ്ലാഷ് പ്രൂഫ്' എന്നതിനര്‍ഥമുള്ളൂ. വെള്ളത്തിലേക്ക് ടാബ്‌ലറ്റ് വീണാല്‍ അതിന്റെ കാര്യം പോക്കാണെന്ന കാര്യം കട്ടായം.

ടാബ്‌ലറ്റിന്റെ കൂടെ നല്‍കുന്ന കവര്‍ കീബോര്‍ഡ് ആയി പ്രവര്‍ത്തിപ്പിക്കാമെന്ന് ആദ്യം കാട്ടിത്തന്നത് മൈക്രോസോഫ്റ്റിന്റെ 'സര്‍ഫസ്' ടാബാണ്. ആ സംവിധാനം സോണിയും എക്‌സ്പീരിയ എസില്‍ അനുകരിച്ചിട്ടുണ്ട്. 6000 എം.എ.എച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ ടാബില്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായ ഇന്റര്‍നെറ്റ് ബ്രൗസിങും 12 മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ കാണലും നടക്കുമെന്ന് സോണി അവകാശപ്പെടുന്നു.

ടാബ്‌ലറ്റ് വിപണിയില്‍ ഐപാഡിന്റെ തൊട്ടുപുറകിലെത്തുക എന്നതാണ് എക്‌സ്പീരിയ ടാബിന്റെ ലക്ഷ്യമെന്ന് സോണി കമ്പനി സമ്മതിക്കുന്നുണ്ട്. സപ്തംബര്‍ അവസാനത്തോടെ ലോകമെങ്ങും ഈ ടാബ്‌ലറ്റ് വില്‍പനയ്‌ക്കെത്തും. സാംസങ് ഗാലക്‌സി ടാബ്, ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍, ഗൂഗിള്‍ നെക്‌സസ് 7 തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ ഐപാഡിന്റെ പുറകില്‍ പരസ്പരം മത്സരിക്കുന്നത്. എക്‌സ്പീരിയ ടാബിന്റെ വരവോടെ ആ ശ്രേണിയിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടിയാകും.

എക്‌സ്പീരിയ എസ് ടാബ്‌ലറ്റിനൊപ്പം 'വയോ ടാപ്പ് 20' എന്ന പേരിലൊരു കമ്പ്യൂട്ടര്‍ മോഡലും സോണി അവതരിപ്പിച്ചിട്ടുണ്ട്. വിന്‍ഡോസ് 8 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പ് 20 ടച്ച്‌സ്‌ക്രീന്‍ മോഡലാണ്. ടാബ്‌ലറ്റ് ആയും ലാപ്‌ടോപ്പ് ആയും ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഈ മോഡലിന്റെ മേന്‍മ.
TAGS:


Stories in this Section