കൈവിലങ്ങുകളും സ്മാര്‍ട്ടാകുന്നു

Posted on: 16 Dec 2012


-സുജിത് കുമാര്‍
മൊട്ടുസൂചി മുതല്‍ വിമാനം വരെ എല്ലാം സ്മാര്‍ട്ടാകുന്ന ലോകത്ത്, എന്തിന് കൈവിലങ്ങുകള്‍ മാത്രം മാറിനില്‍ക്കണം! സ്മാര്‍ട്ട് കൈവിലങ്ങുകളും എത്തുകയാണ്. വിലങ്ങു പൊട്ടിച്ചോടുന്ന കുറ്റവാളികള്‍ സമീപഭാവിയില്‍ തന്നെ പഴങ്കഥയായേക്കാം.

ആക്‌സിലറോമീറ്റര്‍, ജി.പി.എസ്., ബയോമെട്രിക് സെന്‍സറുകള്‍, ക്യാമറ തുടങ്ങിയവ എല്ലാം സമ്മേളിപ്പിച്ച ഉഗ്രനൊരു സ്മാര്‍ട്ട് കൈവിലങ്ങിന്റെ വിദ്യയ്ക്ക് പേറ്റന്റ് നേടാനുള്ള അപേക്ഷ, അമേരിക്കന്‍ കമ്പനിയായ സ്‌കോട്ട്‌സ്‌ഡേല്‍ ഇന്‍വെന്‍ഷന്‍സ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.

ലോകത്തെമ്പാടുമുള്ള പല പോലീസ് സേനകളും ഉപയോഗിക്കുന്ന ഷോക്കടിപ്പിക്കും തോക്കുകളും ലാത്തികളും അവയുടെ ന്യൂനതകളുമാണ് ഇത്തരമൊരു വിലങ്ങ് വികസിപ്പിക്കാന്‍ പ്രചോദനമായതെന്ന് സ്‌കോട്ട്‌സ്‌ഡേല്‍ പറയുന്നു.

തങ്ങള്‍ വികസിപ്പിക്കുന്ന സ്മാര്‍ട്ട് വിലങ്ങണിഞ്ഞ കുറ്റവാളിയുടെ എല്ലാ ചലനങ്ങളും പോലീസ് ഉദ്യഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. രക്ഷപ്പെട്ടോടാന്‍ ശ്രമിക്കുന്ന അവസരത്തില്‍ മിതമായ അളവില്‍ ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കാനോ, മയക്കുമരുന്ന് സ്വയമേവ കുത്തിവയ്ക്കാനോ ഉള്ള സംവിധാനവും ഇത് വിഭാവനം ചെയ്യുന്നു.

ഇലക്ട്രിക് ലാത്തി, തോക്ക് തുടങ്ങിയവയിലേതുപോലെ, അപകടകരമല്ലാത്ത അളവിലുള്ള വൈദ്യുതിയായിരിക്കും സ്മാര്‍ട്ട് കൈവിലങ്ങില്‍നിന്നും പ്രവഹിക്കുക. കുറ്റവാളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഉപകരണം വിലങ്ങുമായി വയര്‍ലെസ് കണക്ഷന്‍ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.

കൈവിലങ്ങണിഞ്ഞിട്ടുള്ള കുറ്റവാളി, ഉദ്യോഗസ്ഥന്റെ പക്കലുള്ള ഉപകരണത്തിന്റെ പരിധിക്ക് പുറത്തുപോയാല്‍ ഉടന്‍ ആ വിവരം നിയന്ത്രണ ഉപകരണത്തിലെത്തും. മാത്രമല്ല പ്രോഗ്രാം ചെയ്തതിനനുസരിച്ച് കുറ്റവാളിയുടെ ചലനശേഷി നഷ്ടപ്പെടുത്താന്‍ വിലങ്ങിലെ ഇലക്ട്രിക്ക് ഷോക്ക് നല്‍കുന്ന ഇലക്ട്രോഡോ മരുന്നു സൂചിയോ പ്രവര്‍ത്തിക്കുകയും ചെയ്യും.


ഒരു ദാക്ഷിണ്യവുമില്ലാതെ വെറുതെ ഷോക്കടിപ്പിക്കുകയല്ല ചെയ്യുന്നത്. അവശ്യം വേണ്ട സുരക്ഷാ മുന്‍കരുതലുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിലങ്ങില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ കുറ്റവാളിയുടെ നാഡീസ്പന്ദനങ്ങള്‍ തത്സമയം വിശകലനം ചെയ്യുകയും, ഷോക്ക് നല്‍കുന്നത് പ്രസ്തുത വ്യക്തിയുടെ ജീവനെത്തന്നെ ബാധിക്കുന്ന ഘട്ടം വരുമ്പോള്‍ ഷോക്കിന്റെ തീവ്രത സ്വയമേവ കുറയ്ക്കുന്നു. മാത്രമല്ല കുറ്റവാളിയുടെ ആരോഗ്യനില നിയന്ത്രണ ഉപകരണത്തിലേക്ക് തല്‍സമയം എത്തിക്കുകയും ചെയ്യുന്നു.

നിയന്ത്രണ ഉപകരണത്തില്‍ നിന്നും വിലങ്ങ് പ്രവര്‍ത്തിക്കേണ്ട ചുരുങ്ങിയ ദൂരവും പരമാവധി ദൂരവും പ്രോഗ്രാം ചെയ്യാവുന്നതാണ്. അതായത് വിലങ്ങണിഞ്ഞ പ്രതി മുന്‍ നിശ്ചയിക്കപ്പെട്ട സുരക്ഷിത മേഖലയ്ക്കകത്തായിരുന്നാല്‍ അലാറം നിശബ്ദമായിരിക്കും.

ആ മേഖലയില്‍ നിന്നു പുറത്തുകടന്നാല്‍ ഷോക്ക് ലഭിക്കാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് വിലങ്ങു ധരിച്ചിരിക്കുന്നയാള്‍ക്ക് അലാറത്തിന്റെ രൂപത്തില്‍ ലഭിക്കുന്നതിനാല്‍, നിയന്ത്രണ ഉപകരണത്തിന്റെ പരിധിക്കകത്തേക്ക് തിരികെ വന്ന് ഷോക്ക് ഒഴിവാക്കാനാകും.

ഷോക്ക് മാത്രമല്ല ആവശ്യമായ സന്ദര്‍ഭത്തില്‍ മയക്കുമരുന്ന്, ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തുക്കള്‍ തുടങ്ങിയവ കുറ്റവാളിയിലേക്ക് വിദൂരനിയന്ത്രണത്തിലൂടെയോ സ്വയമേവയോ കുത്തിവെക്കാനുള്ള സംവിധാനവും ഈ സ്മാര്‍ട്ട് വിലങ്ങില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ സംവിധാനം കൈവിലങ്ങുകളില്‍ മാത്രമല്ല, ബെല്‍റ്റ്, നെക്ക്, കോളര്‍, ഹെല്‍മറ്റ് തുടങ്ങിയ എന്തിലും സന്നിവേശിപ്പിക്കാന്‍ കഴിയുമെന്ന് ഡവലപ്പര്‍മ്മാര്‍ അവകാശപ്പെടുന്നു.

പേറ്റന്റ് അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങളും അവകാശവാദങ്ങളും വിശ്വസിക്കാമെങ്കില്‍ ഇത്തരം സ്മാര്‍ട്ട് വിലങ്ങുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശരിക്കുമൊരു അനുഗ്രഹമായേക്കാം.


Stories in this Section